രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാളുകളും, തിയറ്ററുകളും അടച്ചിടാന്‍ നിര്‍ദ്ദേശം

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാളുകളും, തിയറ്ററുകളും അടച്ചിടാന്‍ നിര്‍ദ്ദേശം

Published on

കോവിഡ് 19 രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാളുകള്‍, ജിം, തിയറ്റര്‍, മ്യൂസിയം, സാമൂഹിക-സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ മാര്‍ച്ച് 31 വരെ അടച്ചിടണമെന്നാണ് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ പഠനത്തിലേക്ക് കേന്ദ്രീകരിക്കുന്ന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ തുടരണമെന്ന് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.

പൊതുഗതാഗത സംവിധാനം കുറയ്ക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇന്ത്യയില്‍ 15 സംസ്ഥാനങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍. 37 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

എല്ലാ ഇന്റർവ്യൂകളും മാറ്റിവച്ചതായി പിഎസ്‌സി

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 14 വരെ നിശ്ചയിച്ചിരുന്ന എല്ലാ ഇന്റർവ്യൂകളും മാറ്റിവച്ചതായി പിഎസ്‌സി അറിയിച്ചു. ഏപ്രിൽ മാസത്തെ ഇന്റർവ്യൂ പ്രോഗ്രാം പുതുക്കി പ്രസിദ്ധീകരിക്കും.

കേരളത്തില്‍ 24

കേരളത്തില്‍ 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ ഒരാള്‍ക്കും കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 27 ആണ്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 24 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

146 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടന കോവിഡ് 19 രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ രോഗബാധയ്‌ക്കെതിരെ ജാഗ്രതയും നിരീക്ഷണവും ശക്തിപ്പെടുത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 12,740 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 12,470 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 2297 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 1693 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

logo
The Cue
www.thecue.in