'മരണത്തോട് മല്ലിടുന്ന മകനെ ഒന്ന് കാണണം'; പൊട്ടിക്കരയുന്ന ആ അതിഥിതൊഴിലാളിയുടെ ചിത്രത്തിന് പിന്നില്‍

'മരണത്തോട് മല്ലിടുന്ന മകനെ ഒന്ന് കാണണം'; പൊട്ടിക്കരയുന്ന ആ അതിഥിതൊഴിലാളിയുടെ ചിത്രത്തിന് പിന്നില്‍
Published on

റോഡരികില്‍ ഫോണ്‍വിളിച്ചുകൊണ്ട് പൊട്ടിക്കരയുന്ന ഒരാള്‍, ലോക്ക്ഡൗണ്‍ കാലത്ത് അതിഥിതൊഴിലാളികളുടെ കഷ്ടപ്പാടുകള്‍ വിളിച്ചുപറഞ്ഞ് ഏറെചര്‍ച്ചയായ ചിത്രമായിരുന്നു അത്. ചിത്രം പകര്‍ത്തിയത് പിടിഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവായിരുന്നു. മരണത്തോട് മല്ലിടുന്ന തന്റെ മകനെ അവസാന നോക്ക് കാണാനാകുമോ എന്നറിയാതെയുള്ള ഒരച്ഛന്റെ വേദനയായിരുന്നു അതുല്‍ പകര്‍ത്തിയത്. ഡല്‍ഹി നിസാമുദ്ദീന്‍ പാലത്തില്‍ നിന്നാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് ഔട്ട്‌ലുക്ക് ഇന്ത്യയോട് അതുല്‍ പറഞ്ഞു.

അതുല്‍ യാദവിന്റെ വാക്കുകള്‍:

'കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി അതിഥിതൊഴിലാളികളുടെ ചിത്രങ്ങള്‍ ഞാന്‍ പകര്‍ത്തി. ഓരോരുത്തരുടെയും അവസ്ഥ ഒന്നിനൊന്ന് ദയനീയമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ അതുകൊണ്ട് തന്നെ മുതിര്‍ന്ന ഒരാള്‍ കരയുന്നത് എന്നെ അത്ഭുതപ്പെടുത്തുമെന്ന് ഞാന്‍ കരുതിയില്ല, പക്ഷെ അങ്ങനെ സംഭവിച്ചു. ഒരു ഫോട്ടോ മാത്രമെടുത്ത് പോവാന്‍ എനിക്ക് തോന്നിയില്ല, എന്താണദ്ദേഹത്തിന്റെ പ്രശ്നമെന്ന് എനിക്കറിയണമായിരുന്നു, അയാളുടെ കഥ എന്നെ നടുക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അയാളുടെ മകന് സുഖമില്ലായിരുന്നു, മരണത്തിനു വരെ സാധ്യതയുണ്ട്. വീട്ടിലെത്തണമെന്നത് മാത്രമായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. എവിടെയാണ് വീടെന്ന് ഞാന്‍ ചോദിച്ചു, 40 വയസ് പ്രായം തോന്നിക്കുന്ന ആ മനുഷ്യന്‍ മൈലുകള്‍ക്കപ്പുറത്തുള്ള ഡല്‍ഹി അതിര്‍ത്തിയിലേക്ക് വിരല്‍ ചൂണ്ടി, 'അവിടെ' എന്ന് പറഞ്ഞു. പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത് അദ്ദേഹത്തിന്റെ വീട് ബീഹാറിലെ ബെഗുസാരായിലാണെന്ന്. ഏകദേശം 1200 കിലോ മീറ്റര്‍ ദൂരെ. നജഫ്ഗഡില്‍ ജോലി ചെയ്യുകയാണ് അദ്ദേഹമെന്ന് എന്നോട് പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം, ആയിരക്കണക്കിന് മറ്റ് തൊഴിലാളികളെ പോലെ അദ്ദേഹവും നാട്ടിലേക്ക് നടക്കുകയായിരുന്നു.

എന്നാല്‍ നിസാമുദീന്‍ പാലത്തില്‍ വെച്ച്, മുന്നോട്ട് പോകാന്‍ കഴിയില്ലെന്നറിയിച്ച് പൊലീസ് ഇയാളെ തടഞ്ഞു. അത് അദ്ദേഹത്തിന്റെ പ്രതീക്ഷകളെ കെടുത്തി, മൂന്ന് ദിവസം ആ പാലത്തില്‍ വേദനയോടെ ആ മനുഷ്യന്‍ കുടുങ്ങിക്കിടന്നു. ഞാനദ്ദേഹത്തിന് ബിസ്‌കറ്റും വെള്ളവും നല്‍കുകയും സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ തന്റെ മകനെ ഇനി ഒരിക്കലും കാണാന്‍ കഴിയില്ലെന്ന് ഭയപ്പെടുന്ന ഒരു അച്ഛന്, എന്ത് ആശ്വാസവാക്കുകളിലാണ് സമാധാനം ലഭിക്കുക?

ഇദ്ദേഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. എന്റെ ആവശ്യം ആദ്യമവര്‍ നിരസിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ മുഖേന സംസാരിച്ച ശേഷം അദ്ദേഹം വീട്ടിലെത്തിയെന്ന് ഉറപ്പാക്കാമെന്ന് പൊലീസ് സമ്മതിച്ചു. തിരിച്ച് വീട്ടിലെത്തിയതിന് ശേഷമാണ് ആ മനുഷ്യന്റെ പേരോ ഫോണ്‍ നമ്പറോ ചോദിച്ചിരുന്നില്ലെന്ന് ഓര്‍മ്മവന്നത്. അദ്ദേഹം വീട്ടിലെത്തിയോ മകനെ കണ്ടോ എന്നൊക്കെ എനിക്കറിയണമായിരുന്നു. ഞാനധികം കാത്തു നിന്നില്ല. തിങ്കളാഴ്ച 5.15 ആയിരുന്നു സമയം. ഞാനെടുത്ത ഫോട്ടോ പി.ഐ.ടി പുറത്തു വിട്ടു. എല്ലാ മാധ്യമങ്ങളും ചിത്രം ഏറ്റെടുത്തു. ചില മാധ്യമങ്ങള്‍ ആ ഫോട്ടോയുമായുടെ ഫോളോഅപ്പ് വാര്‍ത്തകള്‍ ചെയ്തു. അങ്ങനെയാണ് പിന്നീട് ഞാന്‍ അറിഞ്ഞത് അദ്ദേഹത്തിന്റെ പേര് രാംകുമാര്‍ പണ്ഡിറ്റ് എന്നാണെന്നും അദ്ദേഹത്തിന്റെ മകന്റെ ജീവന്‍ നഷ്ടപ്പെട്ടെന്നും, അതെന്റെ ഹൃദയം തകര്‍ത്തു.'

'മരണത്തോട് മല്ലിടുന്ന മകനെ ഒന്ന് കാണണം'; പൊട്ടിക്കരയുന്ന ആ അതിഥിതൊഴിലാളിയുടെ ചിത്രത്തിന് പിന്നില്‍
'അതിഥിതൊഴിലാളികള്‍ക്കായി യാചിക്കാനും കടംവാങ്ങാനും തയ്യാര്‍'; പ്രകാശ് രാജ്

ചിത്രം ചര്‍ച്ചയായതോടെ പലരും രാംകുമാറിനെ സഹായിക്കാമെന്നറിയിച്ച് രംഗത്തെത്തിയിരുന്നു. അങ്ങനെയാണ് അദ്ദേഹം നാട്ടിലെത്തിയത്. എന്നാല്‍ അവനെ അവസാനമായി ഒരുനോക്ക് കാണാന്‍ സാധിച്ചില്ലെന്ന് ബെഗുസാരായിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിയുന്ന രാംകുമാര്‍ പറയുന്നു. 'മകന് ഒരു വയസ് പോലും ആയിട്ടില്ല, അവന്റെ അസുഖ വാര്‍ത്ത് എന്നെ തളര്‍ത്തിയിരുന്നു, നാട്ടില്‍ പോകണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും പൊലീസ് സമ്മതിച്ചില്ല, ഞാന്‍ പൊട്ടികരഞ്ഞുപോയി. ഒരു മാധ്യമപ്രവര്‍ത്തകന്‍ കാറില്‍ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല. ഒടുവില്‍ ഒരു സ്ത്രീ എത്തിയാണ് എല്ലാ സഹായവും ചെയ്ത് തന്നത്. രണ്ട് ദിവസം മുമ്പ് ബെഗുസാരായിലെത്തി, മകനില്ലാത്ത വീട്ടില്‍ പോകുന്നതിനെ കുറിച്ച് എനിക്ക് ആലോചിക്കാന്‍ കൂടി വയ്യ', രാം കുമാര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in