ലോകം വീണ്ടും കയ്യടിക്കുന്നു ജസീന്ത ആര്‍ഡെന്, കൊവിഡ് മരണം ഇരുപതില്‍ താഴെ, ന്യൂസിലന്‍ഡ് മാതൃക
ലോകം മുഴുവന്‍ കൊവിഡ് 19ന്റെ പിടിയിലകപ്പെട്ട് ദുരിതമനുഭവിക്കുകയാണ്. കൊവിഡ് പ്രതിരോധത്തില്‍ ഓരോ രാജ്യങ്ങളും സ്വീകരിച്ച നടപടികളും വ്യത്യസ്തമായിരുന്നു. ഒരു പരിധിവരെ രാജ്യങ്ങളില്‍ കൊവിഡ് വ്യാപനത്തിന്റെ തോത് നിശ്ചയിച്ചതും ഈ നടപടികളായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അടക്കം ആദ്യഘട്ടങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റവും മികച്ച രീതിയില്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കൈക്കൊണ്ട രാജ്യമേതാണെന്ന് ചോദിച്ചാല്‍ അതിന് ഒരുത്തരമേ ഉള്ളൂ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്, ന്യൂസിലന്‍ഡ്. പ്രധാനമന്ത്രി ജസീന്താ ആര്‍ഡെന്‍ തുടക്കം മുതല്‍ കൈക്കൊണ്ട നടപടികള്‍ കൊവിഡിനെ പിടിച്ചുനിര്‍ത്താന്‍ വലിയ രീതിയില്‍ സഹായിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കൊവിഡിനെ നേരിടുന്നതില്‍ 39കാരിയായ ജസീന്ത സ്വന്തമായി ഒരു പാത തന്നെ സൃഷ്ടിക്കുകയായിരുന്നു എന്ന് പറയാം. സ്വയം പ്രതിരോധിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. താന്‍ അത്ഭുതമൊന്നും ചെയ്തില്ലെന്നും, സാധാരണ കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്നുമാണ് ജസീന്ത പറയുന്നത്.
അമ്പത് ലക്ഷത്തിലേറെ ജനസംഖ്യയുടെ ന്യൂസിലന്‍ഡില്‍ 18 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 1400ല്‍ അധികം ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 5 കേസുകള്‍ മാത്രമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് അതിവേഗം താഴ്ത്തിക്കൊണ്ടുവരാന്‍ ന്യൂസിലന്‍ഡിന് സാധിച്ചുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
രാജ്യത്ത് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ വൈറസിനെ നേരിടാന്‍ ശക്തമായ നടപടികള്‍ ജസീന്ത സ്വീകരിച്ചിരുന്നു. വ്യാപകമായ പരിശോധനകള്‍ നടത്തി. സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരെ കണ്ടെത്തുകയും ക്വാറന്റൈനില്‍ പാര്‍പ്പിക്കുകയും ചെയ്തു. മറ്റു പല രാജ്യങ്ങളേക്കാള്‍ മുമ്പ് തന്നെ ന്യൂസിലന്‍ഡില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മാത്രമല്ല ഫെയ്‌സ്ബുക്ക് ലൈവുകളിലൂടെയും മറ്റും അവര്‍ സ്ഥിരമായി ജനങ്ങളുമായി സംസാരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം നടത്തിയ കാര്യക്ഷമമായ ഇടപെടലുകള്‍ തന്നെയാണ് ന്യൂസിലന്‍ഡില്‍ മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ സഹായിച്ചതെന്നാണ് വിദഗ്ധരുടെയും വിലയിരുത്തല്‍.