എണ്‍പതോളം പേര്‍ക്ക് ഒറ്റ ശൗചാലയം, പണം നല്‍കി വാങ്ങുന്ന വെള്ളം, കൊവിഡ് കാലത്തെ ധാരാവി
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലെ ധാരാവി ചേരി കൊവിഡ് കാലത്ത് ആശങ്ക ഉയര്‍ത്തിയ മേഖലയാണ്. രണ്ട് പേരാണ് കൊവിഡ് ബാധിച്ച് ധാരാവിയില്‍ ഇതുവരെ മരിച്ചത്. 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടം എന്നതും പ്രാഥമിക സൗകര്യങ്ങളില്‍ ഉള്‍പ്പെടെ ധാരാവിയിലെ ചേരികള്‍ കാലങ്ങളായി നേരിടുന്ന പരിമിതികളുമാണ് രോഗികളുടെ എണ്ണം കൂടുമ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നത്.
രാജ്യത്ത് രോഗികളുടെ എണ്ണം ആയിരം കടന്ന ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നഗരം, മുംബൈയിലെ ധാരാവി ചേരിയില്‍ 15 ലക്ഷത്തോളം ആളുകളാണ് തിങ്ങിപ്പാര്‍ക്കുന്നത്. മുംബൈ മഹാനഗരമായി നാള്‍ക്കുനാള്‍ വളര്‍ന്നപ്പോഴും ശുചീകരണത്തൊഴിലാളിയും ദിവസ വേതനക്കാരായി പല തൊഴില്‍മേഖലയില്‍ ഉള്ളവരും ഉള്‍പ്പെടുന്ന ഈ ചേരി വികസനമെത്താ മേഖലയായി തുടര്‍ന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പടെ താമസിക്കുന്ന ധാരാവി, ഏറ്റവും ജനസാന്ദ്രയുള്ള പ്രദേശമാണ്. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ചേരിയില്‍ 3000ത്തോളം ആളുകളെ ഇതിനകം ക്വാറന്റൈന്‍ ചെയ്തു കഴിഞ്ഞു. പലയാളുകളും അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറാകുന്നില്ലെന്ന് തൊഴിലാളികള്‍ക്കെതിരെ പരാതിയുണ്ട്.
കൊറോണ വൈറസിനെ ആളുകള്‍ക്ക് ഭയമുണ്ട്, പക്ഷെ അതിനേക്കാള്‍ അവര്‍ക്ക് ഭയം ജോലി നഷ്ടപ്പെടുമോ, ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ കൊണ്ടുപോകുമോ എന്നതാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞതായി ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പലരും യഥാര്‍ത്ഥ വിവരം നല്‍കാത്തതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കിരണ്‍ ദിഗാവ്കറിനെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു. ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ചതിന് അവര്‍ക്കെതിരെ കേസെടുക്കുമോ എന്നാണ് പലരും ഭയപ്പെടുന്നത്. കൊവിഡ് ഇതിനകം തന്നെ അവരുടെ കുടിലുകളില്‍ എത്തിയിരിക്കാമെന്ന ഭയവും അവര്‍ക്കുണ്ട്. തൊഴില്‍ നഷ്ടത്തിന് പുറമേ രോഗഭീതിയും മാനസികമായി തളര്‍ത്തിയിട്ടുണ്ട് മിക്കവരെയും.
ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയില്‍ സാമൂഹിക അകലം പാലിക്കുക എന്നത് ഒരു തരത്തിലും പ്രായോഗികവുമല്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പല കാലങ്ങളിലായി ധാരാവിയോട് ഉള്‍പ്പെടെ കാണിക്കുന്ന അകല്‍ച്ചയും ബോധവല്‍ക്കരണത്തില്‍ ഉള്‍പ്പെടെ പ്രതിഫലിക്കുന്നുണ്ട്. ധാരാവിയില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് നിയന്ത്രിക്കുക സര്‍ക്കാരിനെ സംബന്ധിച്ച് വളരെ ശ്രമകരവുമാകും.
25 രൂപ വീതം നല്‍കിയാണ് അവര്‍ വെള്ളം വാങ്ങുന്നത്. ഒരേ ശൗചാലയം എണ്‍പതോളം ആളുകളാണ് ഉപയോഗിക്കുന്നത്. അവരോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും, കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകണം എന്നും പറഞ്ഞാല്‍ അത് എങ്ങനെ സാധ്യമാകുമെന്ന് ഒരു സന്നദ്ധസംഘടനയുടെ ഡയറക്ടര്‍ വിനോദ് ഷെട്ടി ബ്ലൂംബെര്‍ഗിനോട് പറഞ്ഞു.
ധാരാവിയില്‍ താമസിക്കുന്ന പല തൊഴിലാളികളും ലോക്ക് ഡൗണിന് മുമ്പായി അവരവരുടെ ഗ്രാമങ്ങളിലേക്ക് പോയി. ഇപ്പോഴും ചേരിയില്‍ താമസിക്കുന്ന വലിയൊരു വിഭാഗം ആളുകള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളുമാണ് ഭക്ഷണം എത്തിക്കുന്നത്. മുംബൈയിലെ ആശുപത്രികള്‍ കൊവിഡ് രോഗികളെ കൊണ്ട് നിറയാതിരിക്കണമെങ്കില്‍, ധാരാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ലോക്ക് ഡൗണ്‍ കാലാവധി അവസാനിച്ചാല്‍ പലയാളുകളും തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്. ഇത് നിലവിലെ സാഹചര്യത്തില്‍ വൈറസുകളുടെ വ്യാപനത്തിന് വരെ ഇത് കാരണമായേക്കാം. ഇങ്ങനെയൊരു സാഹചര്യമുണ്ടാകാതിരിക്കാനുള്ള പ്രയത്‌നത്തിലാണ് സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍. ധാരാവി ചേരി പൂര്‍ണമായും അടച്ചിടുന്നത് പരിഗണിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.