തിരുവനന്തപുരത്തെ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും വികസിപ്പിച്ച റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ക്ക് അന്തിമാനുമതി നല്‍കാതെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഐസിഎംആറിന്റെ മെല്ലെപ്പോക്കിനെ തുടര്‍ന്ന് രാജ്യത്തെ ഈ സമുന്നതമായ സ്ഥാപനങ്ങളുടെ ടെസ്റ്റ് കിറ്റുകള്‍ ഇനിയും വിപണിയിലെത്തിക്കാനായിട്ടില്ല. ശ്രീചിത്രയുടെ കിറ്റുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമാനുതി ലഭിക്കാത്തതിനെ തുടര്‍ന്ന് തടസപ്പെട്ടു. കുറഞ്ഞ ചിലവില്‍ ലഭ്യമാക്കാവുന്ന ടെസ്റ്റ് കിറ്റുകളാണ് ശ്രീചിത്ര വികസിപ്പിച്ചത്. ഇത് നിര്‍ണായക നാഴികക്കല്ലായി വിദഗ്ധര്‍ വിലയിരുത്തിയതുമാണ്. ക്ഷമതാ പരിശോധന പൂര്‍ത്തീകരിക്കണമെന്നാണ് ഐസിഎംആറിന്റെ വിശദീകരണമെന്ന് ദ ഫെഡറല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപേക്ഷിച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് ശ്രീചിത്രയുടെ എക്‌സ്ട്രാക്ഷന്‍ കിറ്റിന് അനുമതി നല്‍കിയത്. അന്തിമ ക്ഷമതാ പരിശോധനയെന്ന ഘട്ടം ഇനിയും പൂര്‍ത്തിയായിട്ടില്ല.
ഏപ്രില്‍ 22 നാണ് രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്‌നോളജി തങ്ങളുടെ ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അംഗീകാരം തേടിയത്. എന്നാല്‍ 16 ദിവസത്തിന് ശേഷം കിറ്റിന്റെ ഉപയോഗക്ഷമത ഉറപ്പാക്കാന്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കുകയാണ് ചെയ്തത്. 4 ദിവസം കൊണ്ട് ഐസിഎംആറിന് ഇതിന് മറുപടി ലഭിച്ചിട്ടുമുണ്ട്. എന്നിട്ടും അന്തിമാനുമതിയില്‍ തീരുമാനം നീളുകയാണ്. രാജ്യത്തെ സമുന്നത സ്ഥാപനങ്ങളായ എസ്.സി.ടിയും ആര്‍.ജി.സി.ബിയുടെയും സുപ്രധാന ഗവേഷണങ്ങള്‍ക്ക് ഫലപ്രദമായ പിന്‍തുണ നല്‍കേണ്ട ഐസിഎംആറാണ് ഇത്തരത്തില്‍ ഉദാസീനത കാട്ടുന്നത്. മഹാമാരിക്കാലത്ത് അതിവേഗത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടയിടത്തുമാണ് ഈ മെല്ലെപ്പോക്ക്. ക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ തുടര്‍ഘട്ടം കൂടി പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നാണ് ഐസിഎംആറിന്റെ മറുപടിയെന്ന് ആര്‍.ജി.സി.ബി ഡയറക്ടര്‍ ഡോ. എം രാധാകൃഷ്ണ പിള്ള അറിയിക്കുന്നതായും ദ ഫെഡറല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐസിഎംആര്‍ നടപടികള്‍ വൈകിപ്പിക്കുന്നതില്‍ അതൃപ്തിയറിച്ച് ഇരു സംവിധാനങ്ങളുടെയും ഭരണസമിതി അംഗമായ ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
അതേസമയം ആര്‍.ജി.സി.ബി, എസ്‌സിടി എന്നിവ പോലെ ഗവേഷണ രംഗത്തെ മികവുറ്റ സ്ഥാപനങ്ങള്‍ വികസിപ്പിച്ചവയ്ക്ക് എന്തിനാണ് ഐസിഎംആറിന്റെ അനുമതിയെന്ന ചോദ്യവും ഉയരുന്നു. കൂടാതെ അതേ സംസ്ഥാനത്തുള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ തന്ന ക്ഷമതാ പരിശോധനയ്ക്ക് നിയോഗിക്കുന്നതിന്റെ അര്‍ത്ഥമെന്താണെന്നും പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധനായ ഡോ. ബി ഇക്‌ബോലിനെ പോലുള്ളവര്‍ ഉന്നയിക്കുന്നു. ഐസിഎംആര്‍ ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയോ റഗുലേറ്ററി സംവിധാനമോ അല്ല. 1860 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത അംഗീകൃത സൊസൈറ്റി മാത്രമാണത്. ഇക്കാര്യം പ്രൊഫസര്‍ എന്‍കെ ഗാംഗുലി കേസില്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ബയോമെഡിക്കല്‍ ഗവേഷണങ്ങള്‍ക്ക് രൂപം നല്‍കുകയും ഏകോപിപ്പിക്കുകയും പ്രോത്സാഹനം നല്‍കുകയുമാണ് ഇതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങളെ സഹായിക്കുകകയും രോഗങ്ങളും അവയുടെ കാരണങ്ങളും നിര്‍ദേശിക്കുകയുമാണ് ഐസിഎംആര്‍ നിര്‍വഹിക്കേണ്ടത്. അതല്ലാതെ ഈ സംവിധാനത്തിന് മറ്റ് കാര്യനിര്‍വഹണ അധികാരങ്ങളില്ല. അക്കാര്യം അവിടുത്തെ വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.