കൊവിഡ് പശ്ചാത്തലത്തില്‍ തിരിച്ചടി നേരിട്ട ഇന്ത്യന്‍ കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കി മൂന്നാം ഘട്ട പാക്കേജ് പ്രഖ്യാപനം. കര്‍ഷകര്‍ക്കായി 11 ഉത്തേജന പദ്ധതികളാണ് പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. ഇതില്‍ എട്ടെണ്ണം ചരക്കുനിക്കവും സംഭരണവുമായി ബന്ധപ്പെട്ടതും, മൂന്നെണ്ണം ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസത്തിലും കര്‍ഷകരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു, താങ്ങുവിലയുടെ അടിസ്ഥാനത്തില്‍ 74300 കോടി രൂപയിലധികം നല്‍കി ഉല്‍പ്പന്നങ്ങള്‍ വാങ്ങിയെന്ന് ധനമന്ത്രി പറഞ്ഞു. പിഎം കിസാന്‍ ഫണ്ടിലൂടെ 18,700 കോടി രൂപയും, പിഎം ഫസല്‍ ബീമാ യോജന പ്രകാരം 64,000 കോടി രൂപയും കൈമാറി. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് 25 ശതമാനം വരെ പാല്‍ ഉപഭോഗം കുറഞ്ഞു. 560 ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം സഹകരണ സംഘങ്ങള്‍ വഴി സംഭരിച്ചു. 111 കോടി ലിറ്റര്‍ പാല്‍ അധികമായി വാങ്ങാന്‍ 4100 കോടി ചെലവാക്കിയെന്നും മന്ത്രി അറിയിച്ചു.
ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് രണ്ട് ശതമാനം പലിശ സബ്‌സിഡി പ്രഖ്യാപിച്ചു. മത്സ്യബന്ധന മേഖലയ്ക്കും സഹായമുണ്ട്, ചെമ്മീന്‍ കൃഷിക്കടക്കമാണ് പ്രധാന സഹായങ്ങളുള്ളത്. ഹാച്ചറികളുടെ രജിസ്‌ട്രേഷന് കൂടുതല്‍ സമയം നല്‍കി. കാര്‍ഷിക മേഖലയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിയുടെ പ്രഖ്യാപനമാണ് കേന്ദ്രമന്ത്രി നടത്തിയത്.
ഓപ്പറേഷന്‍ ഗ്രീനില്‍ എല്ലാ പച്ചക്കറികളും ഉള്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിന് നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കും. ഇടനിലക്കാരില്‍ നിന്നും മറ്റും കര്‍ഷകര്‍ നേരിടുന്ന ചൂഷണം ഇല്ലാതാക്കുകയാണ് ചട്ടക്കൂട് കൊണ്ട് ലക്ഷ്യമിടുന്നത്. 1995ലെ അവശ്യ സാധന നിയമത്തില്‍ ഭേദഗതി വരുത്തും. ഭക്ഷ്യ എണ്ണ, ഭക്ഷ്യ ധാന്യങ്ങള്‍, പയര്‍, ഉള്ളി, ഉരുളക്കിഴങ്ങ്, എന്നിവയെ അവശ്യ വസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കേന്ദ്രനിയമം കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു.