കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ച വാക്‌സിന്‍ 'കോവാക്‌സിന്‍ ടിഎം' മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി. പരീക്ഷണത്തിനായി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് അറിയിച്ചു. ജൂലൈ മാസത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി ചെയര്‍മാന്‍ ഡോ കൃഷ്ണ എല്ല വ്യക്തമാക്കി.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കര്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനൈ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിച്ചത്. വാക്‌സിനിലെ പ്രീ ക്ലിനിക്കല്‍ പഠനങ്ങളില്‍ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പ്രകടിപ്പിച്ച ശേഷമാണ് അനുമതി ലഭിച്ചതെന്ന് ഭാരത് ബയോടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രീക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചതിന് പിന്നാലെ വാക്‌സിന്‍ പ്രയോഗിക്കുന്നതിന്റെ സുരക്ഷ ഉള്‍പ്പടെയുള്ള വിശദമായ റിപ്പോര്‍ട്ട് കമ്പനി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രആരോഗ്യമന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു. അനുമതി ലഭിച്ചതിന് പിന്നാലെ രണ്ട് ഘട്ടങ്ങളിലായാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ഇതിന്റെ ആദ്യഘട്ടമാണ് ജൂലൈയില്‍ ആരംഭിക്കുന്നത്. ഇന്ത്യയില്‍ മുപ്പതോളം സ്ഥാപനങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ രംഗത്തുണ്ടെന്ന് കേന്ദസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.