‘പല തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്ന വെല്ലുവിളി ഭരണാധികാരി എങ്ങനെ നേരിടുന്നു എന്നതിന്റെ നേര്‍ക്കാഴ്ച’

‘പല തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്ന വെല്ലുവിളി ഭരണാധികാരി എങ്ങനെ നേരിടുന്നു എന്നതിന്റെ നേര്‍ക്കാഴ്ച’

Published on

പല തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്ന വെല്ലുവിളിയെ ഒരു ഭരണാധികാരി എങ്ങനെ നേരിടുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനങ്ങളെന്ന് ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരക്കുടി. വിഷയങ്ങളെ കൃത്യമായി പഠിച്ചിട്ടാണ് അദ്ദേഹം വരുന്നത്. വേണ്ടത്ര നോട്ടുകള്‍ കൈയിലുണ്ട്. എല്ലാ വിശദാംശങ്ങളും കൃത്യമായി നിര്‍ത്തി നിര്‍ത്തി പറയുന്നു. അതിന് ശേഷം പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയുന്നു. കേരളത്തിലെ ആളുകള്‍ക്ക് എത്രമാത്രം ആത്മവിശ്വാസമാണ് ഇത് നല്‍കുന്നതെന്ന് രാഷ്ട്രീയത്തില്‍ മുഴുകിയിരിക്കുന്ന കാലത്ത് നമുക്ക് മനസ്സിലായി എന്ന് വരില്ല. മറ്റാരുമായും അദ്ദേഹത്തെ താരതമ്യം ചെയ്യേണ്ടതില്ല, കാരണം ഇതൊരു മത്സരമല്ല, മുരളി തുമ്മാരക്കുടി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനങ്ങളെക്കുറിച്ച് മുരളി തുമ്മാരക്കുടി

ഓരോ ദുരന്തങ്ങളുടെ കാലത്തും നമ്മുടെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ കാണുന്നത് ഒരു പൗരന്‍ എന്ന നിലയില്‍ എനിക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നു. ഒരു ദുരന്ത നിവാരണ വിദഗ്ദ്ധനെന്ന നിലയില്‍ ഇത് എന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. വിഷയങ്ങളെ കൃത്യമായി പഠിച്ചിട്ടാണ് അദ്ദേഹം വരുന്നത്. വേണ്ടത്ര നോട്ടുകള്‍ കൈയിലുണ്ട്. എല്ലാ വിശദാംശങ്ങളും കൃത്യമായി നിര്‍ത്തി നിര്‍ത്തി പറയുന്നു. അതിന് ശേഷം പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി പറയുന്നു. കേരളത്തിലെ ആളുകള്‍ക്ക് എത്രമാത്രം ആത്മവിശ്വാസമാണ് ഇത് നല്‍കുന്നതെന്ന് രാഷ്ട്രീയത്തില്‍ മുഴുകിയിരിക്കുന്ന കാലത്ത് നമുക്ക് മനസ്സിലായി എന്ന് വരില്ല. മറ്റാരുമായും അദ്ദേഹത്തെ താരതമ്യം ചെയ്യേണ്ടതില്ല, കാരണം ഇതൊരു മത്സരമല്ല. പല തലമുറയില്‍ ഒരിക്കല്‍ മാത്രം വരുന്ന വെല്ലുവിളിയെ ഒരു ഭരണാധികാരി എങ്ങനെ നേരിടുന്നു എന്നതിന്റെ നേര്‍ക്കാഴ്ച മാത്രമാണ്.

ഇന്നത്തെ പത്ര സമ്മേളനം നോക്കൂ. ലോക്ക് ഡൌണ്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ആളുകളുടെ മുന്‍ഗണന വേഗത്തില്‍ മാറുമെന്നും അത് 'ഭക്ഷണം, ആരോഗ്യം, കുടുംബം' എന്ന മൂന്നു കാര്യങ്ങളിലേക്ക് ചുരുങ്ങുമെന്നും ഇറ്റലിയില്‍ നിന്ന് വന്ന റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നല്ലോ. ഇന്നത്തെ പത്രസമ്മേളനത്തില്‍ അദ്ദേഹം അഞ്ചു പ്രാവശ്യം എടുത്തെടുത്തു പറഞ്ഞത് 'ഈ കൊറോണക്കാലത്ത് കേരളത്തില്‍ ഒരു കുടുംബം പോലും പട്ടിണി കിടക്കാന്‍ പാടില്ല' എന്നാണ്. ഇക്കാര്യം വെറുതെ മുദ്രാവാക്യമായി പറഞ്ഞുപോവുകയല്ല, മറിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ തുടങ്ങുന്നു, വാര്‍ഡ് അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, സന്നദ്ധപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന് സ്വന്തമായി ഭക്ഷണം ഉണ്ടാക്കാന്‍ പറ്റാത്തവരെ കണ്ടെത്തുന്നു, ഭക്ഷണം എത്തിക്കുന്നു.

ഭക്ഷണം പാചകം ചെയ്യാന്‍ കഴിവുള്ളവര്‍ക്ക് ആവശ്യത്തിന് അരിയും പലവ്യഞ്ജനവും നല്‍കുന്നു. എഫ് സി ഐ യില്‍ എട്ടു മാസത്തേക്കുള്ള അരിയുടെ ശേഖരം ഉണ്ടെന്ന് ഉറപ്പു പറയുന്നു. ഇതുപോലെ കൃത്യമായിട്ടാണ് മറ്റൊരോ കാര്യങ്ങളും പറയുന്നത്. അതിന് ശേഷം ആരോഗ്യ രംഗത്തെ തയ്യാറെടുപ്പുകളെ പറ്റിയും വിശദമായി പറഞ്ഞു. പല തരത്തില്‍ ആശങ്കയുള്ളവര്‍ക്കെല്ലാം മറുപടി കിട്ടുന്ന തരത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്.

കൊറോണയുമായി ഇപ്പോള്‍ പ്രധാനമായി യുദ്ധം നടന്നുകൊണ്ടിരിക്കുന്ന യൂറോപ്പിലെ രാജ്യങ്ങളെ വെച്ച് നോക്കുന്‌പോള്‍ വളരെ പരിമിതമായ വിഭവങ്ങള്‍ മാത്രമുള്ള ഒരു സംസ്ഥാനമാണ് കേരളം. പോരാത്തതിന് നാം ഒരു രാജ്യത്തെ സംസ്ഥാനവുമാണ്, അതിന്റെ പരിമിതികള്‍ വേറെയുമുണ്ട്. കൊറോണയുടെ പ്രധാന യുദ്ധരംഗം യൂറോപ്പില്‍ നിന്നും മാറി നമ്മുടെ നേരെ വരാന്‍ പോവുകയാണ്. ഈ വെല്ലുവിളിയെ കേരളം അതിജീവിച്ചാല്‍ (അതായത് നമ്മുടെ ആരോഗ്യരംഗത്തിന്റെ പരിമിതിക്കുള്ളില്‍ മൊത്തം കേസുകള്‍ പിടിച്ചു കെട്ടിയാല്‍) അത് ഒരു അത്ഭുതമായിരിക്കും, മറ്റുളളവര്‍ക്ക് മാതൃകയും. അങ്ങനെ സംഭവിക്കുന്നുവെങ്കില്‍ അതിന് മൂന്ന് കാരണങ്ങള്‍ മാത്രമേ ഉണ്ടാകൂ.

1. ഈ വെല്ലുവിളിയെ മുന്നില്‍ നിന്നു നയിക്കുന്ന സര്‍ക്കാര്‍.

2. പരിമിതികള്‍ക്കുള്ളിലും അത്യധ്വാനം ചെയ്യുന്ന ആരോഗ്യരംഗത്തെ പ്രവര്‍ത്തകര്‍.

3. സ്വയം അറിഞ്ഞും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും പരമാവധി മുന്‍കരുതലുകള്‍ എടുക്കുന്ന നമ്മുടെ ജനത.

സര്‍ക്കാര്‍ മുന്നില്‍ തന്നെ നിന്ന് ആവുന്നതെല്ലാം ചെയ്യുന്നുണ്ട്. സമൂഹത്തിലെ വിവിധ തലത്തിലുള്ള ആളുകള്‍ ആളും അര്‍ത്ഥവും നല്‍കി സര്‍ക്കാറിനോടൊപ്പം നില്‍ക്കുന്നു. അതിനിടെ ഒരു ചെറിയ ന്യൂനപക്ഷം ശുദ്ധമണ്ടത്തരവുമായി നടക്കുന്നു. ഒന്ന് രണ്ടു ദിവസത്തിനകം അവര്‍ക്കൊക്കെ കിട്ടേണ്ടത് കിട്ടും, അപ്പോള്‍ തോന്നേണ്ടത് തോന്നുകയും ചെയ്യും.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇത്രമാത്രം പത്രപ്രവര്‍ത്തകരുടെ മധ്യത്തില്‍ എല്ലാ ദിവസവും വന്നിരിക്കുന്നത് വാസ്തവത്തില്‍ ആരോഗ്യകരമല്ല. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തിരുന്നു. നാളെ മുതല്‍ നേരിട്ടുള്ള പത്ര സമ്മേളനം മാറ്റിവെച്ചു എന്ന് അദ്ദേഹം ഇന്ന് പറഞ്ഞു. ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ഈ യുദ്ധം നടക്കുമ്പോള്‍ അതിന് നേതൃത്വം നല്‍കുന്നവര്‍ ആരോഗ്യത്തോടെ മുന്നിലുണ്ടാകേണ്ടത് അവരുടെ വ്യക്തിപരമായ സുരക്ഷക്ക് മാത്രമല്ല, മുന്‍നിരയില്‍ ജോലി ചെയ്യുന്നവരുടെയും പൊതുജനങ്ങളുടേയും ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനും അത്യന്താപേക്ഷിതമാണ്. സുരക്ഷിതരായിരിക്കുക!

logo
The Cue
www.thecue.in