പുതിയ പള്ളിക്ക് ബാബറിന്റ പേര് അനുവദിക്കരുതെന്ന് കേന്ദ്രത്തോട് വിശ്വ ഹിന്ദു പരിഷത്ത് ; ‘നല്ല മുസ്ലിങ്ങളുടെ’ പേരിടണമെന്നും വാദം
അയോധ്യയില്‍ ഏറ്റെടുത്ത് നല്‍കുന്ന അഞ്ചേക്കറില്‍ നിര്‍മ്മിക്കുന്ന പുതിയ പള്ളിക്ക് ബാബറിന്റെ പേര് അനുവദിക്കരുതെന്ന വിദ്വേഷ വാദവുമായി വിശ്വ ഹിന്ദു പരിഷത്ത്. കേന്ദ്രസര്‍ക്കാരിനോടാണ് വിഎച്ച്പി ഇക്കാര്യം ആവശ്യപ്പെട്ടത്. വിദേശത്തുനിന്ന് എത്തിയ ആക്രമണകാരിയാണ് ബാബര്‍. ഇന്ത്യയില്‍ നിരവധി നല്ല മുസ്ലിങ്ങളുണ്ട്. വിര്‍ അബ്ദുള്‍ ഹമീദ്. അഷ്ഫാഖുള്ള ഖാന്‍, മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം തുടങ്ങിയവര്‍ രാജ്യത്തിന്റെ സമാധാനത്തിനും വികസനത്തിനും ഏറെ സംഭാവനകള്‍ നല്‍കിയവരാണ്. പുതിയ പള്ളി ഇവരിലാരുടെയെങ്കിലും നാമധേയത്തിലായിരിക്കണമെന്ന് വിഎച്ച്പി വക്താവ് ശരദ് ശര്‍മ വാദിച്ചു.
രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള ശിലകള്‍ സൂക്ഷിച്ചിരിക്കുന്ന രാമ ജന്‍മഭൂമി ന്യാസ് കാര്യശാലയുടെ നടത്തിപ്പുകാരനാണ് ശരദ് ശര്‍മ. അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ രൂപീകരിക്കുന്ന ട്രസ്റ്റില്‍ ആഭ്യന്തരമന്ത്രിയും ബിജെപി അദ്ധ്യക്ഷനുമായ അമിത് ഷായുടെ സാന്നിധ്യമുണ്ടാകണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
അതേസമയം, പള്ളിക്ക് എന്ത് പേരിടണമെന്നല്ല ഇപ്പോഴത്തെ പ്രധാന വിഷയമെന്നായിരുന്നു ഹര്‍ജിക്കാരിലൊരാളായ ഇക്ബാല്‍ അന്‍സാരിയുടെ പ്രതികരണം. അഞ്ചേക്കര്‍ ഭൂമി ഏറ്റെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ സമവായമാണ് ആദ്യം വേണ്ടത്. പള്ളി ഏതെങ്കിലും ഭരണാധികാരിയുടെ പേരിലോ പ്രശസ്തിയിലോ അല്ല നിലനില്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഒരുകാര്യം ഉറപ്പുനല്‍കാനാകും. യാതൊരു പ്രശ്‌നവുമില്ലാതെ അന്തസ്സോടെ തന്നെ ഞങ്ങള്‍ ഹിന്ദുക്കളോടൊത്ത് ജീവിക്കും. സമാധാനം തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം