ബ്രിട്ടനില്‍ നിന്നെത്തിയ ലോക്‌നാഥ് ബെഹ്‌റയെ നിരീക്ഷണത്തില്‍ ആക്കിയിരുന്നോയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍, മാര്‍ച്ച് 3 മുതല്‍ 5 വരെ ബ്രിട്ടന്‍ സന്ദര്‍ശിച്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നിരീക്ഷണത്തില്‍ ആക്കിയിരുന്നോയെന്ന് സര്‍ക്കാരിനോട് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രോഗബാധിത മേഖലയില്‍ നിന്ന് മടങ്ങിയെത്തിയ പൊലീസ് മേധാവി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി പറയപ്പെടുന്നുവെന്നും മുല്ലപ്പള്ളി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഇംഗ്ലണ്ടില്‍ പതിനായിരത്തിലേറെ പേര്‍ക്കാണ് രോഗബാധ സംശയിക്കുന്നത്. എണ്ണൂറോളം പേര്‍ക്ക് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിയടക്കം നിരീക്ഷണത്തിലാണ്. കേരളത്തിലെത്തിയ വിദേശ പൗരന് ഇതിനകം രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് 4 മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.
ഇതനുസരിച്ച് കേരളത്തില്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണം. എല്ലാവര്‍ക്കും നിര്‍ബന്ധമാക്കിയ ഈ നിര്‍ദേശം പൊലീസ് മേധാവിക്ക് ബാധകമാക്കിയോ എന്ന് ആശങ്ക ഉയരുകയാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ പൂര്‍ണരൂപം
കൊവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കെ മാര്‍ച്ച് 3 മുതല്‍ 5വരെ ബ്രിട്ടനില്‍ പര്യടനം നടത്തിയശേഷം മടങ്ങിയെത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെ നിരീക്ഷണത്തില്‍ വച്ചുവോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
രോഗബാധിത മേഖലയില്‍ നിന്നു മടങ്ങിയെത്തിയ പോലീസ് മേധാവി നിരവധി പരിപാടികളില്‍ പങ്കെടുത്തതായി പറയപ്പെടുന്നു. 10,000ലേറെപ്പേര്‍ക്കാണ് ഇംഗ്ലണ്ടില്‍ രോഗബാധ സംശയിക്കുന്നത്. എണ്ണൂറോളം പേര്‍ക്ക് സ്ഥിരീകരിച്ചുകഴിഞ്ഞു. അവിടത്തെ ആരോഗ്യമന്ത്രിക്ക് കൊവിഡ് 19 പിടിപെട്ടു. പ്രധാനമന്ത്രിയുടെ വസതിയടക്കം നിരീക്ഷണത്തിലാണ്. കേരളത്തിലെത്തിയ വിദേശപൗരന് ഇതിനകം രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തിയെങ്കിലും അവിടെ നിന്ന് ചാടിപ്പോയത് വിവാദമായിരിക്കുകയാണ്.
മാര്‍ച്ച് 4 മുതല്‍ യൂണിവേഴ്‌സല്‍ സ്‌ക്രീനിംഗ് ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേരളത്തിൽ ഉൾപ്പെടെ എത്തിയിട്ടുള്ള എല്ലാ വിദേശപൗരന്മാരും, വിദേശത്ത് നിന്ന് തിരികെയെത്തിയ ഇന്ത്യക്കാരും നിരീക്ഷണത്തിലായിരിക്കണം. എല്ലാവര്‍ക്കും ബാധകമായ ഈ നിബന്ധന ബ്രട്ടീഷ് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ പോലിസ് മേധാവിക്കു ബാധകമാക്കിയിട്ടുണ്ടോ എന്ന ആശങ്കയാണ് ഉയരുന്നത്.
ഇറ്റലിയില്‍നിന്നു തിരികെയെത്തിയ റാന്നിയിലെ കുടുംബം യാതൊരുവിധ മുന്നറിയിപ്പോ സൗകര്യങ്ങളോ ഏര്‍പ്പെടുത്താതിരുന്ന നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്കു പോയപ്പോള്‍ അവര്‍ നാടിനെ വഞ്ചിച്ചുവെന്നാണ് ആരോഗ്യമന്ത്രിയും സര്‍ക്കാരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പ്രൈം ടൈമിൽ വാർത്താ സമ്മേളനം നടത്തുന്ന മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സാമൂഹ്യബോധവും കടമയും പ്രകടിപ്പിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തുടരെ തുടരെ പറയുന്നത്. അങ്ങനെയെങ്കിൽ ഡിജിപിയെ നിരീക്ഷിക്കാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത് എന്ന് വ്യക്തമാക്കണം