‘പരസ്പരം സഹകരിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടിടത്ത് എന്തിനാണ് ഈ നാടകം കളിക്കുന്നത്, നാട്ടുകാര്‍ എല്ലാം കാണുന്നുണ്ട്’; കെകെ ശൈലജ
കോട്ടയത്ത് കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയെ ആശുപ്രതിയിലെത്തിക്കാന്‍ വൈകിയെന്ന ആരോപണത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. ആംബുലന്‍സ് എത്താന്‍ വൈകിയിട്ടില്ലെന്നും, ആംബുലന്‍സ് രോഗിയെ കൊണ്ടുവരാന്‍ പോകുമ്പോഴാണ് ബഹളം മുഴുവന്‍ ഉണ്ടായതെന്നും മന്ത്രി മീഡിയാവണ്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ചില തയ്യാറെടുപ്പുകള്‍ വേണം. അതിന്റെ സമയം മാത്രമാണ് എടുത്തതെന്നും മന്ത്രി പറഞ്ഞു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മന്ത്രിയുടെ വാക്കുകള്‍:
“പരിശോധനാഫലം ലഭിച്ച് ഉടനെ തന്നെ രോഗിയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. റിസല്‍ട്ട് പോസിറ്റീവായാല്‍ രോഗികളോട് പറയുന്നതിന് ഒരു രീതിയുണ്ട്. ആദ്യം രോഗിയെ വിളിച്ച്, റിസല്‍ട്ട് എണ്‍പത് തൊണ്ണൂറ് ശതമാനം പോസിറ്റീവാകാന്‍ സാധ്യതയുണ്ട് എന്നാണ് പറയുന്നത്. പിന്നീടാണ് പോസിറ്റീവാണ് എന്ന് അറിയിക്കുന്നത്. അത് പെട്ടെന്ന് അറിഞ്ഞ് ഷോക്കാവാതിരിക്കാനാണ്. രോഗി ക്വാറന്റൈനില്‍ ഉള്ളയാളാണ്. നേരിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതും.
ആംബുലന്‍സ് വരുന്നുണ്ടെന്ന് അവരെ അറിയിച്ചു, ശരി ഞങ്ങള്‍ ഇവിടിരിക്കാം എന്ന് അവര്‍ മറുപടിയും പറഞ്ഞു. ഒരു പൊസിറ്റീവ് രോഗിയെ കൂട്ടിക്കൊണ്ട് വരാന്‍ പോകുകയാണ്, അപ്പോള്‍ അതിന്റേതായ തയ്യാറെടുപ്പുകള്‍ വേണ്ടിവരും. ആംബുലന്‍സിലെ ഡ്രൈവര്‍ പിപിഇ എല്ലാം ധരിച്ച് ഇതിന് വേണ്ട സൗകര്യങ്ങള്‍ ആശുപത്രിയില്‍ ഒരുക്കി പുറപ്പെടുമ്പോഴേക്കും കുറച്ചു സമയം എന്തായാലും എടുക്കും. 5 മണി എന്ന് പറഞ്ഞാല്‍ കൃത്യം അഞ്ച് മണിക്ക് തന്നെ ആംബുലന്‍സിന് പ്രത്യക്ഷപ്പെടാന്‍ പറ്റില്ല. എത്ര സമയമാണ് എടുത്തത്, ആംബുലന്‍സ് പോയി കൊണ്ടിരിക്കുമ്പോഴാണ് ഈ പ്രശ്‌നമെല്ലാം ഉണ്ടാകുന്നത്.
അവിടെയുള്ള ഒരു പൊതുപ്രവര്‍ത്തകന്‍, ഏതോഒരാള്‍ ഫോട്ടോയൊക്കെ എടുത്ത്, ഇവിടെ രോഗി കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് പ്രചരിപ്പിച്ചത്. ഒരു ചാനലില്‍ നിന്ന് രോഗിയെ നേരിട്ട് വിളിച്ചിരുന്നു, തനിക്ക് ഇവിടെ കുഴപ്പമൊന്നുമില്ലെന്നും, ആംബുലന്‍സ് വരുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനെന്താ ഇത്രയും ബഹളമുണ്ടാക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ആ രോഗിയോട് ചെയ്യുന്ന അനീതിയാണ് യഥാര്‍ത്ഥത്തില്‍. അവിടെ ഒരു കൊവിഡ് പൊസിറ്റീവ് രോഗി ഉണ്ടെന്ന് എല്ലാവരെയും അറിയിച്ചിട്ടല്ല ഞങ്ങള്‍ പോകുന്നത്.
എന്തിനാണ് ഈ നാടകം കളിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. ആംബുലന്‍സ് എത്താന്‍ കാലതാമസവും ഉണ്ടായിട്ടില്ല. ആംബുലന്‍സ് എല്ലായിടത്തും റെഡിയാക്കി വെച്ചിട്ടുണ്ട്. ആംബുലന്‍സ് രോഗിയെ കൊണ്ടുവരാന്‍ പോകുന്നതിനിടയ്ക്കാണ് ഈ ബഹളം. നാട്ടുകാര്‍ എല്ലാം കാണുന്നുണ്ട്, അവര്‍ക്ക് എല്ലാം മനസിലാകുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പരസ്പരം സഹകരിച്ച് കാര്യങ്ങള്‍ ചെയ്യേണ്ടിടത്ത് എന്തിനാണ് ഇങ്ങനെ ഒരു വാര്‍ത്ത ഉണ്ടാക്കുന്നതെന്ന് എനിക്ക് അറിയില്ല. അഞ്ച് മണിക്ക് വിവരമറിഞ്ഞിട്ടും, ഏഴ് മണിയായിട്ടും ആംബുലന്‍സ് വന്നില്ല എന്ന് പറഞ്ഞാണ് ചര്‍ച്ച, ഇതൊന്നും ശരിയല്ല.”