സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ല; അടുത്ത മാസം പകുതിയാക്കിയേക്കും; ലീവ് സറണ്ടറിന് മൂന്ന് മാസത്തേക്ക് വിലക്ക്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ല; അടുത്ത മാസം പകുതിയാക്കിയേക്കും; ലീവ് സറണ്ടറിന് മൂന്ന് മാസത്തേക്ക് വിലക്ക്
Published on

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ തുക നല്‍കുന്നത് ധനവകുപ്പ് മൂന്ന് മാസത്തേക്ക് വിലക്കി. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് നീക്കം. അടുത്ത മാസം ശമ്പളം പകുതി മാത്രം നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 2500 കോടി രൂപയുടെ ചെലവ് നീട്ടിവെക്കാന്‍ ഇതിലൂടെ കഴിയും.

ലീവ് സറണ്ടര്‍ ചെയ്യേണ്ടെന്ന് ട്രഷറികള്‍ക്ക് നിര്‍ദേശം നല്‍കി. കടപ്പത്ര ലേലത്തിലൂടെ 5,930 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ സമാഹരിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണം വേണ്ടെന്ന് ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. 2200 കോടി രൂപ ഇതുവരെ നല്‍കാനുണ്ട്.

മറ്റ് വകുപ്പുകളുടെ അഞ്ച് ലക്ഷം വരെയുള്ള എല്ലാ ബില്ലുകളും മാറി നല്‍കും. ഭൂമിയേറ്റെടുക്കലിന് ഒരുകോടി രൂപ വരെ നല്‍കും. കുട്ടികളുടെ സ്റ്റെപന്റ്, മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ലൈഫ് മിഷന്‍, മെഡിക്കല്‍ റീ ഇംബേഴ്‌സ്‌മെന്റ് എന്നിവയ്ക്കും നിയന്ത്രണമുണ്ടാകില്ല.

സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചലഞ്ചിനോട് സഹകരിക്കുമോയെന്ന ആശങ്കയുള്ളതിനാലാണ് ശമ്പള വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ എന്താണ് ചെയ്യുന്നതെന്നും സര്‍ക്കാര്‍ പരിശോധിക്കും. ഇതിന് ശേഷമാകും അന്തിമതീരുമാനമുണ്ടാകുക.

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കടമെടുക്കേണ്ടി വരുമെന്നാണ് ധനവകുപ്പ് പറയുന്നത്. അടുത്താഴ്ച വീണ്ടും കടപ്പത്രമിറക്കും. ഉയര്‍ന്ന പലിശ ഒഴിവാക്കാന്‍ പല ഘട്ടങ്ങളായാണ് കടമെടുക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in