പൊലീസുകാരെ തോളിലേറ്റി മധുരം നല്‍കി ആഹ്ലാദ പ്രകടനം ; ഹൈദരാബാദ് പ്രതികളെ വെടിവെച്ച് കൊന്നതില്‍ ആള്‍ക്കൂട്ട ആഘോഷം
ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിലെ 4 പ്രതികളെയും പൊലീസ് വെടിവെച്ചുകൊന്നതില്‍ ആള്‍ക്കൂട്ട ആഘോഷം. വ്യാജ ഏറ്റുമുട്ടലാണെന്ന് തെലങ്കാന പൊലീസിനെതിരെ ആരോപണം ശക്തമാകുമ്പോഴാണ് നാട്ടുകാര്‍ പൊലീസുകാരെ തോളിലേറ്റിയും മധുരം നല്‍കിയും ആഹ്ലാദം പ്രകടിപ്പിച്ചത്. പ്രതികളെ വെടിവെച്ച് കൊന്ന സ്ഥലത്ത് നാട്ടുകാര്‍ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തു. കൊല്ലപ്പെട്ട യുവ ഡോക്ടറിന്റെ അയല്‍വാസികളായ സ്ത്രീകള്‍ മധുരം നല്‍കുകയും ജയ് വിളിക്കുകയും ചെയ്തു.
ആള്‍ക്കൂട്ടം ഡിസിപിക്കും എസിപിക്കും ജയ് വിളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവുലു, മുഹമ്മദ് എന്നിവരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. സ്വയരക്ഷയ്ക്ക് വേണ്ടി വെടിവെയ്ക്കുകയായിരുന്നുവെന്ന് തെലങ്കാന പൊലീസ് പറയുന്നു. നവംബര്‍ 28 നാണ് 26 കാരി വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ഷാദ്‌നഗര്‍ ദേശീയ പാതയില്‍ പാലത്തിനടിയില്‍ കാണപ്പെട്ടത്.
ഇവിടെത്തന്നെയാണ് പ്രതികളും കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവ ഡോക്ടറുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായിരുന്നു. സ്‌കൂട്ടര്‍ ശരിയാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ തട്ടിക്കൊണ്ടുപൊവുകയും ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയശേഷം തീക്കൊളുത്തുകയുമായിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി എത്തിച്ചപ്പോള്‍ പ്രതികള്‍ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും വെടിവെച്ചെന്നുമാണ് പൊലീസ് പറയുന്നത്. ഇവരുടെ മൃതദേഹങ്ങള്‍ ഷാദ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം