സിഎസ്‌ഐആര്‍ യുജിസി നെറ്റ് പരീക്ഷയും മാറ്റി; ഒഴിവാക്കാനാകാത്ത സാഹചര്യങ്ങള്‍ മൂലമെന്ന് എന്‍ടിഎ

Net
Net
Published on

യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ മാറ്റിവെച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. ജൂണ്‍ 25 മുതല്‍ 27 വരെ നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചതായി എന്‍ടിഎ അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക് പ്രശ്‌നങ്ങളും മൂലമാണ് നടപടിയെന്നാണ് വിശദീകരണം. പുതുക്കിയ പരീക്ഷാത്തിയതി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പിന്നീട് അറിയിക്കും. നീറ്റ് പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചോദ്യപേപ്പര്‍ ചോര്‍ച്ച മൂലം യുജിസി-നെറ്റ് പരീക്ഷയും ബിഎഡ് പ്രോഗ്രാമിലേക്ക് നടത്തിയ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റും റദ്ദാക്കുകയും ചെയ്തതിനു ശേഷമാണ് സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ അനിശ്ചിതമായി മാറ്റിയിരിക്കുന്നത്.

ചൊവ്വാഴ്ച നടന്ന യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയതായി ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ചോദ്യ പേപ്പറുകള്‍ ഡാര്‍ക്ക് നെറ്റിലൂടെയും ടെലിഗ്രാമിലൂടെയും വില്‍പന നടന്നുവെന്നാണ് കണ്ടെത്തിയത്. ആറു ലക്ഷം രൂപ വരെ ചോദ്യപേപ്പറുകള്‍ക്ക് വിലയിട്ടിരുന്നു. ചില കോച്ചിംഗ് സെന്ററുകള്‍ക്ക് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് സിബിഐ അന്വേഷണം വ്യാപിപ്പിക്കും.

11.21 ലക്ഷം പേരാണ് രാജ്യമൊട്ടാകെയുള്ള 1205 കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയത്. നെറ്റ് പരീക്ഷ കൂടി റദ്ദാക്കപ്പെട്ടതോടെ എന്‍ടിഎയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. പരീക്ഷയില്‍ ക്രമക്കേട് നടന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യന്‍ സൈബര്‍ ക്രൈം കോഓര്‍ഡിനേഷന്‍ സെന്ററിനു കീഴിലുള്ള നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in