കൊവിഡ് 19 വൈറസിന്റെ ഉറവിടം ചൈനയിലെ വുഹാനിലുള്ള പരീക്ഷണശാലയാണെന്ന ആരോപണത്തില്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന് തെളിവുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊവിഡിന് കാരണം വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണെന്നാണ് ട്രംപിന്റെ ആരോപണം. അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട്. എന്നാല്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ട്രംപ് മറുപടി നല്‍കി. വൈറ്റ്ഹൗസില്‍ വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു പരാമര്‍ശങ്ങള്‍. ചൈനയുമായുള്ള വ്യാപാരയുദ്ധം കടുപ്പിക്കുമെന്ന സൂചനയും ട്രംപ് നല്‍കി. നിലവിലെ സാഹചര്യത്തില്‍ ചൈനയുമായുള്ള വ്യാപാരബന്ധങ്ങളില്‍ മാറ്റം വരുമോയെന്ന് ചോദ്യമുയര്‍ന്നു.
എന്നാല്‍ അത് വ്യത്യസ്തമായി നടപ്പാക്കുമെന്നായിരുന്നു മറുപടി. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തിയേക്കുമെന്നാണ് ട്രംപിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. വുഹാനിലെ പരീക്ഷണശാലയാണോ കൊവിഡിന്റെ ഉറവിടമെന്ന് പരിശോധിക്കുമെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.തെളിഞ്ഞാല്‍ രൂക്ഷമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും ട്രംപ് ചൈനയ്‌ക്കെതിരെ ഭീഷണിമുഴക്കിയിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇതുവരെ ലോകത്താകമാനം 2,20,000 ലേറെ പേര്‍ക്ക് ജീവഹാനിയുണ്ടായി. മൂന്നേകാല്‍ ദശലക്ഷത്തിലേറെ പേര്‍ രോഗബാധിതരായി. അമേരിക്കയില്‍ മരണസംഖ്യ 63,000 ത്തോളമാണ്.പത്തുലക്ഷത്തിലേറെ പേര്‍ക്ക് വൈറസ് ബാധയുണ്ടായി. അമേരിക്കയില്‍ സര്‍ക്കാരിന്റെ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി 3 കോടിയേലേറെ പേരാണ് അപേക്ഷിച്ചിരിക്കുന്നത്.