സമീപ ദിവസങ്ങളിലുണ്ടായ മറ്റൊരു ഞെട്ടിക്കുന്ന വസ്തുത നിലവിലെ ദുരന്തസാഹചര്യത്തില്‍ പോലും കേരളത്തിന് പിന്തുണ നല്‍കുന്നത് വിലക്കി എന്നതാണ്. കേരളത്തിലേക്കുള്ള സഹായത്തെ പ്രോത്സാഹിപ്പിക്കില്ല, വേണമെങ്കില്‍ കേരളം കേന്ദ്രത്തോട് സഹായം ചോദിക്കട്ടെ എന്നുള്ളതാണ് വാദം.
രാജ്യത്ത് മാനവിക വിഷയങ്ങള്‍ പഠിക്കാനുള്ള ഏറ്റവും മികച്ച സ്ഥാപനമെന്ന് പേര് കേട്ട പൊതുവിദ്യാഭ്യാസ സ്ഥാപനമായ ടിസ്സിന്റെ (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ്) ഇന്നത്തെ അവസ്ഥ ആശങ്കയുയര്‍ത്തുന്നതാണ്. തീസിസ് പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം മാത്രം ബാക്കിയുള്ള പിഎസ്എഫ് നേതാവും എസ്എഫ്‌ഐ സെന്‍ട്രല്‍ കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗവുമായ രാമദാസ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത് സമീപ കാലയളവില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. വിദ്യാര്‍ഥികളെ നിശബ്ദമാക്കാന്‍ സംഘപരിവാര്‍ ഭരണകൂടം എല്ലാ സാധ്യതകളും ഉപയോഗിച്ച് സര്‍വകലാശാലകളില്‍ ഇടപെടല്‍ നടത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് പുരോഗമന -മതേതര-ജനാധിപത്യ വിദ്യാര്‍ഥി സംഘടനയായ പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് ഫോറത്തെ (പിഎസ്എഫ്) നിരോധിക്കാനുള്ള ടിസ്സ് അധികാരികളുടെ നീക്കം.
ബാലിശമായ കാരണങ്ങളും പുറത്താക്കലും
ഏപ്രിലിലാണ് ദളിത് ഗവേഷക വിദ്യാര്‍ഥിയായിരുന്ന രാമദാസിനെ യൂണിവേഴ്‌സിറ്റി സസ്പെന്‍ഡ് ചെയ്യുന്നത്. നിരോധനവും കാരണവും സംഘടനയെ നിരോധിക്കാനുള്ള കാരണങ്ങളായി അവതരിപ്പിച്ചിരിക്കുന്ന പല വരികളും വാക്കുകളും രാമദാസിനെ സസ്പെന്‍ഡ് ചെയ്തപ്പോള്‍ കണ്ട സര്‍ക്കുലറില്‍ ഉള്ളത് തന്നെയെന്നെന്ന് തോന്നുംവിധമാണുള്ളത്. ഒരു സുപ്രഭാതത്തില്‍ വന്ന നോട്ടിസില്‍ പറയുന്ന ഇല്ലീഗല്‍ ആക്ടിവിറ്റീസ് എന്നത് എന്താണെന്ന് പറയാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരേസമയം കൗതുകമുണര്‍ത്തുന്നതും ജനാധിപത്യ വിരുദ്ധവുമായ രണ്ട് കാരണങ്ങളാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ കാരണമായി പറയുന്നത്. ഒന്നാമത്തേത് ടിസ്സില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പുറത്തൊരു രാഷ്ട്രീയ പരിപാടിയില്‍ (16 പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ സംയുക്തമായി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച്) പങ്കെടുത്തു സംസാരിച്ചു എന്നതാണ്. സേവ് എഡ്യുക്കേഷന്‍, റിജെക്ട് എന്‍ഇപി, സേവ് ഇന്ത്യ, റിജെക്ട് ബിജെപി എന്നതായിരുന്നു സമരത്തിന്റെ മുദ്രാവാക്യം. ബിജെപിയേയും ആര്‍എസ്എസിനെയും പേരെടുത്ത് വിമര്‍ശിച്ചായിരുന്നു ബാക്കി പോസ്റ്ററുകളും എഴുത്തുകളുമുണ്ടായിരുന്നത്. ചെയര്‍മാന്‍, ചാന്‍സിലര്‍, വൈസ് ചാന്‍സിലര്‍ എന്നിങ്ങനെയാണ് ടിസ്സിലെ അധികാര സ്ഥാനങ്ങളുടെ ഓര്‍ഡര്‍. ഇതിലെ പ്രധാന കാര്യം യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ കേന്ദ്ര വിദ്യഭ്യാസ മന്ത്രിയായ ധര്‍മേന്ദ്ര പ്രധാന്‍ ആണെന്നുള്ളതുകൂടിയാണ്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രധാന പോളിസിയായ പുത്തന്‍ വിദ്യാഭ്യാസ നയത്തിനെതിരെ വ്യക്തമായ വിയോജിപ്പ് വിദ്യാര്‍ത്ഥികള്‍ക്കുണ്ടെന്നും എത്ര നിശബ്ദരാക്കിയാലും അത് ചര്‍ച്ചകളിലൂടെ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തിക്കുമെന്നതാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ച നിലപാട്.
രണ്ടാമത്തെ കാരണം ആനന്ദ് പട്‌വര്‍ദ്ധന്റെ 'റാം കെ നാം' കാണാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു എന്നതാണ്. നിരോധിക്കപ്പെട്ട ഡോക്യുമെന്ററി എന്നാണ് അവര്‍ സസ്പെന്‍ഷന്‍ തീരുമാനത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത്. റാം കെ നാം ഒരിക്കലും നിരോധിക്കപ്പെട്ട ഡോക്യുമെന്ററിയില്ല, ദേശീയ അവാര്‍ഡ് ലഭിച്ച വര്‍ക്ക് ആണത്. ജനാധിപത്യ വിശ്വാസികളായ എല്ലാവരും നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ക്രീയേറ്റിവിറ്റിയാണ് എന്നുള്ള തരത്തില്‍ വിദ്യാര്‍ഥികള്‍ അതിനെ എല്ലാ തരത്തിലും ശക്തമായി എതിര്‍ത്തു. ഇതിന് മുന്‍പ് ഇതേ കാമ്പസില്‍ സംവിധായകന്റെ കൂടി സാന്നിധ്യത്തില്‍ പ്രദര്‍ശനം നടന്നിട്ടുണ്ട് എന്ന വാദവും തെളിവും വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയിട്ട് പോലും അവ പരിഗണിക്കപ്പെടാതെയാണ് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ അധികാരികള്‍ പുറത്തിറക്കിയത്.
നിരോധിക്കാനുള്ള അവകാശമില്ല
യൂണിവേഴ്‌സിറ്റികള്‍ക്ക് ഒരു സംഘടനയെയും നിരോധിക്കാനുള്ള അവകാശമില്ല. സംഘടനാ പ്രവര്‍ത്തനം നിരോധിച്ചതായി നാട്ടിലെ പല കാമ്പസുകളിലും നാം കേട്ടിട്ടുണ്ട്. അത് സവിശേഷ സാഹചര്യങ്ങള്‍, സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കോടതികള്‍ വഴി നേടിയെടുക്കുന്നതാകാം. അപ്പോള്‍ പോലും കാമ്പസ് പരിധിക്കുള്ളില്‍ പ്രവര്‍ത്തനം പാടില്ല എന്നുള്ളതാണ് നിബന്ധന. ഒരു സംഘടനയെ നിരോധിക്കാനുള്ള അവകാശം സര്‍ക്കാരുകള്‍ക്കാണ്. യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ ( യുജിസി) വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുറത്തിറക്കിയിരിക്കുന്ന ''ഗൈഡ്ലൈന്‍സ് ഫോര്‍ സ്റ്റുഡന്റ്സ് എന്‍ടൈറ്റില്‍മെന്റ്സ് ഇന്‍ യൂണിവേഴ്സിറ്റീസ്'' പോലും പറയുന്നത് വിദ്യാര്‍ഥികള്‍ക്ക് കാമ്പസിനുള്ളില്‍ പരിപാടികള്‍ നടത്താന്‍ അവകാശമുണ്ടെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുക എന്നതാണ് അധികാരികള്‍ ചെയ്യാനുള്ളത് എന്നുമാണ്. ക്ലാസ്സ്മുറി, മൈക്ക്, ബെഞ്ച്, ഇതര വസ്തുക്കള്‍ വിട്ടുനല്‍കുക അല്ലെങ്കില്‍ വിദ്യാര്‍ഥികളെ അവ ഉപയോഗിക്കാന്‍ അനുവദിക്കുക എന്നതാണ് ഇതിലെ സഹായമെന്നത് ഉദ്ദേശിക്കുന്നത്. അഭിപ്രായങ്ങള്‍, വിഭിന്നാഭിപ്രായങ്ങള്‍, ചര്‍ച്ചകള്‍ തുടങ്ങിയ പ്രോത്സാഹിപ്പിക്കാനാണ് ഇങ്ങനെയൊരു ഗൈഡ്ലൈന്‍ തന്നെയുള്ളത്. പിഎസ്എഫിനെ നിരോധിക്കുന്ന ഓര്‍ഡറില്‍ യൂണിവേഴ്സിറ്റി പറയുന്നത് ക്യാമ്പസിന് ഉള്ളിലും പുറത്തും പ്രവര്‍ത്തനങ്ങള്‍ പാടില്ല എന്നുള്ളതാണ്. അതായത് യുജിസിക്ക് പോലും എതിരാണ് തീരുമാനം. ഏഴ് വിദ്യാര്‍ത്ഥി സംഘടനകളുടെ സജീവ പ്രവര്‍ത്തനം നിലവില്‍ കാമ്പസിലുണ്ട്. അസോസിയേഷനും യൂണിയനുകളും രൂപപ്പെടുത്തി കഴിഞ്ഞാല്‍ അംഗീകാരം കൊടുക്കുക എന്നതാണ് യൂണിവേഴ്സിറ്റിക്ക് ചെയ്യാനുള്ളത്. ഇനിയിപ്പോള്‍ ഏതേലും സംഘടന എന്തേലും തരത്തില്‍ ക്രമക്കേടുകളും ഭീകരാന്തരീക്ഷവും സൃഷിടിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ അതിന്റെ അംഗീകാരം കളയാനുമാകും. അതായത് മുന്‍പ് പറഞ്ഞ റിസോഴ്സുകള്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്ത് നിന്ന് ലഭ്യമാകില്ല എന്നതാണ് ഏക കാര്യം. എന്നാല്‍ നിലവില്‍ വന്നിരിക്കുന്ന ഓര്‍ഡറില്‍ നിലനില്‍ക്കുന്നത് സാമൂഹിക ബഹിഷ്‌ക്കരണത്തിന്റെ രീതിയാണ്. പിഎസ്എഫ് അംഗങ്ങളോട് ഏതേലും തരത്തില്‍ നോണ്‍അക്കാദമിക്ക് വിഷയങ്ങള്‍ അധ്യാപകരോ വിദ്യാര്‍ഥികളോ സംസാരിച്ചാല്‍ അവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നത് ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്തതും അപകടരവുമായ അവസ്ഥയാണ്. സമാന സാഹചര്യമായി പരിഗണിക്കാനാകുന്നത് 2015ല്‍ നടന്ന ഐഐടി മദ്രാസിലെ കേസാണ്. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ എന്ന സംഘടന മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോര്‍സ് ഡവലപ്‌മെന്റ് (എംഎച്ച്ആര്‍ഡി)ന് എതിരെ നിലപാട് സ്വീകരിച്ചതിന് അംഗീകാരം എടുത്ത് കളഞ്ഞിരുന്നു. അപ്പോഴും അവര്‍ക്ക് നിരോധനമില്ല എന്നത് ഓര്‍ക്കണം.
പുറത്തുവരുന്ന കേരള വിരുദ്ധത
സമീപ ദിവസങ്ങളിലുണ്ടായ മറ്റൊരു ഞെട്ടിക്കുന്ന വസ്തുത നിലവിലെ ദുരന്തസാഹചര്യത്തില്‍ പോലും കേരളത്തിന് പിന്തുണ നല്‍കുന്നത് വിലക്കി എന്നതാണ്. വയനാട് ഉരുള്‍പൊട്ടലില്‍ കൈത്താങ്ങാകാന്‍ വിദ്യാര്‍ഥികള്‍ സിഎംഡിആര്‍എഫ് ക്യൂആര്‍ കോഡുമായി ക്യാമ്പയിന്‍ എടുത്തിരുന്നു. പല വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ദുരന്തം സംഭവിച്ചപ്പോഴെല്ലാം വിദ്യാര്‍ഥികള്‍ സര്‍വീസുമായി രംഗത്ത് വന്നിരുന്നു. അതാണ് യൂണിവേഴ്‌സിറ്റിയുടെ രാഷ്ട്രീയവും സൗന്ദര്യവും. എന്നാല്‍ ഇത്തവണ അത് അധികാരികള്‍ വിലക്കി. മലയാളികള്‍ എന്ന നിലയിലാണ് ക്യാമ്പയിന്‍ നടത്തിയത്. അതില്‍ അംഗങ്ങളായ പിഎസ്എഫ് പ്രവര്‍ത്തകരെയും സാധാരണ വിദ്യാര്‍ഥികളെയും അധികാരികള്‍ ഭീഷണിപ്പെടുത്തി. കേരളത്തിലേക്കുള്ള സഹായത്തെ പ്രോത്സാഹിപ്പിക്കില്ല, വേണമെങ്കില്‍ കേരളം കേന്ദ്രത്തോട് സഹായം ചോദിക്കട്ടെ എന്നുള്ളതാണ് വാദം. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ അനുവാദം വേണമെന്നൊക്കെയുള്ള ആര് കേട്ടാലും പരിഹസിക്കും വിധമുള്ള ന്യായമാണ് അധികാരികള്‍ ഗൗരവമായി പറയുന്നതെന്നും അപരവിദ്വേഷമാണ് ഇതിലൂടെ മുന്നോട്ട് വെക്കുന്നതെന്നും ഭീഷണി നേരിട്ട വിദ്യാര്‍ത്ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു.
പിഎസ്എഫ് സമര ഇടപെടലുകള്‍
2012 മുതല്‍ പിഎസ്എഫ് സജീവമായി കാമ്പസിലുണ്ട്. നിരവധിയായ സമരനേട്ടങ്ങള്‍ സംഘടനയ്ക്ക് കൈവരിക്കാനായിട്ടുണ്ട്. സോഷ്യല്‍ ജസ്റ്റിസുമായി ബന്ധപ്പെട്ട് നീണ്ട സമരം കാമ്പസില്‍ നടന്നു. എസ്സി എസ്ടി വിദ്യാര്‍ഥികളുടെ ഫീസ് വിഷയത്തില്‍ 2018 വര്‍ഷത്തില്‍ പിഎസ്എഫിന്റെ കൂടി പങ്കാളിത്തത്തില്‍ നടത്തപ്പെട്ട ഐക്യമുന്നണി സമരം രാജ്യമാകെ ശ്രദ്ധിച്ചു. കോവിഡിന് ശേഷം എല്ലാ യൂണിവേഴ്സിറ്റികളും തുറന്നപ്പോഴും ടിസ്സ് തുറന്നില്ല. സമരം നടത്തിയാണ് കാമ്പസില്‍ ക്ലാസ് ആരംഭിച്ചത്. ഫീസുമായി ബന്ധപ്പെട്ട എല്ലാക്കൊല്ലവും സമരം നടക്കാറുണ്ട്. ജന്‍ഡര്‍ ജസ്റ്റിസ് വിഷയങ്ങളില്‍ സംഘടനാ ഇടപെടല്‍ ശക്തമാണ്.ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ ഉള്ള ഇന്റേര്‍ണല്‍ കംപ്ലയിന്റ് കമ്മിറ്റിയെ അകാരണമായി പിരിച്ചുവിട്ട ശേഷം ആ കമ്മിറ്റി കുറ്റക്കാരനായി കണ്ടെത്തിയ ആളെ ഉള്‍പ്പെടുത്തി പുതിയ കമ്മിറ്റി സ്ഥാപിച്ചു. പിഎസ്എഫ് പ്രതിഷേധിച്ചപ്പോഴാണ് മാര്‍ച്ച് മാസം അയാളെ മാറ്റുന്നത്. ലൈംഗികാതിക്രമ കേസുകളില്‍ യൂണിവേഴ്‌സിറ്റി ഇടപെട്ട് ഒത്തുതീര്‍ക്കുന്നതിനെ ഹൈക്കോടതി വരെ വിമര്‍ശിച്ചു. ജൂണ്‍ 29 ന് അധ്യാപകരും അനധ്യാപകരും അടക്കം 119 പേരെ രണ്ട് ദിവസത്തെ നോട്ടീസ് പിരീഡില്‍ പുറത്താക്കാന്‍ ഓര്‍ഡര്‍ ഇറക്കി. ഫണ്ട് ഇല്ല എന്നതാണ് പറഞ്ഞ കാരണം. അതിനെതിരെ സമരം നടത്തിയതും ചര്‍ച്ചയാക്കിയതും പിഎസ്എഫ് ആണ്. അവസാനം ടാറ്റയ്ക്ക് നാണക്കേടാകുന്ന അവസ്ഥ എത്തിയപ്പോഴാണ് അവര്‍ ഇടപെട്ട് പണം മുടക്കി ആറു മാസത്തെക്ക് കാലാവധി നീട്ടിയത്. 68 അധ്യാപകരും ബാക്കി അനധ്യാപകരും ഇതിലുള്‍പ്പെടുന്നു. ടീച്ചേര്‍സ് അസോസിയേഷനുള്‍പ്പടെ ഇതിനെതിരെ രംഗത്ത് വന്നു. പിഎസ്എഫ് ഈ വിഷയത്തില്‍ സജീവമായി ഇടപെടലാണ് നടത്തിയത്.
ഒഴിവാക്കപ്പെടുന്ന അക്കാദമിക് ബോഡികള്‍
വിദ്യാര്‍ഥി പങ്കാളിത്തം ഉണ്ടാകേണ്ട എല്ലാ ഇടങ്ങളില്‍ നിന്നും യൂണിവേഴ്‌സിറ്റി തന്ത്രപരമായി വിദ്യാര്‍ഥികളെ ഒഴിവാക്കിയിരിക്കുന്നു. ഇന്റേര്‍ണല്‍ ക്വാളിറ്റി അസെസ്‌മെന്റ് സെല്‍, ഗ്രീവന്‍സ് സെല്‍, അക്കാദമിക് കൗണ്‍സില്‍, ജന്‍ഡര്‍ കമ്മിറ്റി തുടങ്ങിയ ചെറുതും വലുതുമായ എല്ലായിടങ്ങളില്‍നിന്നും വിദ്യാര്‍ഥികളെ തഴഞ്ഞു കഴിഞ്ഞു. ഗവേര്‍ണിംഗ് ബോഡി കഴിഞ്ഞാല്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് അക്കാദമിക് കൗണ്‍സില്‍. യൂണിയന്‍ സെക്രട്ടറി, പ്രസിഡന്റ് അവിടെ ഉണ്ടാകേണ്ടതാണ്. സ്‌കൂള്‍ ബോര്‍ഡ്സിന്റെ കാര്യവും വിഭിന്നമല്ല. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഹെല്‍ത്ത് സ്റ്റഡീസ് സ്‌കൂള്‍ ബോര്‍ഡ് ഇലക്ഷനില്‍ പിഎസ്എഫ് സ്ഥാനാര്‍ഥി മത്സരിച്ച് ജയിച്ച സ്ഥാനത്ത് മത്സരിക്കാന്‍ യോഗ്യത പോലുമില്ലാതെ ഒഴിവാക്കപ്പെട്ട എബിവിപിക്കാരനെ നോമിനേറ്റ് ചെയ്യപ്പെടുന്ന അവസ്ഥ വരെ അരങ്ങേറി. പി എസ് എഫ് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായാണ് അത് പിന്‍വലിച്ചത്. സ്‌കൂള്‍ ഡീനും പ്രൊ വിസിയും വിസിയും ഇത്തരത്തിലാണ് പെരുമാറുന്നത്. അന്ന് ഈ ക്രമക്കേട് നടത്തിയ ഡീനാണ് ഇന്ന് പ്രൊ വൈസ് ചാന്‍സിലര്‍. ഏപ്രില്‍ അവസാനം രാമദാസിനെ സസ്പെന്‍ഡ് ചെയ്തതിന് ശേഷം മെയ് തുടക്കത്തില്‍ നടന്നത് യൂണിയന്‍ പിരിച്ചുവിടലാണ്. അനധികൃതമായി നിയമിച്ച കമ്മിറ്റിയാണ് ഇതെല്ലാം ചെയ്യുന്നത്. ടിസ്സ് എന്നത് ഒറ്റ സംസ്ഥാനത്തുള്ള യൂണിവേഴ്‌സിറ്റി അല്ല. മുംബൈ കൂടാതെ തെലങ്കാനയില്‍ ഹൈദരാബാദും അസമില്‍ ഗുഹാവട്ടിയിലും, മഹാരാഷ്ട്രയില്‍ തന്നെ തുള്‍ജാപ്പൂര്‍ എന്നിവിടങ്ങളിലും യൂണിവേഴ്സിറ്റിക്ക് കാമ്പസുകളുണ്ട്. എല്ലായിടത്തുമുള്ള സ്റ്റുഡന്റ് കൗണ്‍സിലുകള്‍ സമാനമായ രീതിയില്‍ പിരിച്ചുവിടപ്പെട്ടു. ഇന്ത്യന്‍ പൊതുവിദ്യഭ്യാസ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള ഇത്തരം വിദ്യാര്‍ത്ഥി വിരുദ്ധനടപടികള്‍ക്ക് എതിരെ കൂടിയാണ് നിലവില്‍ യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പ്രതിഷേധം.