കൊവിഡ് 19 വ്യാപനം കൂടിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണം. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
തിരുവനന്തപുരം നഗരത്തില്‍ മാര്‍ക്കറ്റുകളിലും മാളുകളിലുമുള്‍പ്പടെയാണ് കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നത്. ചാല, പാളയം തുടങ്ങിയ പ്രധാന മാര്‍ക്കറ്റുകളില്‍ കടകള്‍ തുറക്കാന്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കള്‍, ചൊവ്വ, വെള്ള, ശനി ദിവസങ്ങളില്‍ പച്ചക്കറി, പഴം തുടങ്ങിയ കടകള്‍ പ്രവര്‍ത്തിക്കും. മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കുന്നത് തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലായിരിക്കും. പലചരക്ക് കടകളും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും.
കേരളത്തില്‍ ചൊവ്വാഴ്ച മാത്രം 141 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 1640 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതും ഉറവിടം കണ്ടെത്താനാകാത്തതുമായ കേസുകളും ഉണ്ടാകുന്നുണ്ട്. പരിശോധനകളുടെയും പരിശോധനാകേന്ദ്രങ്ങളുടെയും എണ്ണം കൂട്ടാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.