മാസ്‌കിന് കൊള്ളവില ഗുരുതരകുറ്റം, റെയ്ഡും കര്‍ശന നടപടിയുമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

മാസ്‌കിന് കൊള്ളവില ഗുരുതരകുറ്റം, റെയ്ഡും കര്‍ശന നടപടിയുമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി

Published on

കൊറോണാ വൈറസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ മാസ്‌കുകള്‍ക്ക് കൊള്ളവില ഈടാക്കുന്നതായി പല ജില്ലകളില്‍ നിന്നായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മാസ്‌കിനും സാനറ്റൈസറിനും മൂന്നിരട്ടിയോളം വില ഈടാക്കുന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലും ചിലര്‍ പരാതിപ്പെട്ടിരുന്നു. എല്ലാ ആളുകളും ഭയംകൊണ്ട് മാസ്‌ക് വാങ്ങും എന്നുകരുതി മാസ്‌കുകള്‍ക്ക് അനിയന്ത്രിതമായി വില കൂട്ടുന്നത് ഗുരുതര കുറ്റമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.

റെയ്ഡും നടപടിയും ഉറപ്പ്

നമ്മളെല്ലാം ഒരുമിച്ചു ചേര്‍ന്ന് കൊറോണ വൈറസ് ബാധ തടയാന്‍ ശ്രമിക്കുകയാണ്. കൂട്ടായുള്ള പരിശ്രമത്തിന്റെ ഭാഗമായി നമുക്ക് ഈ വൈറസ് ഭീതി അവസാനിപ്പിക്കാന്‍ കഴിയും എന്നുതന്നെയാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ചിട്ടയായ പ്രവര്‍ത്തനത്തിന് ഇടയില്‍ ചിലര്‍ സ്വാര്‍ത്ഥ താല്‍പ്പര്യത്തിന് ശ്രമം നടത്തുന്നുണ്ട്. എല്ലാ ആളുകളും ഭയംകൊണ്ട് മാസ്‌ക് വാങ്ങും എന്നുകരുതി മാസ്‌കുകള്‍ക്ക് അനിയന്ത്രിതമായി വില കൂട്ടുന്നത് കുറ്റകരമാണ്. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. മൂന്നിരട്ടിയും നാലിരട്ടിയും വില കൂട്ടി വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മനുഷ്യത്വരഹിതമായി ഇത്തരമൊരു കാര്യം വ്യാപാരികള്‍ ആരും ചെയ്യരുത്. റെയ്ഡ് ചെയ്യപ്പെടും. ഗുരുതരമായ കുറ്റകൃത്യമാണ്.

കോവിഡ് 19: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും യാത്രാ ചരിത്രമുള്ളവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികൾ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. ഇവർ മറ്റ് സ്ഥലങ്ങളില്‍ യാത്ര ചെയ്യാതെ നേരെ വീടുകളിലെത്തി സ്വയം പ്രതിരോധം തീര്‍ക്കണം. വീട്ടിനുള്ളില്‍ ആരുമായി സമ്പര്‍ക്കമില്ലാതെ ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ തന്നെ 28 ദിവസം കഴിയേണ്ടതാണ്.പാത്രങ്ങള്‍, കപ്പ്, ബെഡ് ഷീറ്റ്, തുടങ്ങിയവ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.തോര്‍ത്ത്, വസ്ത്രങ്ങള്‍, കിടക്കവിരി മുതലായവ ബ്‌ളീച്ചിംഗ് ലായനി(1 ലിറ്റര്‍ വെള്ളത്തില്‍ 3 ടിസ്പൂണ്‍ ബ്‌ളീച്ചിംഗ് പൌഡര്‍ ) ഉപയോഗിച്ച് പ്രത്യേകം കഴുകി വെയിലത്ത് ഉണക്കി ഉപയോഗിക്കേണ്ടതാണ്

2. ചുമ, പനി, തൊണ്ടവേദന എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനു ശേഷം ആരോഗ്യ പ്രവർത്തകർ നൽക്കുന്ന നിർദേശമനുസരിച്ച് പ്രവർത്തിക്കുക. രോഗലക്ഷണങ്ങൾ രഹസ്യമായി വയ്ക്കരുത്. പൊതു വാഹനങ്ങൾ
യാത്രക്ക് ഒഴിവാക്കണം.

3.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചു വായയും മൂക്കും മൂടുക. അല്ലെങ്കിൽ മടക്കിയ കൈമുട്ടിനുള്ളിലേക്കു തുമ്മുക. ഒരിക്കലും കൈപ്പത്തി കൊണ്ട് പൊത്തി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യരുത്.പൊതുസ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യേണ്ടതാണ്.

4. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകണം. 20 സെക്കന്റോളം കഴുകണം. എഴുപതു ശതമാനം ആൽക്കഹോൾ ഉള്ള ഹാന്റ് സാനിറ്റെസർ ഉപയോഗിച്ചും കൈകൾ കഴുകാം.

5. ആരോഗ്യ പ്രവർത്തകർ , രോഗലക്ഷണം ഉള്ളവർ, അവരുമായി സമ്പർക്കം പുലർത്തുന്നവർ എന്നിവർ മാസ്ക് ധരിക്കേണ്ടതാണ്. രോഗലക്ഷണം ഇല്ലാത്ത ആളുകൾ മാസ്ക് ധരിക്കേണ്ടതില്ല. മറ്റു വ്യക്തിശുചിത്വ മാർഗങ്ങൾക്ക് പരമാവധി പ്രാധാന്യം കൊടുക്കണം. ഉപയോഗിച്ച മാസ്ക്കുകൾ ടിഷ്യൂ പേപ്പർ എന്നിവ അലക്ഷ്യമായി വലിച്ചെറിയരുത്.

6. ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്‌ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. പൊതു സ്ഥലങ്ങളിൽ ചുമരുകളിലോ കൈവരികളിലോ തൊടുന്നത് പരമാവധി ഒഴിവാക്കുക.

7. നിങ്ങളുടെ മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

8. രോഗലക്ഷണം ഉള്ളവർ പൊതുപരിപാടികളില്ലോ ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിലോ പോകരുത്.

9. വീടുകളിൽ ഐസൊലേഷനിലുള്ളവരെ അനാവശ്യമായി സന്ദർശിക്കരുത്. രോഗലക്ഷണങ്ങളുള്ളവരുമായി ഇടപഴകുമ്പോൾ 1 മീറ്ററിലധികം അകലം പാലിക്കണം.

10. സ്വയം ചികിത്സയും അശാസ്ത്രീയ ചികിത്സകളും ഒഴിവാക്കണം.

11. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. വ്യാജവും അശാസ്ത്രീയവുമായ വാർത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടിയെടുക്കുന്നതായിരിക്കും.

12. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ, രോഗ ബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ എന്നിവ ഒഴിവാക്കുക.

13. പൊതു പരിപാടികൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ,വിനോദ യാത്രകൾ എന്നിവ മാറ്റിവയ്ക്കുക.

സ്വന്തം സുരക്ഷയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷയും നാടിന്റെ സുരക്ഷയും മുന്‍ നിര്‍ത്തി എല്ലാവരും ഈ നിർദേശങ്ങൾ കര്‍ശനമായി പാലിക്കണം.

logo
The Cue
www.thecue.in