മുത്തൂറ്റ് ഫിനാന്‍സില്‍ എന്തുകൊണ്ട് തൊഴിലാളി സമരം; സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമിന് പറയാനുള്ളത്
തൊഴിലാളി സമരത്തെ തുടര്‍ന്ന് മുന്നൂറോളം ബ്രാഞ്ചുകള്‍ അടച്ചുപൂട്ടി കേരളം വിടുകയാണെന്ന മുത്തൂറ്റ് ഫിനാന്‍സിന്റെ വാദത്തില്‍ ദ ക്യുവിനോട് നയം വ്യക്തമാക്കി സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. മാനേജ്‌മെന്റുമായി ഏത് സമയത്തും സിഐടിയു ചര്‍ച്ചയ്ക്ക് തയ്യാറാണ്. തൊഴിലാളികള്‍ ജോലിയെടുക്കുന്ന സ്ഥാപനം പൂട്ടിപ്പോകരുതെന്ന് തന്നെയാണ് സംഘടന ആഗ്രഹിക്കുന്നത്. എന്നാല്‍ തൊഴിലാളി യൂണിയനെ അംഗീകരിക്കില്ലെന്ന ധിക്കാരമാണ് മാനേജ്‌മെന്റിന്റേത്. ഇത് അംഗീകരിക്കാനാകില്ലെന്നും എളമരം കരീം ദ ക്യുവിനോട് പറഞ്ഞു.
തൊഴിലാളികള്‍ക്കുള്ള ശമ്പളാനുകൂല്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ വ്യവസ്ഥ വേണമെന്നാണ് സംഘടന ആവശ്യപ്പെട്ടത്. സ്വന്തക്കാര്‍ക്ക് കൂട്ടിക്കൊടുക്കുകയും തങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തവര്‍ക്ക് കുറച്ചുകൊടുക്കുകയും ചെയ്യുന്ന ഫ്യൂഡല്‍ രീതി ശരിയല്ല. ജോലിയില്‍ പ്രവേശിക്കുന്നത് മുതല്‍ എത്രയാണ് ശമ്പളമെന്നും എന്തുമാത്രമാണ് ആനുകൂല്യങ്ങളെന്നും എത്രയായിരിക്കും ഇന്‍ക്രിമെന്റെന്നുമൊക്കെ വ്യക്തമാക്കണമെന്നാണ് സിഐടിയു ആവശ്യപ്പെട്ടത്. കൂടാതെ ജോലി സംബന്ധിച്ച് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ വേണമെന്നുമാണ് പറഞ്ഞത്. ജോലി സമയം എത്രയാണെന്നും വിശ്രമത്തിന് എത്രനേരമാണെന്നും ലീവ് എങ്ങിനെയാണെന്നുമൊക്കെ വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2640 കോടി രൂപയാണ് മുത്തൂറ്റിന്റെ ലാഭം. ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 546 കോടി രൂപയുമാണ് അറ്റാദായം. അങ്ങനെയുള്ള കമ്പനിയില്‍ ലാഭമുണ്ടാക്കാനായി പ്രയത്‌നിക്കുന്നവരാണ് തൊഴിലാളികള്‍. അവരുടെ പ്രശ്‌നങ്ങള്‍ക്ക് മാന്യമായ പരിഹാരമുണ്ടാക്കാന്‍ വൈമുഖ്യമെന്തിനെന്നും എളമരം ചോദിക്കുന്നു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഇപ്പോള്‍ നടപ്പാക്കാനാകില്ലെങ്കില്‍ എപ്പോള്‍ ചെയ്യാമെന്നെങ്കിലും കമ്പനിക്ക് പറയാമല്ലോയെന്നും എളമരം ചോദിക്കുന്നു.
ഓഗസ്റ്റ് 20 മുതലാണ് മുത്തൂറ്റ് ബ്രാഞ്ചുകളില്‍ പണിമുടക്ക് സമരം ആരംഭിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് നിയമപ്രകാരം 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കിയാണ് സമരം നടത്തുന്നത്. അനുരഞ്ജനത്തിന് മാനേജ്‌മെന്റിന് സമയം ലഭിക്കാനാണ് രണ്ടാഴ്ചത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കുന്നത്. എന്നാല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് അനുരഞ്ജന നീക്കങ്ങളൊന്നുമുണ്ടായില്ല. എന്നാല്‍ ട്രേഡ് യൂണിയന്‍ ആവശ്യപ്പെട്ട പ്രകാരം 17 ാം തിയ്യതി സ്റ്റേറ്റ് ലേബര്‍ കമ്മീഷണര്‍ മാനേജ്‌മെന്റിനെയും സമരക്കാരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. പക്ഷേ തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ തക്ക അധികാരമുള്ള ആരും കമ്പനിയുടെ ഭാഗത്തുനിന്ന് പങ്കെടുത്തില്ല. എംഡിയോട് ചോദിക്കാതെ ഒന്നും ചെയ്യാനാവില്ലെന്നാണ് ലേബര്‍ കമ്മീഷണര്‍ ചോദിക്കുന്ന കാര്യങ്ങളോട് പങ്കെടുത്തവര്‍ പ്രതികരിച്ചത്. ലേബര്‍ കമ്മീഷണറെ അത്തരത്തില്‍ അവഹേളിക്കുകയായിരുന്നു മാനേജ്‌മെന്റ്. ഈ സാഹചര്യത്തില്‍ പണിമുടക്ക് ആരംഭിക്കുകയല്ലാതെ പോംവഴിയുണ്ടായിരുന്നില്ല.
ഇതിന് പിന്നാലെ മുത്തൂറ്റ് ഹൈക്കോടതിയെ സമീപിച്ചു. സമരത്തില്‍ പങ്കെടുത്തവരൊന്നും അവിടെയുള്ളവരല്ലെന്നും ജീവനക്കാരില്‍ ഭൂരിപക്ഷവും പണിമുടക്കില്‍ ഇല്ലെന്നുമായിരുന്നു വാദം. സമരത്തിലുള്ളവരെന്ന് കാണിച്ച് നിരവധി പേരുകളടങ്ങിയ ലിസ്റ്റും സമര്‍പ്പിച്ചു. എന്നാല്‍ ആ ലിസ്റ്റിലുള്ളവരില്‍ ഭൂരിഭാഗവും അവിടെ ഇപ്പോള്‍ ജോലി ചെയ്യുന്നവരല്ലെന്ന് തൊഴിലാളി യൂണിയന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. മുന്‍പുണ്ടായിരുന്നവരുടെയും പിരിഞ്ഞുപോയവരുടെയും പേരുകള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അറിയിച്ചു. സമരം നടത്തുന്നവര്‍ തൊഴിലാളികളാണോയെന്നറിയാന്‍ ഒരു ഹിത പരിശോധനയ്ക്ക് തയ്യാറാണെന്നും യൂണിയന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയതാണ്. കൂടാതെ ട്രേഡ് യൂണിയന്‍ റെക്കഗനിഷന്‍ ആക്ട് പ്രകാരം തൊഴിലാളി സംഘടനയായി പ്രവര്‍ത്തിക്കാനുള്ള അംഗബലമില്ലെങ്കില്‍ പിരിച്ചുവിടാമെന്നും അറിയിച്ചു. എന്നാല്‍ ഈ ആവശ്യം മാനേജ്‌മെന്റ് സ്വീകരിച്ചില്ലെന്നും എളമരം കരീം വിശദീകരിക്കുന്നു.
പ്രശ്‌നപരിഹാരത്തിന് മീഡിയേഷന്‍ നടത്തിയാല്‍ സഹകരിക്കുമോയെന്ന് കോടതി ചോദിച്ചിരുന്നു. സഹകരിക്കാമെന്ന് ഇരുവിഭാഗവും വ്യക്തമാക്കി. വിഷയത്തില്‍ തിങ്കളാഴ്ച വിധി പറയാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ കോടതിയുടെ മധ്യസ്ഥത ആവശ്യമില്ലെന്നാണ് തിങ്കളാഴ്ച മുത്തൂറ്റ് മാനേജ്‌മെന്റ് അറിയിച്ചത്. അതായത് സമരത്തിനെതിരെ കോടതിയില്‍ പോയ മാനേജ്‌മെന്റ്, ജഡ്ജി മുന്നോട്ടുവെച്ച നിര്‍ദേശം പോലും അംഗീകരിച്ചില്ല. ശമ്പളാനുകൂല്യങ്ങള്‍ സംബന്ധിച്ച് കമ്പനിക്ക് താങ്ങാനാവാത്ത ഏതെങ്കിലും നിര്‍ദേശം വെച്ചതിന്റെ പേരില്ല, യൂണിയനെ അംഗീകരിക്കില്ലെന്ന മാനേജ്‌മെന്റ് നിലപാടാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരം. ഇന്‍ഡ്യന്‍ ട്രേഡ് യൂണിയന്‍ ആക്ട് പാര്‍ലമെന്റ് പാസാക്കിയതാണ്. അതനുസരിച്ച് തൊഴിലാളികള്‍ക്ക് യൂണിയന്‍ രൂപീകരിക്കാനും പ്രവര്‍ത്തിക്കാനും അവകാശമുണ്ട്. ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നത് സമ്മതിച്ചുകൊടുക്കാന്‍ തൊഴിലാളികള്‍ക്കാകില്ല. മുന്‍പ് തൊഴില്‍മന്ത്രിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. അതും പ്രാദേശികമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പുകളും പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായട്ടില്ല. ഇനിയും സിഐടിയു ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എളമരം കരീം അറിയിച്ചു.