സംസ്ഥാനത്തെ കടകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പം മാറി. രാവിലെ 7 മണി മുതല്‍ അഞ്ച് മണി വരെയാണ് കടകള്‍ തുറക്കുക. കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണിത്. കാസര്‍കോട് ജില്ലയില്‍ രാവിലെ 11 മണി മുതല്‍ 5 വരെയായിരിക്കും കടകള്‍ തുറക്കുക. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.
ചീഫ് സെക്രട്ടറി ടോം ജോസ് ഇറക്കിയ ഉത്തരവിലെ പിഴവാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. രാവിലെ 11 മണി മുതല്‍ അഞ്ച് വരെ കടകള്‍ തുറക്കുമെന്നായിരുന്നു ഇന്നലെ ഉത്തരവിറങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത് രാവിലെ 7 ന് തുറക്കുമെന്നായിരുന്നു.
കാസര്‍കോട് ജില്ലയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചു വരെ ബേക്കറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു. എന്നാല്‍ ബേക്കറി കടകളില്‍ ചായ, കോഫി, ഉള്‍പ്പടെ പാനീയങ്ങള്‍ വിതരണം ചെയ്യരുത് യാതൊരു കാരണവശാലും കടകളില്‍ ആളുകള്‍ കൂട്ടം കൂടരുത്. ജനങ്ങള്‍ വീടിനകത്ത് ഇരിക്കണം.അനാവശ്യമായി പുറത്തിറങ്ങരുത്. അവശ്യസാധനങ്ങള്‍ക്ക് കടകളില്‍ എത്തുന്നവര്‍ പോലീസ് നിര്‍ദ്ദേശം അനുസരിക്കണം. ക്യൂ പാലിക്കണം. ചിക്കന്‍, മട്ടന്‍, ബീഫ് സ്റ്റാളുകള്‍ തുറക്കണം. അവിടെ ആളുകള്‍ കൂട്ടം കൂടിയാല്‍ കട അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.