'കല്യാണ വീടുകളോട് കൊറോണ വിട്ടുവീഴ്ച ചെയ്യുമെന്ന് ക്ലിഫ്ഹൗസിലെ റിപ്പോര്‍ട്ടാണോ'; മുഖ്യമന്ത്രിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍

'കല്യാണ വീടുകളോട് കൊറോണ വിട്ടുവീഴ്ച ചെയ്യുമെന്ന് ക്ലിഫ്ഹൗസിലെ റിപ്പോര്‍ട്ടാണോ'; മുഖ്യമന്ത്രിയെ പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍
Published on

വിദേശത്തേക്ക് കയറ്റി അയക്കാന്‍ ട്രൂനാറ്റ് അച്ചാറും ഉപ്പേരിയും പോലെയല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ട്രൂനാറ്റ് മറ്റ് രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി മനസിലാക്കണം. വന്ദേഭാരത് ദൗത്യത്തില്‍ കേരളത്തിന് പ്രത്യേക മാനദണ്ഡം പറ്റില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും കേന്ദ്രസര്‍ക്കാര്‍ എത്തിക്കും. ടെസ്റ്റും ക്വാറന്റീനും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്.

വിമാനത്താവളങ്ങളില്‍ ആന്റിബോര്‍ഡി ടെസ്റ്റ് നടത്തുന്നത് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ ഏര്‍പ്പെടുത്തിയ സംവിധാനം നേരത്തെ ഒരുക്കാതിരുന്നത് എന്തുകൊണ്ടാണ്. അങ്ങനെയെങ്കില്‍ ലോകത്തിന് മാതൃകയാകുന്ന സംവിധാനം നമുക്ക് ഉണ്ടാകുമായിരുന്നു. ചിലവ് കുറഞ്ഞ ട്രൂനാറ്റ് സംസ്ഥാനത്ത് നേരത്തെ നടപ്പാക്കാമായിരുന്നു. പകരം വിദേശത്തേക്ക് കയറ്റിയയക്കണമെന്ന് പറയുന്നതിന് പിന്നിലെന്താണ്.

പരിശോധനയില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. രോഗലക്ഷണങ്ങളില്ലാത്തവരെയും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നതിന്റെ യുക്തി എന്താണ്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പോയ 69 പേര്‍ക്ക് കൊവിഡ് പോസിറ്റീവായിരുന്നു. നാളെ തമിഴാനാട് സര്‍ക്കാര്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ കൊടുക്കാന്‍ പറ്റുമോ.

വിമാനത്തില്‍ ഒരുലക്ഷത്തിനടുത്ത് ആളുകള്‍ എത്തിയതില്‍ 1666 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. ഇത് സൂപ്പര്‍ സ്‌പ്രെഡ് അല്ല. ഗള്‍ഫില്‍ നിന്നും വരുന്നവര്‍ രോഗവാഹകരാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും രോഗമുണ്ടാകാം.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വധൂവരന്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്വാറന്റീന്‍ ഒഴിവാക്കിക്കൊടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയും കേന്ദ്രമന്ത്രി വി മുരളീധരന്‍ വിമര്‍ശിച്ചു. കല്യാണ വീടുകളോട് കൊറോണ വിട്ടുവീഴ്ച ചെയ്യുമെന്നത് ക്ലിഫ്ഹൗസിലെ റിപ്പോര്‍ട്ടാണോയെന്ന് പരിഹസിച്ചു.

സഞ്ചാരികളില്‍ നിന്നാണ് ലോകത്തെല്ലായിടത്തും കൊറോണ ബാധിച്ചത്. പ്രത്യേക വിമാനം പ്രായോഗികമല്ല. സാമൂഹ്യ സുരക്ഷാമിഷന്‍ ഡയറക്ടര്‍ പോലെയുള്ളവരാണ് മുഖ്യമന്ത്രിയെ ഉപദേശിക്കുന്നത് എങ്കില്‍ സഹതപിക്കാനെ കഴിയുകയുള്ളുവെന്നും വി മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in