ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ 40000 കോടിയുടെ കേന്ദ്രഫണ്ട് തിരിച്ചയയ്ക്കാന്‍, പണം സുരക്ഷിതമാക്കാനുള്ള നാടകമായിരുന്നെന്നും ബിജെപി നേതാവ്
ദേവേന്ദ്ര ഫഡ്‌നാവിസ് പൊടുന്നനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് കേന്ദ്രസര്‍ക്കാരിന്റെ 40,000 കോടിയുടെ ഫണ്ട് സുരക്ഷിതമായി തിരിച്ചയയ്ക്കാനാണെന്ന വിവാദ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് അനന്ത് കുമാര്‍ ഹെഗ്‌ഡേ. പണം സുരക്ഷിതമായി തിരിച്ചയയ്ക്കാനുള്ള സത്യപ്രതിജ്ഞാ നാടകമായിരുന്നു അതെന്നും കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പറഞ്ഞു. ഉത്തര കന്നഡയിലെ യല്ലാപോര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു പരാമര്‍ശം. പണം സുരക്ഷിതമാണെന്ന് 15 മണിക്കൂറിനകം ഉത്തരവിറക്കി ഫഡ്‌നാവിസ് ഉറപ്പുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹെഗ്‌ഡെയുടെ വിവാദ വെളിപ്പെടുത്തല്‍ ഇങ്ങനെ
നമ്മുടെ നേതാവ് വെറും 80 മണിക്കൂറുകള്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി ഇരുന്നത് നിങ്ങള്‍ക്കറിയാം. എന്തിനാണ് അദ്ദേഹം ഈ നാടകം കളിച്ചത് ? ഭൂരിപക്ഷം ഇല്ലെന്ന് അറിയില്ലായിരുന്നോ ? അതറിഞ്ഞുകൊണ്ട് അദ്ദേഹം എന്തിന് മുഖ്യമന്ത്രിയായി ? ഇതാണ് എല്ലാവരും ചോദിക്കരുത്.എന്നാല്‍ നാല്‍പതിനായിരം കോടി രൂപയുടെ കേന്ദ്രഫണ്ട് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണ്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലേറിയാല്‍ ആ പണം ദുരുപയോഗം ചെയ്യപ്പെടും. അത് മഹാരാഷ്ട്രയുടെ വികസനത്തിന് ലഭ്യമാകില്ല. അതിനാല്‍ ആ പണം സംരക്ഷിക്കപ്പെടണം. അതിനുവേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ വലിയ നാടകമായിരുന്നു സത്യപ്രതിജ്ഞ. അത് അനിവാര്യമായി വരികയായിരുന്നു. അതിനുവേണ്ടിയാണ് അദ്ദേഹം മുഖ്യമന്ത്രിയായത്. 15 മണിക്കൂറിനുള്ളില്‍ ആ തുക സംരക്ഷിക്കുകയും കേന്ദ്രത്തിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തു. ആ പണം അവിടെ സൂക്ഷിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സംഭവിക്കുക.
എന്നാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നയപരമായ ഒരു തീരുമാനവും സ്വീകരിച്ചിട്ടില്ലെന്നാണ് ഫഡ്‌നാവിസിന്റെ വിശദീകരണം. ഹെഗ്‌ഡേയുടേത് തെറ്റായ വാദമാണ്. ധനവകുപ്പിന് അക്കാര്യം പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 23 ന് രാവിലെ 7.50 നാണ് ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ എന്‍സിപി പിന്‍തുണയില്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. തുടര്‍ന്ന് ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ശക്തിപ്രകടനം നടത്തുകയും ചെയ്തു. കേവല ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ എംഎല്‍എമാര്‍ ത്രികക്ഷി സഖ്യത്തിനാണെന്ന് വ്യക്തമായതോടെ അജിത് പവാറും വിമത എംഎല്‍എമാരും പാര്‍ട്ടിയിലേക്ക് മടങ്ങുകയും ഫഡ്‌നാവിസ് രാജിവെയ്ക്കുകയുമായിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം