ബുര്‍ഖ നിരോധിച്ചതും നിര്‍ബന്ധിതവുമാക്കിയ രാജ്യങ്ങള്‍,കാരണങ്ങള്‍
359 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്ക, രാജ്യത്ത് ബുര്‍ഖ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതാദ്യമായല്ല ഒരു രാജ്യം മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. മുഖാവരണം നിരോധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഫ്രാന്‍സും ചൈനയും ജര്‍മനിയുമുണ്ട്. നടപടി സുരക്ഷാ കാരണങ്ങളാലാണെന്നാണ് ഈ രാജ്യങ്ങളുടെയെല്ലാം വിശദീകരണം.
ഫ്രാന്‍സ്
2010 ലാണ് ഫ്രാന്‍സ് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ബുര്‍ഖയും നിഖാബും നിരോധിച്ച ഫ്രാന്‍സ് നിയമം ലംഘിക്കുന്നവര്‍ക്ക് 150 യൂറോ വരെ ( 11693 രൂപ ) പിഴയിടുകയും ചെയ്തു. സ്ത്രീകളെ സംരക്ഷിക്കാനും തുല്യത ഉറപ്പുവരുത്താനുമാണ് നടപടിയെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ വിശദീകരണം.
ചൈന
തലയും മുഖവും മറയ്ക്കുന്ന വസ്ത്രങ്ങളും നീളന്‍ താടിയും ചൈനയില്‍ അനുവദനീയമല്ല. ക്‌സിന്‍ജിയാങ് പ്രവിശ്യയില്‍ 2014 മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കുന്നുണ്ട്. നീളന്‍താടിക്കാര്‍ക്കും ബുര്‍ഖ ധരിക്കുന്നവര്‍ക്കും സര്‍ക്കാര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യാനാകില്ല.
ഡെന്മാര്‍ക്ക്
മുഖം മറയ്ക്കുന്ന എല്ലാവിധ വസ്ത്രങ്ങളും വിലക്കിയ രാജ്യമാണ് ഡെന്‍മാര്‍ക്ക്. 2018 ല്‍ പാര്‍ലമെന്റ് ഇതുസംബന്ധിച്ച നിയമം പാസാക്കി. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളോട് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കാന്‍ പൊലീസിന് അധികാരമുണ്ട്. ലംഘകര്‍ക്ക് 1000 ഡാനിഷ് ക്രൗണ്‍സ് പിഴ ചുമത്താം. പലകുറി നിയമം ലംഘിച്ചാല്‍ ഇത് പതിനായിരം ഡാനിഷ് ക്രൗണ്‍ വരെയാകാം.
ജര്‍മനി
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജഡ്ജിമാര്‍, പട്ടാളക്കാര്‍ എന്നിവര്‍ മുഖം മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നതിന് ജര്‍മനി 2017 ല്‍ നിരോധനമേര്‍പ്പെടുത്തി. പാര്‍ലമെന്റ് ഇതുസംബന്ധിച്ച് നിയമം പാസാക്കുകയായിരുന്നു.
കോംഗോ
2015 ലാണ് കോംഗോ, പൊതുസ്ഥലങ്ങളില്‍ പൂര്‍ണ്ണമായും മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യാര്‍ത്ഥമാണ് നടപടിയെന്നായിരുന്നു പ്രഖ്യാപനം. മുഖവും വ്യക്തിത്വവും മറച്ചുപിടിച്ച് രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നവരെ വരുതിയിലാക്കാനാണ് നടപടിയെന്നും വിശദീകരിച്ചു
സ്‌പെയിന്‍
രാജ്യത്തെ ബാഴ്‌സലോണ, ലെറീഡ, ലെലീദ, എല്‍വാന്‍ഡ്രല്‍ എന്നീ പ്രാദേശിക ഭരണകൂടങ്ങള്‍ 2010 ല്‍ മുഖാവരണം നിരോധിച്ച് നിയമം പ്രാബല്യത്തിലാക്കി. ലിംഗഭേദമന്യേ തുല്യത ഉറപ്പുവരുത്താനാണ് നടപടിയെന്നായിരുന്നു വിശദീകരണം. എന്നാല്‍ 2013 ല്‍ രാജ്യത്തെ സുപ്രീം കോടതി, ഈ നടപടി റദ്ദാക്കി.
ബെല്‍ജിയം
2011 മുതലാണ് ബെല്‍ജിയം ബുര്‍ഖയുള്‍പ്പെടെയുള്ള മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. 2016 ഓഗസ്റ്റ് 24 വരെ 60 സ്ത്രീകള്‍ നിയമലംഘനത്തിന് വിചാരണ നേരിട്ടെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നെതര്‍ലാന്‍ഡ്‌സ്
പ്രത്യേക ഇടങ്ങളില്‍ മുഖാവരണങ്ങള്‍ ധരിക്കുന്നതിന് നെതര്‍ലാന്‍ഡ്‌സ് 2015 ല്‍ നിരോധനം ഏര്‍പ്പെടുത്തി. സ്‌കൂളുകള്‍, വിമാനത്താവളങ്ങള്‍, കോടതി മുറികള്‍, സര്‍ക്കാര്‍ വാഹനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് നിരോധനത്തിന്റെ പരിധിയില്‍ വരുന്നത്. ഇവിടങ്ങളില്‍ ഹെല്‍മറ്റ് ധരിച്ചും പ്രവേശിക്കാനാകില്ല.
കാമറൂണ്‍
ബൂര്‍ഖയിലായിരുന്ന 2 സ്ത്രീകള്‍ 2015 ല്‍ ചാവേര്‍സ്‌ഫോടനം നടത്തിയതോടെയാണ് കാമറൂണില്‍ ഈ വസ്ത്രം വിലക്കിയത്. ബോക്കോ ഹറാം നടപ്പാക്കിയ സ്‌ഫോടനങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇറ്റലി
വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ഡിയില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുഖാവരണം ധരിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ബുര്‍ഖ പോലുള്ള വസ്ത്രങ്ങള്‍ ധരിച്ച് പ്രവേശിക്കാന്‍ പാടില്ല.
ചാഡ്
ആഫ്രിക്കന്‍ രാജ്യമായ ചാഡിലും കാമറൂണിന് സമാനമായി ചാവേര്‍ സ്‌ഫോടനങ്ങള്‍ക്ക് ശേഷമാണ് മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ബുര്‍ഖ ധരിച്ചെത്തിയവരാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.
സ്വിറ്റ്‌സര്‍ലാന്‍ഡ്
സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ബുര്‍ഖ, നിഖാബ് തുടങ്ങിയ വസ്ത്രങ്ങള്‍ക്ക് ഭാഗിക നിരോധനമാണ്. 2013 ല്‍ ടെസ്സിനിലാണ് നിയമം ആദ്യം പ്രാബല്യത്തിലാക്കിയത്. ജനഹിത പരിശോധന നടത്തിയാണ് നിയമം നടപ്പാക്കിയത്.
ബുര്‍ഖ നിര്‍ബന്ധമാക്കിയ രാജ്യങ്ങള്‍
ഇറാന്‍
1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം, ഇറാനില്‍ ബുര്‍ഖധാരണം നിര്‍ബന്ധിതമാണ്. പൊതുസ്ഥലങ്ങളില്‍ മുഖാവരണത്തോടെയേ വനിതകള്‍ എത്താന്‍ പാടുള്ളൂവെന്ന കര്‍ശന നിയമം നിലവിലുണ്ട്.
അഫ്ഗാനിസ്ഥാന്‍
സ്ത്രീകള്‍ ബുര്‍ഖ ധരിച്ചേ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാവൂ എന്ന് കര്‍ശന നിയമം നിലവിലുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍
സൗദി അറേബ്യ
ശരീരം മുഴുക്കെ മറയുന്ന അബായ ധരിച്ചേ പൊതുസ്ഥലങ്ങളില്‍ വനിതകള്‍ പ്രത്യക്ഷപ്പെടാവൂ എന്നായിരുന്നു സൗദി നിയമം. എന്നാല്‍ 2018 ല്‍ ഭരണകൂടം ഈ നിയമത്തില്‍ ഇളവ് വരുത്തിയിട്ടുണ്ട്. അബായ ധരിക്കണം എന്ന് നിര്‍ബന്ധമില്ല.
ഇന്‍ഡോനേഷ്യ
മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്‍ഡോനേഷ്യയില്‍ ബുര്‍ഖ ധരിക്കണോ വേണ്ടയോയെന്ന് വനിതകള്‍ക്ക് തീരുമാനിക്കാം.
പാകിസ്താന്‍
പാകിസ്താനില്‍ മുഖാവരണം നിര്‍ബന്ധമല്ല. എന്നാല്‍ ഭൂരിപക്ഷം വനിതകളും ശരീരം മുഴുവന്‍ മറയുന്ന വസ്ത്രങ്ങളിലാണ് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്.