‘പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതം’, നടന്നത് കേരളത്തെ താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് മുഖ്യമന്ത്രി
കോട്ടയം പായിപ്പാട്ട് ഞായറാഴ്ചയുണ്ടായ അതിഥി സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം ആസൂത്രിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേടിയ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് കാണാന്‍ സാധിക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍:
“കൊറേണയോട് നാം ഒറ്റക്കെട്ടായി പൊരുതുകയാണ്. ഇതിനിടെയാണ് കോട്ടയം പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് പോകണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ഇവര്‍ക്കായി സംസ്ഥാനത്താകെ 5000ല്‍ അധികം ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഭക്ഷണം, ആരോഗ്യ സഹായം, താമസം എന്നിവ ഉറപ്പാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. അവര്‍ക്ക് അവരുടേതായ ഭക്ഷണം വേണമെന്ന് ആവശ്യമറിയിച്ചപ്പോള്‍ അതിന് വേണ്ട നടപടിയും സ്വീകരിച്ചു. നാട്ടിലേക്ക് പോകണമെന്ന അവരുടെ ആവശ്യം ഇപ്പോള്‍ നടക്കില്ല. എല്ലാവരും എവിടെയാണോ അവിടെ തുടരണമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. അത് അവര്‍ക്കും അറിയാം
അറിയാവുന്ന കാര്യങ്ങള്‍ മാറ്റിവെച്ചു കൊണ്ടുള്ള കൂടിച്ചേരലാണ് ഇവിടെയുണ്ടായത്, ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്ന് ഇന്നലെ തന്നെ മനസിലാക്കിയതാണ്. കേരളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേടിയ മുന്നേറ്റത്തെ താറടിച്ച് കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമവും അതില്‍ കാണാന്‍ പറ്റും. ഇവിടെ അതിഥി തൊഴിലാളികളെ ഇളക്കി വിടാനാണ് ശ്രമമുണ്ടായത്. ഇതിന് പിന്നില്‍ ഒന്നോ അതിലധികമോ ശക്തികള്‍ പ്രവര്‍ത്തിച്ചുണ്ടെന്ന് തന്നെയാണ് പ്രാഥമികമായി മനസിലാക്കുന്നത്. അത് കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതും പായിപ്പാട്ട് വലിയ സംഭവമാണ്, ഒരു കച്ചവടരീതി അതിലുണ്ട്. സാധാരണ അന്തരീക്ഷത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും മറ്റും ഉറപ്പ് വരുത്തേണ്ടത് തൊഴിലുടമകളാണ്. എന്നാല്‍ ഇവിടെ അതുമായി ബന്ധപ്പെട്ടും പൊതുവെ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മറ്റെല്ലാവരെയും പോലെ തന്നെ മുഴുവന്‍ സമയവും താമസസ്ഥലത്ത് ചെലവിടാന്‍ അതിഥി തൊഴിലാളികളും നിര്‍ബന്ധിതരായിരിക്കുകയാണ്. അതുനുള്ള സൗകര്യം വേണം. സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇവര്‍ക്കെല്ലാവര്‍ക്കും മാന്യമായ താമസസ്ഥലം ഒരുക്കണമെന്നാണ്. അതുനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.”