നീറ്റ് യുജി പുനഃപരീക്ഷയെഴുതാന്‍ എത്തിയത് 813 പേര്‍ മാത്രം; 63 വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്തു

Neet
Neet
Published on

ഇന്ന് നടത്തിയ നീറ്റ് യുജി പുനഃപരീക്ഷ എഴുതാന്‍ എത്തിയത് 813 വിദ്യാര്‍ത്ഥികള്‍ മാത്രം. ഗ്രേസ് മാര്‍ക്ക് കിട്ടിയ 1563 പേര്‍ക്കു വേണ്ടിയാണ് പുനഃപരീക്ഷ നടത്തിയത്. ചണ്ഡീഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. ഏഴ് പരീക്ഷാ കേന്ദ്രങ്ങളായിരുന്നു ഏര്‍പ്പെടുത്തിയത്. മെയ് 5ന് പരീക്ഷ ആരംഭിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് സമയനഷ്ടം പരിഹരിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയ കേന്ദ്രങ്ങളാണ് ഇവ. സുപ്രീം കോടതി നിര്‍ദേശ പ്രകാരമാണ് പുനഃപരീക്ഷ നടത്തിയത്.

ഹരിയാനയിലെ ജജ്ജറിലായിരുന്നു രണ്ട് കേന്ദ്രങ്ങള്‍. 494 വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ പരീക്ഷ എഴുതേണ്ടത്. ഇവരില്‍ 287 പേര്‍ മാത്രമേ എത്തിയുള്ളു. 63 പേരെ ഡീബാര്‍ ചെയ്തതായും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ബിഹാറില്‍ നിന്ന് 17 വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കി. ഗോധ്രയിലെ പരീക്ഷാ കേന്ദ്രങ്ങളില്‍ ക്രമക്കേട് നടത്തിയ 30 വിദ്യാര്‍ത്ഥികളെയും അയോഗ്യരാക്കിയിട്ടുണ്ട്.

പരീക്ഷാ ക്രമക്കേടുകളെത്തുടര്‍ന്ന് ഇന്ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന നീറ്റ് പിജി പരീക്ഷയും മാറ്റിവെച്ചിരുന്നു. യുജിസി-നെറ്റ്, സിഎസ്‌ഐആര്‍-നെറ്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ യുജിസി-നെറ്റ് പരീക്ഷ ഇതേത്തുടര്‍ന്ന് ബുധനാഴ്ച റദ്ദാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിനു പിന്നാലെയാണ് സിഎസ്‌ഐആര്‍-നെറ്റ് പരീക്ഷയും മാറ്റിയത്.

Related Stories

No stories found.
logo
The Cue
www.thecue.in