സൗജന്യ അരിവിതരണം ഏപ്രില്‍ 1 മുതല്‍ 20 വരെ; സാമൂഹിക അകലം പാലിച്ചാകും സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുകയെന്ന് മന്ത്രി
സംസ്ഥാനത്ത് റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ അരിവിതരണം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് 20ന് അവസാനിക്കുമെന്ന് മന്ത്രി പി തിലോത്തമന്‍. രാവിലെ മുതല്‍ ഉച്ചവരെ മുന്‍ഗണന (മഞ്ഞ, പിങ്ക് കാര്‍ഡ്) വിഭാഗങ്ങള്‍ക്കും, ഉച്ചകഴിഞ്ഞ് മുന്‍ഗണന ഇതര (നീല, വെള്ള കാര്‍ഡ്) വിഭാഗങ്ങള്‍ക്കും എന്ന രീതിയിലാകും വിതിരണം. 20ന് ശേഷമാകും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യധാന്യ വിതരണം നടത്തുക.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ ആധാര്‍ കാര്‍ഡ് ഹാജരാക്കുകയും ഫോണ്‍ നമ്പര്‍ നല്‍കുകയും വേണമെന്നും മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ സാമൂഹിക അകലം പാലിച്ചു കൊണ്ടാകും സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുക. 14,250 റേഷന്‍കടകള്‍ വഴിയായിരിക്കും വിതരണം.
ഭക്ഷ്യകിറ്റിന്റെ വിതരണത്തിനായുള്ള സാധനങ്ങള്‍ സംഭരിക്കുന്ന ജോലി ആരംഭിച്ചുവെന്നും കിറ്റ് ആവശ്യമില്ലാത്തവര്‍ ഇക്കാര്യം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് ബാധിതരുടെ കുടുംബങ്ങള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും കിറ്റ് നല്‍കും. കിറ്റില്‍ ഏതെങ്കിലും സാധനം വയ്ക്കാതെ പോയതിന്റെ പേരിലോ മാറിപോയതിന്റെ പേരിലോ പരാതി പറയരുതെന്നും, സപ്ലൈക്കോയും സിവില്‍ സപ്ലൈസ് വകുപ്പും ചേര്‍ന്ന് ഏറ്റെടുക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യമാണെന്നും മന്ത്രി പറഞ്ഞു.