‘വൈറസിന് അതിര്‍ത്തിയില്ല, എങ്ങോട്ടും തിരിയാം, പെട്ടെന്ന് കെട്ടടങ്ങില്ല’; ലോക്ക്ഡൗണ്‍ ഇതേനിലയില്‍ മൂന്നാഴ്ച നീട്ടണമെന്നതില്‍ ഉറച്ച് ഐഎംഎ
കേരളത്തില്‍ നിലവില്‍ കൊവിഡ് 19 മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലുമുള്ള കുറവ് നേരിയ ആശ്വാസത്തിന് മാത്രം വക നല്‍കുന്നതാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ചെറിയ ശാന്തതയുണ്ടെന്ന് കരുതി വലിയ തിരമാല അടിക്കില്ലെന്ന് പറയാനാകില്ലെന്നും അതീവ ജാഗ്രത തുടരേണ്ടതുണ്ടന്നും ഐഎംഎ സംസ്ഥാന പ്രസിണ്ടണ്ട് ഡോ. എബ്രഹാം വര്‍ഗീസ് ദ ക്യുവിനോട് പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാലാണ് വലിയ തോതിലുള്ള വ്യാപനമുണ്ടാകാതിരുന്നത്. ഇല്ലെങ്കില്‍ രോഗബാധ നാലിരട്ടിയെങ്കിലുമാകുമായിരുന്നു. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോയാലേ പൂര്‍ണാര്‍ത്ഥത്തില്‍ ആശ്വസിക്കാനാകൂ. ഈ വൈറസ് പുറത്തുനിന്ന് എത്തിയതാണെന്ന ധാരണയുണ്ടാകണം.14 ന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ പുറത്തുനിന്ന് വന്‍തോതില്‍ ആളുകള്‍ സംസ്ഥാനത്തേക്ക് എത്താന്‍ സാധ്യതയുണ്ട്. ഇത് ശക്തമായ വ്യാപനത്തിന് ഇടയാക്കിയേക്കാം.
മഹാരാഷ്ട്ര, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ ഗൗരവത്തോടെ വിലയിരുത്തേണ്ടതുണ്ട്. അതിനാല്‍ ഇതേ രീതിയില്‍ ലോക്ക് ഡൗണ്‍ മൂന്ന് ആഴ്ച കൂടി നീട്ടണമെന്ന നിലപാടില്‍ സംഘടന ഉറച്ചുനില്‍ക്കുന്നുവെന്നും ഡോ. എബ്രഹാം വര്‍ഗീസ് പറഞ്ഞു. നിയന്ത്രണങ്ങള്‍ വരുത്തിയിട്ടും ആളുകള്‍ കളിക്കാനും കല്യാണം കൂടാനുമൊക്കെ പോകുന്നുണ്ട്. ഗൗരവേറിയ സാഹചര്യത്തെ ചിലര്‍ ഇനിയും പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. അതിനാല്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ വരുത്തുന്നതും പ്രതിസന്ധിയാണുണ്ടാക്കുക. ഒരു പ്രളയമുണ്ടായാല്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സാധാരണനിലയിലായേക്കാം. പക്ഷേ ഇത് വൈറസാണ്. പെറ്റ് പെരുകുന്നതാണ്, പെട്ടെന്ന് കെട്ടടങ്ങുന്നതല്ല. വൈറസിന് അതിര്‍ത്തികളില്ല, മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമടക്കം മറ്റ് സംസ്ഥാനങ്ങളിലെ അവസ്ഥ നമ്മുടെയും പ്രശ്‌നമായി കാണേണ്ടതുണ്ട്. ജില്ലയോ സംസ്ഥാനമോ എന്ന് അതിര്‍ത്തി തിരിച്ച് കാണാനാകില്ല. ഇന്ത്യയെ ഒന്നായി കണ്ടുള്ള നിയന്ത്രണങ്ങളും നടപടികളുമാണ് വേണ്ടത്.
ഏത് വ്യക്തിയും കൊവിഡ് 19 പോസിറ്റീവ് ആകാനുള്ള സാധ്യതയുണ്ടെന്ന് കണക്കാക്കിയുള്ള അകലം പാലിക്കലും വ്യക്തിശുചിത്വം പിന്‍തുടരലുമല്ലാതെ നിവൃത്തിയില്ല. അത്രമേല്‍ ശ്രദ്ധ തുടര്‍ന്നാല്‍ മൂന്നാഴ്ചയ്ക്ക് ശേഷം നമുക്ക് സമാധാനിക്കാനുള്ള വകയുണ്ടാകും. കൂടുതല്‍ ആളുകളെ നീരീക്ഷിച്ചാലേ കമ്മ്യൂണിറ്റി സ്‌പ്രെഡിന്റെ കാര്യത്തിലും അന്തിമ തീര്‍പ്പില്‍ എത്താനാകൂ. മൂന്നരക്കോടി ജനങ്ങളുള്ള സംസ്ഥാനത്ത് കഷ്ടി അതിന്റെ പത്ത് ശതമാനം മാത്രമാണ് പരിശോധിക്കപ്പെട്ടിട്ടുള്ളത്. ഈ കണക്ക് അടിസ്ഥാനമാക്കി സമൂഹ വ്യാപനം സംബന്ധിച്ച് ഒരു തീരുമാനത്തിലെത്തുക സാധ്യമല്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. മുംബൈയിലെ വലിയ ആശുപത്രി അടച്ചുപൂട്ടേണ്ടി വന്നു. കേരളത്തില്‍ ഏതെങ്കിലും മെഡിക്കല്‍ കോളജ് പൂട്ടേണ്ടി വരുന്നത് നിലവിലെ സാഹചര്യത്തില്‍ ചിന്തിക്കാവുന്നതല്ലെന്നും ഡോ. എബ്രഹാം വര്‍ഗീസ് ദ ക്യുവിനോട് പറഞ്ഞു.