'വനിത വേദവ്യാസ്, മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന ട്രോള്‍, വീണ്ടും പോസ്റ്റ് മുക്കി കേരള പൊലീസ്

'വനിത വേദവ്യാസ്, മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന ട്രോള്‍, വീണ്ടും പോസ്റ്റ് മുക്കി കേരള പൊലീസ്
Published on

മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന തരത്തിലുള്ള ട്രോള്‍ പങ്കുവെച്ച് വീണ്ടും വെട്ടിലായി കേരളാ പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ട്. സോഷ്യല്‍ മീഡിയയിലെ ഫേക്ക് വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് സത്യാവസ്ഥ പരിശോധിക്കണം എന്ന ആശയം പങ്കുവെക്കാനായി കേരള പൊലീസ് പങ്കുവെച്ച വീഡിയോയാണ് വിവാദത്തിലായത്.

ഒരു കുട്ടി കൈവരിയില്‍ പിടിച്ചു നടക്കുന്ന ദൃശ്യം എഡിറ്റു ചെയ്ത് ഡാമിന്റെ മുകള്‍ ഭാഗത്തുകൂടി നടക്കുന്ന വീഡിയോ എന്ന നിലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഈ വീഡിയോയാണ് കാര്യങ്ങളുടെ വസ്തുത മനസിലാക്കിയ ശേഷം മാത്രം പ്രതികരിക്കുക എന്ന ആശയം പങ്കുവെക്കാന്‍ വേണ്ടി കേരളാ പൊലീസ് ഉപയോഗിച്ചത്.

'വെളച്ചില്‍ എടുക്കരുത് കേട്ടോ? സംഭവങ്ങളുടെ വസ്തുത മനസിലാക്കിയ ശേഷം മാത്രം പ്രചരിപ്പിക്കുകയോ പ്രതികരിക്കുകയോ ആകാം', എന്ന ക്യാപ്ഷനോടെയാണ് വീഡിയോ കേരള പൊലീസ് പേജ് പങ്കുവെച്ചത്. വീഡിയോയില്‍ കമന്റ് ചെയ്യുന്ന ആളുകള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകളാണ് ഇപ്പോള്‍ വിമര്‍ശിക്കപ്പെടുന്നത്. വിഷയത്തിന്റെ സത്യാവസ്ഥ അറിയാതെ പോലീസിനെതിരെ കമന്റ് ചെയ്തവരില്‍ ഒരാളുടെ പേര് നല്‍കിയിരിക്കുന്നത് 'വനിത വേദവ്യാസ്' എന്നാണ്.

ഇതിനെതിരെയാണ് സമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സംഭവത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് രംഗത്തെത്തി.

'ഡി.ജി.പി അനില്‍ കാന്തിന്റെ പേര് ഇതുപോലെ കുറച്ചു മാറ്റം വരുത്തി എനിക്കും ഉപയോഗിക്കാമോ കേരള പോലീസ്?' എന്നാണ് മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ് പ്രതികരിച്ചത്.

പൊലീസിനെ വിമര്‍ശിക്കുന്നവരെ തിരഞ്ഞുപിടിച്ച് ഔദ്യോഗിക ഫേസ്ബുക്കിലൂടെ അപമാനിച്ച് പകവീട്ടാന്‍ കേരള പൊലീസ് ശ്രമിക്കുന്നു എന്ന ആരോപണവും ഇതിനുപിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. വിവാദത്തെത്തുടര്‍ന്ന് വീഡിയോ അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in