കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ വിക്ടേഴ്‌സ് ചാനലിലൂടെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ക്ലാസെടുത്ത അധ്യാപികമാരെ അധിക്ഷേപിക്കുന്നതും സൈബര്‍ ബുള്ളിയിംഗ് നടത്തുന്നതുമായ ട്രോളുകള്‍ക്കും പ്രചരണങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് പൊലീസ്.
കൊച്ചുകുട്ടികള്‍ക്ക് കാണുന്നതിനായി 'ഫസ്റ്റ് ബെല്ലില്‍ ' അവതരിപ്പിച്ച വീഡിയോകള്‍ പോലും സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് ( നിര്‍ദ്ദോശമായ ട്രോളുകള്‍ക്കപ്പുറം) സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടു. ഇത് അത്യന്തം വേദനാജനകമാണ്. ഇതിനെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവും.
കെ. അന്‍വര്‍ സാദത്ത് സി.ഇ.ഒ , കൈറ്റ് വിക്ടേഴ്‌സ്
അധ്യാപികമാരുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിക്കുകയും വാട്‌സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കുകയും ചെയ്തതും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ അപ് ലോഡ് ചെയ്തപ്പോള്‍ യൂട്യൂബ് കമന്റ് ബോക്‌സിലും ചിലര്‍ അശ്ലീല പ്രതികരണവുമായി എത്തിയിരുന്നു.
അധ്യാപികമാരെ പരിഹസിച്ചും സൈബര്‍ ബുള്ളിയിംഗ് നടത്തിയും പ്രചരണം നടത്തുന്നവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പലരും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ നിയമനടപടികളുമായി കൈറ്റ് വിക്ടേഴ്‌സ് മുന്നോട്ടു പോവുംമെന്ന് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.