അതിഥി തൊഴിലാളികള്‍ക്ക് ട്രെയിനുണ്ടെന്ന് വ്യാജപ്രചരണം, യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
അതിഥി തൊഴിലാളികള്‍ക്ക് നിലമ്പൂരില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ഉണ്ടെന്ന് വ്യാജപ്രചരണം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് മുന്‍ എടവണ്ണക്കാട് മണ്ഡലം സെക്രട്ടറി അലീഷ് സാക്കിര്‍ ആണ് അറസ്റ്റിലായത്. നിലമ്പൂരില്‍ നിന്ന് അടുത്ത ദിവസം ട്രെയിന്‍ ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങാമെന്നും വാട്‌സ് ആപ്പ് ശബ്ദസന്ദേശമായി അലീഷ് സാക്കിര്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. ഐപിസി 153, പൊലീസ് ആക്ട് 118 എന്നിവ പ്രകാരമാണ് കേസ്.
കോട്ടയം പായിപ്പാട് അതിഥി തൊഴിലാളികള്‍ ലോക്ക് ഔട്ട് ലംഘനം നടത്തി റോഡില്‍ കൂട്ടംകൂടിയത് ആരോ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞിരുന്നു. നാട്ടിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് ഇവര്‍ക്കിടയിലേക്ക് ചിലര്‍ വ്യാജവാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്.
കുടിയേറ്റ തൊഴിലാളികള്‍ക്ക് നിലമ്പൂരില്‍ നിന്ന് ട്രെയിന്‍ ഉണ്ടെന്ന് പ്രചരിപ്പിച്ച കുറ്റവാളി അറസ്റ്റിലായെന്ന് മലപ്പുറം കലക്ടറും സ്ഥിരികരിച്ചിരുന്നു. മറ്റൊരാള്‍ വിളിച്ച് പറഞ്ഞ സന്ദേശം പ്രചരിപ്പിച്ചതാണെന്നാണ് സാക്കിറിന്റെ വാദം. സംഭവത്തില്‍ കൂടുതല്‍ പേരുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.