കൊവിഡ് കാലത്തെ മാതൃക, മാര്‍പ്പാപ്പയുടെ യഥാര്‍ത്ഥ പിന്‍മുറക്കാരനെന്ന് മന്ത്രി തോമസ് ഐസക്ക്

കൊവിഡ് കാലത്തെ മാതൃക, മാര്‍പ്പാപ്പയുടെ യഥാര്‍ത്ഥ പിന്‍മുറക്കാരനെന്ന് മന്ത്രി തോമസ് ഐസക്ക്
Published on

കൊവിഡ് രോഗിയുടെ മൃതദേഹം പ്രോട്ടോക്കോള്‍ പാലിച്ച് ഇടവക സെമിത്തേരിയില്‍ ദഹിപ്പിക്കാന്‍ അനുവാദം നല്‍കിയ ആലപ്പുഴ ലത്തീന്‍ രൂപതയുടെ നടപടിയെ പ്രശംസിച്ച് മന്ത്രി തോമസ് ഐസക്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കുമ്പോളുണ്ടാകുന്ന പുക തട്ടിയാല്‍ രോഗമുണ്ടാകുമെന്ന തരത്തില്‍ അടക്കം വ്യാജപ്രചരണം നടക്കുമ്പോഴായിരുന്നു മാതൃകാപരമായ തീരുമാനവുമായി ലത്തീന്‍ രൂപത രംഗത്തെത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രകൃതി-മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥപിന്മുറക്കാരനാവുകയാണ് ആലപ്പുഴ ലത്തീന്‍ അതിരൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തോമസ് ഐസക് പറയുന്നു. ലത്തീന്‍ അതിരൂപത ബിഷപ്പിന്റെ പ്രവൃത്തി വലിയൊരു സന്ദേശമാണ് നല്‍കുന്നതെന്നും മന്ത്രി തോമസ് ഐസക് കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആലപ്പുഴ ലത്തീന്‍ രൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. കോവിഡ് ബാധിച്ചു മരിക്കുന്ന സഭാവിശ്വാസികളുടെ ശരീരം പള്ളി സെമിത്തേരിയില്‍ ദഹിപ്പിക്കാനും അന്ത്യശൂശ്രൂഷകള്‍ ചെയ്യുന്നതിനും ഇടമൊരുക്കി ലോകത്തിന് മാതൃകയായി.

ഇലക്ട്രിക് ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിച്ചാലുണ്ടാകുന്ന പുകയില്‍ നിന്ന് വൈറസ് പടരുമെന്ന തെറ്റിദ്ധാരണയില്‍ തെരുവിലിറങ്ങിയ സാധാരണ മനുഷ്യരെ നാം കഴിഞ്ഞ ദിവസം കണ്ടു. ഇതുപോലെ ധാരാളം വ്യാജപ്രചരണങ്ങള്‍ക്കും തെറ്റായ വാര്‍ത്തകള്‍ക്കും മനുഷ്യര്‍ അടിപ്പെട്ടു പോകാന്‍ എല്ലാ സാധ്യതയുമുള്ള ഒരന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. മനപ്പൂര്‍വം മനുഷ്യരെ തെറ്റിദ്ധരിപ്പിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്നവരുമുണ്ട്. നമ്മുടെ രാജ്യം നേരിടുന്ന ഈ ആപത്ഘട്ടത്തില്‍ എല്ലാവരെയും യോജിപ്പിക്കുന്നതിനും വ്യാജപ്രചരണങ്ങളെ തള്ളുന്നതിനും മതമേലധ്യക്ഷന്മാര്‍ക്കും പുരോഹിതര്‍ക്കുമൊക്കെ ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

പ്രകൃതി-മനുഷ്യസ്നേഹത്തിന്റെ ഉദാത്തമാതൃകയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥപിന്മുറക്കാരനാവുകയാണ് ആലപ്പുഴ ലത്തീന്‍ അതിരൂപത ബിഷപ്പ് ജെയിംസ് ആനാപ്പറമ്പില്‍. അദ്ദേഹത്തിന്റെ പ്രവൃത്തി വലിയൊരു സന്ദേശമാണ്. എല്ലാ അര്‍ത്ഥത്തിലും മാതൃകാപരമായ തീരുമാനമെടുത്ത ആലപ്പുഴ ലത്തീന്‍ അതിരൂപതയെ ഒരിക്കല്‍ക്കൂടി അഭിനന്ദിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in