ഇത് നേതാവ്, ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍, ധൈര്യം പകരാനെത്തുന്ന സൈന്യാധിപനെന്ന് റോഷന്‍ ആന്‍ഡ്രൂസ്

ഇത് നേതാവ്, ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍, ധൈര്യം പകരാനെത്തുന്ന സൈന്യാധിപനെന്ന് റോഷന്‍ ആന്‍ഡ്രൂസ്

Published on

കൊവിഡ് 19 പ്രതിരോധത്തിനായി കേരളം സ്വീകരിക്കുന്ന നിലപാടുകളെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീര്‍ത്തിച്ച് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. നമുക്കും ആ രോഗാണുവിനുമിടയില്‍ സര്‍ക്കാര്‍ ഉണ്ടെന്ന വിശ്വാസം തോന്നുന്നു, ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോര്‍ത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാള്‍ നെഞ്ചിലേറ്റി മുഖ്യമന്ത്രി എല്ലാ ദിവസവും ഡയസിലേയ്ക്ക് നടന്നു കയറുന്നതു കാണുമ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്നു തിരിച്ചറിയുന്നുവെന്നും റോഷന്‍ ആന്‍ഡ്രൂസ്.

റോഷന്‍ ആന്‍ഡ്രൂസിന്റെ കുറിപ്പ്

അശാന്തിയുടെ കാലമാണിത് . ഇന്ന് മരണമെത്ര,രോഗികളായവരെത്ര എന്ന ആശങ്കയോടെ വാര്‍ത്തയ്ക്കു വേണ്ടി കാത്തിരിക്കുന്ന ക്ഷാമകാലം .പൊരുതുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലാത്ത യുദ്ധകാലം .എങ്കിലും എല്ലാ ദിവസവും വൈകുന്നേരം 6 മണിക്ക് ഞാനും കുടുംബവും ടി.വി ഓണ്‍ ചെയ്യുന്നത് ' ഭയപ്പെടേണ്ട, ഞങ്ങളുണ്ടിവിടെ'' എന്ന് ധൈര്യം പകരാനെത്തുന്ന നമ്മുടെ സൈന്യാധിപനെ കാണാനാണ് . ഒരിക്കല്‍ പോലും പതറാതെ ' സര്‍ക്കാര്‍ ഒപ്പമല്ല മുന്‍പിലുണ്ട്'' എന്നദ്ദേഹം പറയുമ്പോള്‍ ജയം നമുക്ക് തന്നെയെന്നുറപ്പ് തോന്നുന്നു.നമുക്കും ആ രോഗാണുവിനുമിടയില്‍ സര്‍ക്കാര്‍ ഉണ്ടെന്ന വിശ്വാസം തോന്നുന്നു.

ഒരു നിപ്പയ്ക്കും പ്രളയത്തിനും ചോര്‍ത്തിക്കളയാമായിരുന്ന ആത്മവിശ്വാസം അന്നുള്ളതിനേക്കാള്‍ നെഞ്ചിലേറ്റി അദ്ദേഹം എല്ലാ ദിവസവും ഡയസിലേയ്ക്ക് നടന്നു കയറുന്നതു കാണുമ്പോള്‍ സുരക്ഷിതമായ കരങ്ങളിലാണ് നാടെന്നു തിരിച്ചറിയുന്നു. ആപല്‍ഘട്ടത്തെ പൊളിറ്റിക്കല്‍ മൈലേജിനു വേണ്ടി ഉപയോഗിക്കാമെന്ന രാഷ്ട്രീയതന്ത്രം ഒരിക്കല്‍ പോലും പയറ്റാതെ, എതിര്‍ചേരിയിലുള്ളവരുടെ നന്മകളെ പോലും പ്രകീര്‍ത്തിച്ചു, നമ്മുടെ സ്വകാര്യ അഹങ്കാരമായ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ക്കൊപ്പം നമുക്കദ്ദേഹം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ , അത് ലോകം മുഴുവന്‍ മാതൃകയാക്കുമ്പോള്‍ , തലയുയര്‍ത്തി നിന്ന് പറയാന്‍ തോന്നുന്നു; പറയുന്നു- ' ഇത് നേതാവ് , ഇത് മുഖ്യമന്ത്രി.. ഇത് ഞങ്ങളുടെ സ്വന്തം പിണറായി വിജയന്‍!'

logo
The Cue
www.thecue.in