മാന്ദ്യം പിടിമുറുക്കുന്നു ; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍. ജിഎസ്ടി (ചരക്ക് സേവന നികുതി ) പരിധിയില്‍ വരാത്ത മദ്യം. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നുള്ള നികുതി വരുമാനത്തില്‍ 740 കോടി രൂപയുടെ ഇടിവുണ്ടായി. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ ആറുമാസം സംസ്ഥാനത്തെ വാണിജ്യ നികുതി വരുമാന വളര്‍ച്ച നാമമാത്രമാണെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 20 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് വിഭാവനം ചെയ്ത ചെലവുകള്‍ നിയന്ത്രിക്കാനാകുന്നില്ല. സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുന്ന പ്രതിസന്ധി സംസ്ഥാനത്ത് കടുത്ത രീതിയില്‍ പ്രതിഫലിക്കുന്നതായാണ് ധനവവകുപ്പ് വിലയിരുത്തുന്നത്.
ദൈനംദിന കാര്യങ്ങള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിന്ന് മുന്‍കൂറായി പണമെടുക്കേണ്ട സ്ഥിതിയാണ്. വെയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ് ഇനത്തില്‍ 1500 കോടി രൂപ വരെ എടുക്കാം. ഇതില്‍ കൂടുതല്‍ എടുത്താല്‍ ഓവര്‍ ഡ്രാഫ്റ്റ് ആകും. എടുത്ത തുക 14 ദിവസത്തിനകം അടയ്ക്കുകയും വേണം.ഇല്ലെങ്കില്‍ ട്രഷറി സ്തംഭിക്കും. ഈ മാസം രണ്ടുദിവസം ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലായി. പതിവ് ചെലവുകള്‍ക്ക് പുറമെ 1994 ലെടുത്ത ഒരു വായ്പയുടെ മുതല്‍ ഇനത്തില്‍ 2200 കോടി അടയ്‌ക്കേണ്ടി വന്നതും പ്രതിസന്ധി രൂക്ഷമാക്കി. ജിഎസ്ടിയില്‍ നിന്ന് 1600 കോടിയാണ് സംസ്ഥാനത്തിന് കിട്ടുന്നത്. എന്നാല്‍ ഇതുതന്നെ കിട്ടേണ്ടതിലും 500 കോടി കുറവാണ്.
സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ ഭൂരിഭാഗവും ശമ്പളം പെന്‍ഷന്‍ എന്നീ ഇനങ്ങളിലാണ് ചിലവാകുന്നത്. ഇതില്‍ കുറവ് വരുത്താനാകില്ല. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച തസ്തികകള്‍ക്ക് അംഗീകാരം നല്‍കിയതുള്‍പ്പെടെ 18000 പുതിയവ സൃഷ്ടിച്ചതോടെ അധിക ബാധ്യതയുണ്ടായി. സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ ഈ വര്‍ഷം കേന്ദ്രം കുറവ് വരുത്തിയതും തിരിച്ചടിയായി. ഈ ഇനത്തില്‍ ആറായിരം കോടിയുടെ കുറവാണ് കേരളം നേരിടുന്നത് .വിവിധ പദവി സൃഷ്ടിക്കലുകളടക്കം സര്‍ക്കാരിന്റെ അനാവശ്യ ചെലവുകള്‍ കൂടിയായതോടെ പ്രതിസന്ധി മൂര്‍ഛിച്ചു.