‘അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് വിളിക്കരുത് ,അനുമതിയില്ലാതെ യാത്ര പാടില്ല’ ഉത്തരവുമായി മദ്രാസ് സര്‍വ്വകലാശാല
അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് വിളിക്കരുതെന്ന് മദ്രാസ് സര്‍വ്വകലാശാലയുടെ സര്‍ക്കുലര്‍. ലെംഗിക ചൂഷണം തടയാനാണിതെന്നാണ് വിശദീകരണം. അനിവാര്യമായി വന്നാല്‍ യൂണിവേഴ്‌സിറ്റി അധികൃതരുടെ പ്രത്യേക അനുമതിയോടെയേ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ വീടുകളിലോ മറ്റിടങ്ങളിലോ പോകുകയോ ഒപ്പം തങ്ങുകയോ ചെയ്യാവൂ എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അധ്യാപകര്‍ക്കൊപ്പം എവിടെ പോകുന്നതിനും വിദ്യാര്‍ത്ഥികള്‍ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. എല്ലാ കരത്തിലുള്ള ലൈംഗിക ചൂഷണവും തടയുകയാണ് ലക്ഷ്യമെന്ന് സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു. വിദ്യ അഭ്യസിക്കാനുളള കേന്ദ്രമാണ് ക്യാംപസുകളെന്നും ഇവിടെ ഒരു തരത്തിലുള്ള ലൈംഗിക ചൂഷണവും അനുവദിക്കാനാകില്ലെന്നും രജിസ്ട്രാര്‍ പുറത്തിറക്കിയ ഉത്തരവിലുണ്ട്.
ലൈംഗിക ചൂഷണമുണ്ടായാല്‍ വൈസ് ചാന്‍സലറെയോ ഇന്റേണല്‍ ഇന്റേണല്‍ കംപ്ലെയ്ന്റ്‌സ് അതോറിറ്റിയേയോ സമീപിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. പരാതികളുണ്ടായാല്‍ കര്‍ശന നടപടികളുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ടൂറിനിടെ ആര്‍ രവീണ്‍, സാമുവല്‍ ടെന്നിസണ്‍ എന്നീ അദ്ധ്യാപകര്‍ തങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ച് തീര്‍ത്തും മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് 50 ഓളം വിദ്യാര്‍ത്ഥിനികള്‍ 2019 ഏപ്രിലില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ ആദ്യമായുണ്ടായ സംഭവമല്ലേയെന്ന് പറഞ്ഞ് വകുപ്പ് മേധാവി വിദ്യാര്‍ത്ഥികളുടെ പരാതി തള്ളി. ശേഷം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ ആഭ്യന്തര പരാതി സെല്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് രണ്ട് അധ്യാപകരും കുറ്റക്കാരെന്ന് കണ്ടെത്തി കഴിഞ്ഞമാസം അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലറെന്നാണ് സൂചന. എന്നാല്‍ ഉത്തരവിനെതിരെ ഒരു വിഭാഗം പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും രംഗത്തെത്തിയിട്ടുണ്ട്. അധ്യാപക-വിദ്യാര്‍ത്ഥി ബന്ധത്തെ മോശമായി ചിത്രീകരിക്കുകയാണ് സര്‍ക്കുലറെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ലൈംഗിക ചൂഷണത്തെ എങ്ങനെ നേരിടണമെന്ന് യുജിസി മാന്വലില്‍ വ്യക്തമാക്കിയിരിക്കുന്നത് വായിച്ചാല്‍ ഇത്തരമൊരു സര്‍ക്കുലറുമായി സര്‍വ്വകലാശാല രംഗത്തുവരില്ലായിരുന്നുവെന്ന് ഒരു മുതിര്‍ന്ന പ്രൊഫസര്‍ പ്രതികരിച്ചു. പരാതികള്‍ ഉണ്ടായാല്‍ ഉടന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന സുതാര്യമായ സംവിധാനമാണ് വേണ്ടതെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകള്‍.