പുകവലിക്കാരില്‍ എസിഇ-2 ഉയര്‍ന്ന നിലയില്‍ ; കൊറോണ വൈറസിന്റെ ശ്വാസകോശ പ്രവേശം വേഗത്തിലാക്കുമെന്ന് പഠനം
പുകവലി കൊറോണ വൈറസിന്റെ ശ്വാസകോശ അറകളിലേക്കുള്ള പ്രവേശനം എളുപ്പത്തിലും വേഗത്തിലുമാക്കുന്നുവെന്ന് പഠനം. എസിഇ-2 എന്‍സൈമിന്റെ ഉത്പാദനം ഉയര്‍ത്തുകയും ഇത് കൊറോണ വൈറസുകള്‍ക്ക് ശ്വാസകോശ അറകളിലേക്കുള്ള കടന്നുകയറ്റം സുഗമമാക്കുമെന്നുമാണ് കണ്ടെത്തല്‍. പുകവലിക്കുന്നവരിലും സിഒപിഡി രോഗികളിലും പ്രസ്തുത എന്‍സൈം ഉയര്‍ന്ന നിലയിലായിരിക്കും. ഇത് വൈറസിന് അനുകൂല സാഹചര്യമാണ് ഒരുക്കുകയെന്നാണ് യൂറോപ്യന്‍ റസ്പിറേറ്ററി ജോര്‍ണലിന്റെ ഗവേഷണറിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങളുള്ളവരിലും കൊവിഡ് 19 ഗുരുതരമാകുമെന്നും പഠനം വിശദീകരിക്കുന്നു. വാന്‍കവര്‍ സെന്റ് പോള്‍ ആശുപത്രിയിലെ റസ്പിറോളജിസ്റ്റ് ജൈനിസ് ലിയൂങിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ചൈനയിലെ രോഗവ്യാപനമടക്കം നീരീക്ഷിച്ചതില്‍ നിന്നാണ് കണ്ടെത്തല്‍. ചൈനയില്‍ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരുടെ മരണസംഖ്യയില്‍ വന്‍ വര്‍ധനവാണുള്ളത്.മരണപ്പെട്ടവരില്‍ പകുതിയും പുകവലിക്കാരായിരുന്നു. എന്നാല്‍ സ്ത്രീകളുടേത് 2% മാത്രമാണ്. പുകവലി നിര്‍ത്താന്‍ ഇതിലേറെ മികച്ച സമയമില്ലെന്ന് ലിയൂങ് പറയുന്നു.
സിഒപിഡി രോഗികളായ 21 പേരുടെയും അല്ലാത്ത 21 പേരുടെയം സാംപിളുകള്‍ ശേഖരിച്ചു. എന്നാല്‍ സിഒപിഡി രോഗികളിലും പുകവലിക്കാരിലും എസിഇ-2 എന്‍സൈമിന്റെ നില ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തി. സമാന രീതിയിലുള്ള രണ്ട് പഠനങ്ങളുമായി ഒത്തുനോക്കി സ്ഥിരീകരിച്ച ശേഷവുമാണ് ഗവേഷണറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിന്റെ സ്ഥാപക മേധാവി മൈക്കേല്‍ ആര്‍ ബ്ലൂംബര്‍ഗ് കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകവലി വിരുദ്ധ പ്രചാരണങ്ങള്‍ക്കായി സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.