'അവര്‍ ലാക്കാക്കിയത് തെറ്റായ ഉന്നത്തെ' ; കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണത്തിലെ ദുഷ്പ്രവണതകള്‍ കടുത്തെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍

'അവര്‍ ലാക്കാക്കിയത് തെറ്റായ ഉന്നത്തെ' ; കൊവിഡ് സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണത്തിലെ ദുഷ്പ്രവണതകള്‍ കടുത്തെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍
Published on

കൊവിഡ് 19 വ്യാപന സാഹചര്യം ഇന്ത്യന്‍ ഭരണത്തിലെ സമഗ്രാധിപത്യ പ്രവണതകളെ കടുപ്പിച്ചെന്ന് ദ വയറിന്റെ സ്ഥാപക എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സിദ്ധാര്‍ത്ഥ് വരദരാജന്‍. നേരിട്ട് ഹാജരാകണമെന്ന സമന്‍സ് നല്‍കാന്‍ ലോക്ക് ഡൗണിലും 700 കിലോമീറ്ററുകള്‍ താണ്ടി വീട്ടിലെത്തിയ ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യോഗി സര്‍ക്കാരിന്റെ വഴിവിട്ട തിടുക്കത്തെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചു. ലക്ഷ്യം ചിലപ്പോള്‍ ഭയപ്പെടുത്തുകയാകാം, ശല്യം ചെയ്യുകയാകാം. ഒരുപക്ഷേ അറസ്റ്റ് തന്നെയാകും ഉദ്ദേശിച്ചിട്ടുണ്ടാവുക. പക്ഷേ അവര്‍ തെറ്റായ ഉന്നമാണ് ലാക്കാക്കിയിരിക്കുന്നത്.സിദ്ധാര്‍ത്ഥ് വരദരാജന്‍ ദ ക്വിന്റിനോട് പറഞ്ഞു.

ദ വയറില്‍ പ്രസിദ്ധീകരിച്ച ലേഖനവുമായി ബന്ധപ്പെട്ടായിരുന്നു യോഗി സര്‍ക്കാരിന്റെ തിരക്കിട്ട നടപടി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതെന്ന പേരില്‍ തെറ്റായ പരാമര്‍ശം പ്രസിദ്ധീകരിച്ചിരുന്നു. കൊറോണ വൈറസില്‍ നിന്നും വിശ്വാസികളെ രാമന്‍ രക്ഷിക്കുമെന്ന് യോഗി പറഞ്ഞതായാണ് പരാമര്‍ശിക്കപ്പെട്ടത്. എന്നാല്‍ ആ തെറ്റ് തിരുത്തുകയും അക്കാര്യം അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. തനിക്ക് പിശക് പറ്റിയതാണെന്നും തിരുത്തിയിട്ടുണ്ടെന്നുമായിരുന്നു കുറിപ്പ്. എന്നാല്‍ രണ്ട് എഫ്‌ഐആറുകളാണ് ഇദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മൊഴിയെടുക്കാന്‍ ഏപ്രില്‍ 14 ന് അയാധ്യയിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് സമന്‍സ്. കൊവിഡ് വ്യാപനത്തില്‍ രാജ്യം അടച്ചിട്ടിരിക്കെ ഈ സമന്‍സുമായി യുപി പൊലീസ് 700 കിലോമീറ്ററുകള്‍ താണ്ടിയെത്തി.

ഒരു പക്ഷേ പൊലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ തന്നെ എത്തിയതായിരിക്കാമെന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ ഹഫിംഗ്ടണ്‍ പോസ്റ്റിനോട് പ്രതികരിച്ചു. താന്‍ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യ നന്ദിനിയാണ് നോട്ടീസ് കൈപ്പറ്റിയത്. അതിനാലാകാം പിടികൂടല്‍ നീക്കം ഉപേക്ഷിച്ചത്. സമഗ്രാധിപത്യപ്രവണത,സുതാര്യതയില്ലായ്മ,മുന്‍വിധികള്‍, രഹസ്യാത്മകനടപടികള്‍, സാമുദായികമായി വിഭജിക്കല്‍ തുടങ്ങിയവ കടുപ്പിക്കാന്‍ കൊറോണ വൈറസിന്റെ സാഹചര്യത്തെ ഒഴിവുകഴിവാക്കുകയാണ്. തനിക്കെതിരായ എഫ്‌ഐആറിനെ അടിയന്തര നടപടി സ്വീകരിക്കേണ്ട വിഷയമായി പരിഗണിച്ചത് അതിശയിപ്പിക്കുന്നു.

ഇത്തരം നടപടികള്‍ അപ്രതീക്ഷിതമല്ല. ഇത് ഭയപ്പെടുത്തുന്നുമില്ല, അതേസമയം നമ്മുടെ ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ എത്രമാത്രം അപകടത്തിലാണെന്നത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്കം പൊതുസമൂഹത്തിനുമുള്ള മുന്നറിയിപ്പാണ്. മഹാമാരിയുടെ സാഹചര്യത്തിലും ജനാധിപത്യ അവകാശങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള കടന്നുകയറ്റത്തില്‍ ഒരു കുറവുമുണ്ടാകില്ലെന്ന സന്ദേശമാണ് ഇതെല്ലാം നല്‍കുന്നത്. മഹാമാരിക്ക് മുന്‍പുള്ള ഇന്ത്യന്‍ ഭരണത്തിലെ ദുഷ്പ്രവണതകളെല്ലാം ഇരട്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in