ലോക്ക്ഡൗണ്‍ തുടരും, കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ്
രാജ്യത്ത് ലോക്ക്ഡൗണ്‍ തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. നാലാംഘട്ട ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്ന് രാജ്യത്തോടുള്ള അഭിസംബോധനയില്‍ വ്യക്തമാക്കുകയായിരുന്നു. വിശദാംശങ്ങള്‍ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്ന മെയ് 17 ന് മുന്‍പ് അറിയിക്കുമെന്നും അദ്ദേഹം രൂപഭാവങ്ങള്‍ മാറിയ നിലയിലായിരിക്കും അടുത്ത ഘട്ടം അടച്ചിടല്‍ എന്ന് സൂചനയുണ്ട്. അതേസമയം കൊവിഡ് 19 പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനം വരും ഈ തുക.
വാണിജ്യ,വ്യവസായ,നിക്ഷേപ മേഖലകളില്‍ നിര്‍ണായക ഇടപെടല്‍ നടത്തും. ഭൂമി, തൊഴില്‍, ധനലഭ്യത തുടങ്ങിയ ഘടകങ്ങളെല്ലാം ഇതിന്റെ ഭാഗമാകും. ആഗോള വിപണന ശൃംഖലയില്‍ കടുത്ത മത്സരത്തിന് രാജ്യത്തെ സജ്ജമാക്കുന്നതാണ് പാക്കേജ്. കര്‍ഷകര്‍ക്കും ഇടത്തരക്കാര്‍ക്കുമെല്ലാം പദ്ധതി നേട്ടമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വിശദാംശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കുമെന്നും മോദി പറഞ്ഞു. കൊവിഡ് 19 ലോകജനതയുടെ ജീവിതം താറുമാറാക്കി. ഇത്തരമൊരു ദുരിതം ലോകം ഇതുവരെ നേരിട്ടിട്ടില്ല. കോടിക്കണക്കിന് ജീവിതങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. എന്നാല്‍ കൊവിഡിനെ നമ്മള്‍ നേരിടുകയും മറികടന്ന് മുന്നേറുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധി ഒരേ സമയം വെല്ലുവിളിയും അവസരവുമാണ്. പ്രതിസന്ധിയെ അവസരമാക്കിയാണ് പിപിഇ കിറ്റുകളുടെ ദൗര്‍ലഭ്യം ഇന്ത്യ മറികടന്നത്. ലോകം ധനകേന്ദ്രീകൃത സ്ഥിതിയില്‍ നിന്ന് മനുഷ്യകേന്ദ്രീകൃതമായി. നമ്മുടെ ദൃഢനിശ്ചയം കൊവിഡ് വെല്ലുവിളിയേക്കാള്‍ വലുതാണ്. സ്വയംപര്യാപ്തത ഉറപ്പാക്കിയാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകും. മാനവരാശിയുടെ ഉന്നമനത്തിനായി രാജ്യത്തിന് ഏറെ സംഭാവനകള്‍ ഇന്ത്യയ്ക്ക് നല്‍കാനാകുമെന്നും മോദി പറഞ്ഞു.