‘6 മരണം, 200 പേര്‍ക്ക് ലക്ഷണങ്ങള്‍’; കൊവിഡ് വ്യാപന ഭീതിയില്‍ നിസാമുദ്ദീന്‍ 

‘6 മരണം, 200 പേര്‍ക്ക് ലക്ഷണങ്ങള്‍’; കൊവിഡ് വ്യാപന ഭീതിയില്‍ നിസാമുദ്ദീന്‍ 

Published on

നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് നടത്തിയ മതചടങ്ങില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി അധികൃതര്‍. പരിസരത്തുള്ള ഇരുന്നൂറോളം ആളുകളെയാണ് കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിസാമുദ്ദീനില്‍ മാര്‍ച്ച് മാസം ആദ്യം നടന്ന മതചടങ്ങില്‍ പങ്കെടുത്തവരെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പങ്കെടുത്ത കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആളുകള്‍ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 1500ഓളം ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ 981 പേരെ കണ്ടെത്തിയിട്ടുണ്ട്. 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തെലങ്കാനയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 194 പേരെ കണ്ടെത്തി. ചടങ്ങില്‍ 22 മലയാളികള്‍ പങ്കെടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജമ്മു കാശ്മീര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇത് കൂടാതെ ഇന്തോനേഷ്യ, മലേഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സമ്മേളനത്തിനായി ആളുകളെത്തിയിരുന്നു.

മതസമ്മേളനത്തിനായി എത്തിയ പല ആളുകളും ഇന്ത്യയിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതാണ് ആശങ്കയുണ്ടാക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മതപ്രചാരണത്തിനായി തമിഴ്‌നാട്ടില്‍ എത്തിയ ഏഴംഗ തായ്‌വാന്‍ സംഘത്തിലെ രണ്ട് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെയായിരുന്നു പങ്കെടുത്ത മുഴുവന്‍ ആളുകളെയും കണ്ടെത്തി വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗം സ്ഥിരീകരിച്ച ഇന്തോനേഷ്യയില്‍ നിന്നെത്തിയവര്‍ ഹൈദരാബാദിലും എത്തിയിരുന്നു.

നിസാമുദ്ദീന്‍ മേഖലയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. നിരീക്ഷണത്തിനായി ഡ്രോണുകള്‍ ഉള്‍പ്പടെ വിന്യസിച്ചതായി പൊലീസ് അറിയിച്ചു. നിസാമുദ്ദീനും പരിസരപ്രദേശങ്ങളും പൂര്‍ണമായും ഡല്‍ഹി പൊലീസിന്റെ നിയന്ത്രണത്തിലാണ്.

logo
The Cue
www.thecue.in