സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ണായകമായ പല ചോദ്യങ്ങളും ചോദിച്ചിരിക്കുകയാണല്ലോ. ഡാറ്റ ഉറപ്പാക്കാനാകുമോ, എന്തുകൊണ്ട് നിയമവകുപ്പ് കണ്ടില്ല എന്നെല്ലാം. കൂടാതെ സത്യവാങ്മൂലം കൊടുക്കേണ്ട സ്ഥിതിയുമാണ്. വിവാദത്തെ അങ്ങനെ ഉപേക്ഷിക്കാനാകുമോ ? ചോദ്യങ്ങള്‍ ഗൗരവമേറിയതല്ലേ ?
കോടതിയുടെ മുന്നില്‍ ഒരു കേസ് വന്നു. സ്വാഭാവികമായും ബഹുമാനപ്പെട്ട ഹൈക്കോടതി കേസിന്റെ വിശദാംശങ്ങളിലേക്ക് പോകുമല്ലോ. വിശദാംശങ്ങള്‍ മനസ്സിലാക്കിയല്ലേ ഹൈക്കോടതി തീരുമാനമെടുക്കുക. അതിന്റെ ഭാഗമായി നിരവധി ചോദ്യങ്ങള്‍ ചോദിക്കും. അത്തരം ചോദ്യങ്ങളാണുണ്ടായത്. അത് വിവര ശേഖരണത്തിന്റെ ഭാഗമായിട്ടുകൂടിയാണ്. അത്തരം ചോദ്യങ്ങളിലൂടെ വസ്തുതകള്‍ മനസ്സിലാക്കാനാണ് കോടതി ശ്രമിക്കുന്നത്. അതില്‍ യാതൊരു അപാകതയുമില്ലാത്തതാണ്. സാധാരണ ഗതിയില്‍ ഏത് കോടതിയും ചെയ്യുന്നതാണ്. കോടതിയുടെ പരിശോധന നടക്കട്ടെ.
വിവരങ്ങള്‍ ചോരുമോയെന്ന സംശയം കോടതിയും പ്രകടിപ്പിച്ചിട്ടുണ്ട്. ചോരില്ലെന്ന് ഉറപ്പുണ്ടോയെന്നാണ് ചോദിച്ചത്. ഇടപാട് പരിശോധിക്കാന്‍ സര്‍ക്കാര്‍ രണ്ടംഗ സമിതിയെ വെച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് അത് വേണ്ടിവന്നത് ?
രണ്ട് കാര്യങ്ങളാണ് ചോദിച്ചത്. കോടതിയുടെ വിവര ശേഖരണത്തിന്റെ ഭാഗമായാണ് ചോദ്യങ്ങള്‍. കേസിന്റെ എല്ലാ വിവരങ്ങളും കോടതിക്ക് മനസ്സിലാക്കേണ്ടതുണ്ട്. എന്താണ് ഓരോരുത്തര്‍ക്കും പറയാനുള്ളതെന്നൊക്കെ. അത് സ്വാഭാവിക നടപടി മാത്രമാണ്. കൂടുതല്‍ കാര്യങ്ങള്‍ കോടതി ചോദിച്ച് മനസ്സിലാക്കും. അതില്‍ ഏതെങ്കിലും തരത്തിലുള്ള അപാകതയില്ല. രണ്ടാമത്തേത്, ഇവിടെ ഗൗരവമായ ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. സര്‍ക്കാരിന്റെ മുന്നിലാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഈ ഘട്ടത്തില്‍ സ്വീകരിക്കേണ്ടതായിരുന്നോ, എന്തെങ്കിലും പ്രത്യേകത ഇനിയങ്ങോട്ട് തീരുമാനിക്കേണ്ടതുണ്ടോ എന്നെല്ലാം വിശദമായി പരിശോധിച്ച് നിലപാട് എടുക്കേണ്ടതുണ്ട്. അതിനായാണ് വിദഗ്ധ സമിതി.
താങ്കളുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട് നേരത്തേ ഉയര്‍ന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന ആക്ഷേപങ്ങള്‍ പെരുമ്പാവൂര്‍ എംഎല്‍എ ഉയര്‍ത്തിയിട്ടുണ്ട്. ഏത് തരത്തിലാണ് അതിനോടുള്ള പ്രതികരണം ?
അതിന് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞതില്‍ തന്നെ ഞാന്‍ നില്‍ക്കുകയാണ്.അതിനകത്തേക്ക് ഇപ്പോള്‍ കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. അത്തരത്തിലുള്ള എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ മറുപടി പറഞ്ഞ് നടക്കാനല്ല എനക്ക് സമയം എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. ഈ തരത്തിലുള്ള കാര്യങ്ങളിലൊന്നും ഒരുതരത്തിലുമുള്ള ആശങ്കയുമില്ല. മടിയില്‍ കമനമുള്ളവനല്ലേ വഴിയില്‍ പേടിക്കേണ്ടതുള്ളൂവെന്ന് സാധാരണ പറയാറില്ലേ. ആ ഒരു ധൈര്യം തന്നെയാണ് ഇതേവരെയുള്ള ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ഇനി അങ്ങോട്ടുമുള്ളത്. അവിടെത്തന്നെയാണ് ഞാന്‍ നില്‍ക്കുന്നത്. പിന്നെ, പറഞ്ഞയാളോട് ചോദിക്കണം എന്ത് തെളിവാണുള്ളതെന്ന്. ആ തെളിവ് അദ്ദേഹം കൊണ്ടുവരട്ടെ.
ഏത് ഫയലും വിളിച്ചുവരുത്താന്‍ റൂള്‍സ് ഓഫ് ബിസിനസ് പ്രകാരം ചീഫ് സെക്രട്ടറിക്ക് സവിശേഷമായ അധികാരമുണ്ട്. അങ്ങനെ പരിശോധിക്കാനുമാകും. പിന്നെയെന്തിനാണ് വിരമിച്ച രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. മാത്രവുമല്ല, രണ്ട് സ്വകാര്യ സ്ഥാപനങ്ങളിലാണ് അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് എന്ത് ബാധ്യതയാണ് നമ്മളോടുള്ളത്, സര്‍ക്കാരിനോടുള്ളത് ?
സര്‍ക്കാരിനോടുള്ള ബാധ്യത നിറവേറ്റലല്ല പ്രശ്‌നം. ഈ കാര്യങ്ങളില്‍ വിദഗ്ധമായ ചില ഉപദേശങ്ങള്‍ നല്‍കുക എന്നുള്ളതാണ്. അതിന് പറ്റിയ വൈദഗ്ധ്യം അവര്‍ക്കുണ്ടോ എന്നുള്ളതാണ് നോക്കേണ്ടത്. ഒരാള്‍ കേന്ദ്ര തലത്തില്‍ തന്നെ വലിയ അംഗീകാരങ്ങള്‍ നേടിയ ആളാണ്. പൊതുവില്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ആളാണ് .അദ്ദേഹം ഐടി സെക്രട്ടറി കൂടിയായിരുന്നു. തൊട്ടുമുന്‍പ് വരെ ആരോഗ്യസെക്രട്ടറിയായിരുന്ന ആളാണ് രണ്ടാമത്തേത്. പ്രഗല്‍ഭമായി എല്ലാ കാര്യങ്ങളും നിര്‍വഹിച്ചുവന്ന ഒരാള്‍. അദ്ദേഹത്തിന്റെ പ്രാവീണ്യവും പൊതുവെ എല്ലാവരും അംഗീകരിച്ചതാണ്. ഈ രണ്ടുപേരുമായാല്‍ ഈ കാര്യങ്ങളെക്കുറിച്ച് പഠിച്ച് വിശകലനം ചെയ്ത് റിപ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കഴിയും. അങ്ങനെയാണ് രണ്ടുപേരെ വെച്ചത്. രണ്ടുപേരും എല്ലാവരും അംഗീകരിക്കുന്ന വ്യക്തിത്വങ്ങളാണ്.എന്തിനാണ് അവരെ ആക്ഷേപിക്കുന്നതെന്ന് എനിക്ക് പിടികിട്ടുന്നില്ല. രാഷ്ട്രീയക്കാര്‍ തമ്മിലുള്ള ആക്രമണങ്ങള്‍ അവര്‍ തമ്മിലായാല്‍ പ്രശ്‌നമില്ല. എന്നെ ആക്ഷേപിക്കാന്‍ വന്നു. അല്ലെങ്കില്‍ ഞാനുമായി ബന്ധപ്പെട്ട ആളെ ചേര്‍ത്ത് ആക്ഷപം വന്നു. ഞാന്‍ അത് ഒരുപാട് കണ്ടതാണ്. എനിക്ക് അതില്‍ ഒരു വേവലാതിയുമില്ല. ഇതല്ലാലോ സാധാരണ ഉദ്യോഗസ്ഥരുടെ നില. എന്തിനാണ് നാട്ടിലെ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ക്ക് പുറപ്പെടുന്നത്. അതൊരു ശരിയായ രീതിയാണോ. അത് സ്വീകരിക്കേണ്ട രീതിയാണോ. അതാണ് നാം ചിന്തിക്കേണ്ടത്.
ഐടിയുമായി ബന്ധപ്പെട്ട് ആരോപണം പരിശോധിക്കുന്നതില്‍ ഒരാള്‍ അതേ വകുപ്പിന് കീഴില്‍ വരുന്ന ഒരു സ്ഥാപനത്തിന്റെ മേധാവിയാണ്. അത്തരത്തിലൊരാളെ ചുമതലപ്പെടുത്തുന്നതില്‍ പ്രശ്‌നമില്ലേ ?
ഇതിനകത്ത് കാണേണ്ടത് അദ്ദേഹത്തിന്റെ പ്രാവീണ്യമാണ്. ദേശീയ തലത്തില്‍ തന്നെ അംഗീകാരം നേടിയ ഉദ്യോഗസ്ഥനാണ്. അതിന്റെ ഭാഗമായി തന്നെയാണ് അദ്ദേഹത്തെ നിയമിച്ചത്. ആ പ്രാവീണ്യം നാം കാണാതിരിക്കരുത്.
ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ വിശദീകരണം വേണമെന്ന് ആവശ്യപ്പെട്ടത് താങ്കളുടെ സമീപത്തുള്ള റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ഡി രാജയാണ്. ഇതുമായി ബന്ധപ്പെട്ട് ജനയുഗം മുഖപ്രസംഗവും എഴുതി. സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ മുന്നണിയിലുള്ളവര്‍ക്ക് പോലും ശരിയായ വിശ്വാസത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നല്ലേ മനസ്സിലാക്കേണ്ടത് ?
ഓരോരുത്തര്‍ക്കും ഓരോ അഭിപ്രായങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ചില വിശദീകരണങ്ങള്‍ നല്‍കിയിരുന്നല്ലോ. എന്നാല്‍ വേറെ വഴിക്കാണ് പോകുന്നതെന്ന് കണ്ടപ്പോഴാണ് വിശദീകരണം നിര്‍ത്തിയത്. വിശദീകരണം തേടലോ കാര്യങ്ങള്‍ മനസ്സിലാക്കലോ അല്ല വിവാദങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. കൊവിഡ് വന്നപ്പോള്‍ നമ്മുടെ നാട്ടില്‍ വിവാദങ്ങളില്ലാത്തതില്‍ ചിലര്‍ക്ക് വല്ലാത്ത പ്രയാസമുണ്ട്. അപ്പോ വിവാദം എങ്ങനെയെങ്കിലും പെരുപ്പിക്കണം. ആ ചിന്തയിലാണ് ഒരുകൂട്ടര്‍. അതിന്റെ ഭാഗമായാണ് പിന്നെയും പിന്നെയും ഈ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. അതല്ലേ വസ്തുത.
മകളുടെ പേരിലുള്ള ഐടി കമ്പനിയുടെ മേല്‍വിലാസം എകെജി സെന്ററിന്റേതാണെന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. അത് ശരിയായ നടപടിയാണോ ?
അതൊക്കെ ശുദ്ധ അസംബന്ധമായിരിക്കുംന്ന്. എകെജി സെന്റര്‍ വെച്ചിട്ടാണോ കമ്പനി രജിസ്റ്റര്‍ ചെയ്യുക. വെറുതെ വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞിട്ട് അതിന് മറുപടി പറയാന്‍ നില്‍ക്കുകയല്ല ഞാന്‍. വെറുതെ അസംബന്ധമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന് ഞാനെന്ത് പറയും.
അങ്ങയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയിരുന്നോയെന്നാണ് പ്രതിപക്ഷനേതാവ് ചോദിച്ചത് ?
അവര്‍ പറയട്ടെ.അവര്‍ കണ്ടെത്തട്ടെ.അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കാന്‍ പുറപ്പെടരുത്. ആ ശീലത്തോടെ വളര്‍ന്നുവന്നവരല്ല ഇവിടെ ഇരിക്കുന്നത്. അത് മനസ്സിലാക്കണം. അവര്‍ കൊണ്ടുവരട്ടെ തെളിവുകള്‍. എന്തിനാണ് മടിക്കുന്നത്. അതിന് ഒരുപാട് മാര്‍ഗങ്ങളുണ്ടല്ലോ.
സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ പരിശോധനയ്ക്ക് രണ്ടംഗ സമിതി പോര, വിദേശ കമ്പനികൂടി ഉള്‍പ്പെട്ടതായതിനാല്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട് ? രണ്ടാമതായി, താങ്കളുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അവരുടെ പ്രവര്‍ത്തനങ്ങളെ ധ്വംസിക്കുന്ന നടപടിയായാണോ കാണുന്നത് ?
നിങ്ങളൊക്കെ സംസ്ഥാനത്തെ പ്രധാനപ്പെട്ട മാധ്യമ പ്രവര്‍ത്തകരാണ്. ഇന്‍വെസ്റ്റിഗേറ്റീവ് രീതികളും സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. നിങ്ങള്‍ക്ക് ഇതില്‍ എന്തെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ. നിങ്ങളുടെ അനുഭവത്തില്‍ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ. ഇതിപ്പോ ബോധപൂര്‍വം ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ മറുപടി പറഞ്ഞ് സമയം കളയാനില്ലെന്ന് വ്യക്തമാക്കിയതാണ്. അതിഗൂഢമായ രാഷ്ട്രീയ നീക്കമാണ് ഇതിന് പിന്നില്‍. പക്ഷേ അത്തരം ഘട്ടങ്ങളില്‍ പോലും എന്താണ് ആലോചിക്കാന്‍ പോകുന്നതെന്ന് അറിഞ്ഞുപോകാറുണ്ട് നേരത്തേ. ഇങ്ങനെയൊരു പദ്ധതിയുമായി വരുമെന്ന് അതിന് മുന്‍പ് തന്നെ കാര്യങ്ങള്‍ അറിയും. ചില ശക്തികള്‍ ഒരുങ്ങി പുറപ്പെട്ടിരിക്കുകയാണ്. ഞാന്‍ ഇന്ന് എന്തെല്ലാം കാര്യങ്ങള്‍ വിശദീകരിച്ചു. എന്തെല്ലാം കാര്യങ്ങളില്‍ വ്യക്തത തേടേണ്ടതുണ്ട്. എന്നാല്‍ നിങ്ങള്‍ക്കും ഇപ്പോള്‍ അതിനാണോ നേരമുള്ളത്. നിങ്ങളുടെ മേലെയിരിക്കുന്നവരോ നിങ്ങളുടെ ചില സ്ഥാപനങ്ങളോ ഉണ്ടാക്കാന്‍ നോക്കിയ ചില ചിത്രം, ആരോ തടഞ്ഞതിനാല്‍ ഇന്നലെ നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാന്‍ കഴിഞ്ഞില്ലെന്നും നിങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി എന്നെല്ലാമല്ലേ, ഇതെല്ലാം ശുദ്ധനുണയാണെന്ന് നിങ്ങള്‍ക്ക് തന്നെ അറിയില്ലേ. നിങ്ങള്‍ ചോദിച്ചു. അവസാനത്തെ ചോദ്യത്തിന് ഞാന്‍ മറുപടി നല്‍കി. അപ്പോള്‍ 7 മണിയായി .അതുകൊണ്ട് ഇനി നമുക്ക് നാളെ കാണാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണല്ലോ നമ്മള്‍ അവസാനിപ്പിക്കുന്നത്. ഏതെങ്കിലും ചോദ്യത്തെ ഞാന്‍ തടഞ്ഞോ. ഞാന്‍ സമ്മതിച്ചുകൊണ്ട് മുന്നില്‍ വന്നാല്‍ നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഏതെങ്കിലും ഘട്ടത്തില്‍ അസഹിഷ്ണുത കാണിച്ചിട്ടുണ്ടോ. ഞാന്‍ ഒന്നിനെ തടുത്തിട്ടുണ്ടാകും. ഞാന്‍ ഏതെങ്കിലും വഴിക്ക് പോകുമ്പോള്‍ എന്നെ തടുത്ത് മൈക്ക് പിടിച്ചാല്‍ അതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടാകും. അത് നിങ്ങള്‍ മാത്രം തീരുമാനിക്കേണ്ടതല്ല. സംസാരിക്കുന്ന കാര്യത്തില്‍ എന്റെ സമ്മതം കൂടി വേണ്ടതാണ്. അത് നിങ്ങളോട് നേരത്തേ പറഞ്ഞിട്ടുണ്ട് അതല്ലാതെ നിങ്ങളുടെ മുന്നില്‍ വന്നിരുന്നിട്ട് എതെങ്കിലും ചോദ്യത്തില്‍ നിന്ന് മാറിപ്പോയിട്ടുണ്ടോ. എന്നാല്‍ എന്താണ് ഉത്തരവാദിത്തപ്പെട്ട ചില മാധ്യമങ്ങള്‍ വാര്‍ത്തയായിട്ട് കൊടുത്തത്. എത്രമാത്രം മോശമായ രീതിയിലാണ് വസ്തുതകള്‍ തിരിച്ചുവിടുന്നതെന്ന് നമ്മള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇന്നലത്തെ അതേ അനുഭവം വരികയാണ് ഏഴ് മണിയാകുന്നു. നാളെ നമുക്ക് വീണ്ടും കാണാം, ശരി.