അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ചേരി നിവാസികളെ കുടിയൊഴിപ്പിക്കുന്നു. ഫെബ്രുവരി 24ന് ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്ന അഹമ്മദാബാദിലെ മോട്ടേറ സ്റ്റേഡിയത്തിന്റെ സമീപത്തെ ചേരിയില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയെന്ന് 'ഇന്ത്യന്‍ എക്‌സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ചേരികള്‍ മറയ്ക്കാന്‍ മതിലുകള്‍ പണിയുന്നതിന് പിന്നാലെയാണ് അടുത്ത നടപടി.
ചേരിയിലെ 45 കുടുംബങ്ങള്‍ക്കാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി താമസിച്ചു പോരുന്ന ഇടത്തുനിന്നാണ് കോര്‍പ്പറേഷന്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതെന്ന് നിര്‍മാണ തൊഴിലാളികളായ ചേരിനിവാസികള്‍ പറയുന്നു. എന്നാല്‍ 'നമസ്‌തേ ട്രംപ്' എന്ന പരിപാടിയുമായി ഒഴിപ്പിക്കലിന് ബന്ധമില്ലെന്നാണ് കോര്‍പ്പറേഷന്‍ വാദം.
ഏഴ് ദിവസത്തിനുള്ളില്‍ ഒഴിഞ്ഞു പോകണമെന്നാവശ്യപ്പെട്ടു കൊണ്ട് നല്‍കിയ നോട്ടീസില്‍ ഫെബ്രുവരി 11 എന്നാണ് തീയ്യതി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നോട്ടീസ് നല്‍കിയതാകട്ടെ 17-ാം തീയ്യതിയുമാണ്. ഇത് ചോദ്യം ചെയ്തപ്പോള്‍ നോട്ടീസ് പുറപ്പെടുവിക്കുന്ന അന്ന് തന്നെ കൊടുക്കാന്‍ കഴിയില്ലെന്നാണ് കോര്‍പ്പറേഷന്റെ ന്യായം. എന്നാല്‍ നോട്ടീസ് പ്രകാരം ചേരി ഒഴിയേണ്ട അവസാന തീയ്യതി ഇന്നാണ്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മോട്ടേറ സ്റ്റേഡിയത്തിന് 1.5 കിലോമീറ്റര്‍ പരിധിയിലാണ് ഈ ചേരി. 64 കുടുംബങ്ങളവിടെയുണ്ട് ഇതില്‍ ഇതില്‍ 45 കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിലും നാലോ അതിലധികമോ അംഗങ്ങളുണ്ട്. 200ഓളം പേരാണ് ഇവിടെയുള്ളത്. ശരാശരി 300 രൂപ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗവും.
ചേരിയില്‍ നിന്ന് എത്രയും പെട്ടന്ന് ഒഴിഞ്ഞു പോകാന്‍ കോര്‍പ്പറേഷന്‍ നോട്ടീസിനൊപ്പം വ്യക്തമാക്കിയെന്ന് ചേരിനിവാസികള്‍ പറഞ്ഞു. ട്രംപ് വരുന്നത് കൊണ്ടാണ് ഒഴിയാന്‍ പറയുന്നതെന്നും എങ്ങോട്ടെങ്കിലും പോകാനുമാണ് നോട്ടീസ് നല്‍കിയ അധികൃതര്‍ പറഞ്ഞെന്നും ചേരി നിവാസികള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
ചേരി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോര്‍പറേഷന്റെ നഗരാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് ചേരി സ്ഥിതിചെയ്യുന്നതെന്നും ചേരിനിവാസികള്‍ അവിടെ അതിക്രമിച്ചു കടന്ന് താമസമുറപ്പിച്ചതാണെന്നുമാണ് കോര്‍പറേഷന്റെ നിലപാട്.
ട്രംപ് സഞ്ചരിക്കുന്ന വഴിയരികിലെ ചേരിക്ക് മുന്നില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏഴടിയോളം ഉയരമുള്ള മതില്‍ പണിയുന്നുണ്ട്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഇന്ദിരാ ബ്രിഡ്ജും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന് വശത്തുള്ള ചേരിയാണ് മതില്‍ കെട്ടി മറയ്ക്കുന്നത്.