കൊവിഡ് 19: പാലക്കാട്ടെ രോഗി ക്വാറന്റീനില്‍ പോയില്ല, യാത്ര ചെയ്തത് ദിവസങ്ങളോളം, റൂട്ട് മാപ്പില്‍ ആശങ്ക
കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് സ്വദേശി ക്വാറന്റീനില്‍ പോകാതെ പലയിടങ്ങളിലും കറങ്ങി നടന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 13ന് ദുബായില്‍ നിന്ന് മടങ്ങി എത്തിയ ഇയാള്‍ ദിവസങ്ങളോളം നാട്ടിലൂടെ കറങ്ങി നടക്കുകയും വിവിധ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കലും ഇതോടെ ദുഷ്‌കരമായിരിക്കുകയാണ്.
രോഗലക്ഷണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 21നാണ് ഇയാള്‍ നിരീക്ഷത്തിന് വിധേയനായത്. ബുധനാഴ്ച രോഗം സ്ഥിരീകരിക്കുകയായിരുന്നു. 51 വയസുകാരന്‍ ഉംറ തീര്‍ത്ഥാടനത്തിന് ശേഷമാണ് കേരളത്തിലെത്തിയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി മണ്ണാര്‍ക്കാട്ടെ വീട്ടിലേക്ക് വരുകയായിരുന്നു. ഇതിന് ശേഷം പല സ്ഥലങ്ങളിലും ബസിലുള്‍പ്പടെ സഞ്ചരിച്ചു. ബന്ധുവീടുകളില്‍ അടക്കം ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു.
വിദേശത്തു നിന്ന് വരുന്നവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന നിര്‍ദേശങ്ങള്‍ അവഗണിച്ചായിരുന്നു ഇയാളുടെ സഞ്ചാരം. നേരിയ പനിയും ചുമയും ഉണ്ടായിരുന്നുവെങ്കിലും ആദ്യഘട്ടത്തില്‍ അവഗണിച്ചു. ഏറെ കഴിഞ്ഞാണ് ആരോഗ്യവകുപ്പിനെ നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് ഇയാളെ നിരീക്ഷണത്തിലാക്കുകയായിരുന്നു. കൂടുതല്‍ പേരിലേക്ക് വൈറസെത്താനുള്ള സാധ്യത ഉള്ളതിനാല്‍ സമ്പര്‍ക്കപ്പട്ടിക എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
51കാരന്റെ മകനും നിരീക്ഷണത്തിലാണ്. മകന്‍ കെഎസ്ആര്‍ടി ബസ് കണ്ടക്ടറാണ്. മണ്ണാര്‍ക്കാട് നിന്ന് ആനക്കട്ടി, തിരുവനന്തപുരം ബസുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മാര്‍ച്ച് 17ന് ആനക്കട്ടി ബസിലായിരുന്നു. 18ന് തിരുവനന്തപുരത്തെത്തി. കായംകുളം കെഎസ്ആര്‍ടിസി കാന്റീന്‍, തിരുവനന്തപുരം വികാസ് ഭവന് സമീപം കഞ്ഞിക്കട എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.