സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കൊവിഡ് 19; ആര്‍ക്കും രോഗമുക്തിയില്ല

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കൊവിഡ് 19; ആര്‍ക്കും രോഗമുക്തിയില്ല
Published on

സംസ്ഥാനത്ത് 3 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 3 പേരും വയനാട് ജില്ലയില്‍. സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചത്. ഇന്ന് രോഗബാധയുള്ള ആരുടെയും ഫലം നെഗറ്റീവ് ആയിട്ടില്ല. ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 502 പേര്‍ക്ക്. 21,342 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 21,034 പേര്‍ വീടുകളിലും, 308 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

33,800 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 33,265 എണ്ണം രോഗം ഇല്ല എന്ന് സ്ഥിരീകരിച്ചു. ഇന്ന് 1024 ടെസ്റ്റുകള്‍ നടത്തി. നാല് ജില്ലകള്‍ നിലവില്‍ കൊവിഡ് മുക്തമാണ്. കേന്ദ്രതീരുമാനം അനുസരിച്ചി കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസങ്ങളിലായി എത്തിച്ചേരുക 2250 പേരാണ്. കേരളം തയ്യാറാക്കിയ അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ എണ്ണം ഇതിലും വളരെ അധികമാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തത് 442,000 പേരാണ്.

തൊഴില്‍ നഷ്ടപ്പെട്ടവര്‍, കരാര്‍ പുതുക്കി നല്‍കാത്തവര്‍, ജയില്‍ മോചിതര്‍, ഗര്‍ഭിണികള്‍, ലോക്ക് ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന കുട്ടികള്‍, വിസിറ്റ് വിസയില്‍ പോയി കാലാവധി കഴിഞ്ഞവര്‍, കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ അടങ്ങുന്നതായിരുന്നു കേരളം തയ്യാറാക്കിയ മുന്‍ഗണനാ പട്ടിക. ഇത് കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ തന്നെ ഇവരെ നാട്ടിലെത്തിക്കണമെന്നുള്ളതാണ് കേരളത്തിന്റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in