സംസ്ഥാനത്ത് നിലവില്‍ 12 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു കഴിഞ്ഞു. വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലുമാണ്. രോഗം സംശയിക്കുന്ന 807 സാമ്പിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ പരിശോധനാഫലം കാത്തിരിക്കുകയാണ്. രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ കനത്ത ജാഗ്രതയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടി പൊതുപരിപാടികള്‍ മാറ്റാനും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കാനും തീരുമാനിച്ചു കഴിഞ്ഞു. ആള്‍ക്കൂട്ടങ്ങള്‍ നിയന്ത്രിക്കാനാണ് വിവിധ നിര്‍ദേശങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.
കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ സാധാരണ ജാഗ്രതയും നിയന്ത്രണവും പോര. സ്ഥിതി നിയന്ത്രിച്ച് നിര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും എല്ലാ ബഹുജന സംഘടനകളും,സംവിധാനങ്ങളുും ഒത്തൊരുമിച്ച് മുന്നിട്ടിറങ്ങണം.
ഒന്നാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുളള സ്‌കൂളുകള്‍ മാര്‍ച്ച് മാസം പൂര്‍ണമായി അടച്ചിടും. എട്ട് ഒന്‍പത് ക്ലാസുകളില്‍ പരീക്ഷ നടത്തും. എസ്എസ്എല്‍സി പരീക്ഷ നടത്തുന്നത് പോലെയുള്ള ജാഗ്രത അനുസരിച്ചാവും നടത്തുക. എല്ലാ ക്ലാസുകളും മാര്‍ച്ച് മാസത്തില്‍ നടക്കേണ്ടതായിട്ടില്ല, സിബിഎസ്ഇ. ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണ്. കോളേജുകളും പ്രൊഫഷണല്‍ കോളേജുകളും മാര്‍ച്ച് മാസം അടച്ചിടണം.
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മാറ്റമില്ല. ഈ പരീക്ഷ എഴുതാന്‍ വരുന്നവരില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക സംവിധാനം ഒരുക്കും. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല, അവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സംവിധാനം ഒരുക്കും.
സ്‌പെഷ്യല്‍ ക്ലാസുകള്‍, അവധിക്കാല ക്ലാസുകള്‍, മറ്റ് പരിപാടികള്‍ തുടങ്ങിയ എല്ലാം മാര്‍ച്ച് മാസത്തില്‍ ഒഴിവാക്കണം. അംഗന്‍ വാടികള്‍, മദ്രസകള്‍, ട്യൂട്ടോറിയലുകള്‍ എല്ലാം മാര്‍ച്ച് 31 വരെ അടച്ചിടണം. അംഗണ്‍വാടിയിലെ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം വീടുകളില്‍ എത്തിച്ചുകൊടുക്കണം.
പരീക്ഷ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റ് പഠനപ്രവര്‍ത്തനങ്ങള്‍ ഈ മാര്‍ച്ച് 31 വരെ ഉണ്ടാവില്ല.
സംസ്ഥാനത്ത് ഇത് ഉല്‍സവങ്ങളുടെ കാലമാണ്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഉ്തസവങ്ങള്‍ ഉണ്ട്. അത്തരം ഉല്‍സവങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ കൂടിച്ചേരല്‍ ഈ സാഹചര്യത്തില്‍ ദോഷം ചെയ്യും. രോഗ വ്യാപനത്തിനിടയാക്കും. കൈ വിട്ടു പോയാല്‍ നിയന്ത്രിക്കാന്‍ കഴിയില്ല. അത്തരം ഉല്‍സവങ്ങള്‍ ഒഴിവാക്കണമെന്നാണ് തീരുമാനം.
വലിയ ആളുകള്‍ കൂടുന്ന വിവാഹങ്ങള്‍ നിയന്ത്രിക്കാനാകണം. വിവാഹ ചടങ്ങുകള്‍ ലളിതമായി നടത്തി പരിമിതപ്പെടുത്താന്‍ ശ്രദ്ധിക്കുക, ഇതില്‍ ബഹുജനങ്ങളുടെ സഹകരണമുണ്ടാകണം.
ക്ഷേത്രോല്‍സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങി വിവധ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട പരിപാടികളുണ്ട്, അതെല്ലാം ചടങ്ങുകള്‍ മാത്രമായി നടത്തുക. ജനങ്ങള്‍ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കുക ശബരിമലയില്‍ ചടങ്ങുകള്‍ നടത്തുക പക്ഷേ ജനങ്ങള്‍ പോകുന്നത് ഒഴിവാക്കുക,
സ്‌കൂള്‍ വാര്‍ഷികങ്ങള്‍, കലാപരിപാടികള്‍, സാസംകാരിക പരിപാടികള്‍, തുടങ്ങിയവയും ഒഴിവാക്കുക
സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളിലും രോഗബാധ തടയാനുള്ള മുന്‍ കരുതലുകളെടുക്കും. സ്പര്‍ശനത്തിലൂടെയാണ് ഇത് പടരുന്നത്. ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുക. സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ എല്ലാം ഈ മാസം മാറ്റി വയ്ക്കുന്നു.
ഇറ്റലി, ചൈന, ദക്ഷിണ കൊറിയ, ഇറാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ രോഗബാധ ഗണ്യമായി ഉണ്ട്.അവിടെനിന്ന് വരുന്നവര്‍ സ്വയം മുന്‍ കരുതല്‍ എടുക്കണം. അത്തരക്കാര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാതെ കഴിയുക. ഓരോ രാജ്യത്തുനിന്ന് വരുന്ന വിദേശ പൗരന്മാര്‍ ആരോഗ്യവകുപ്പിന്റെ സ്റ്റേറ്റ് സെല്ലിനെ കൃത്യമായി അറിയിക്കണം.
ഇന്ന സ്ഥലത്തു നിന്നാണ് വരുന്നത് എന്ന് പറയാതിരുന്ന ഒരു അലംഭാവമാണ് രോഗം പടരാനുളള കാരണമായത്. അതാണ് ഇത്തരമൊരു സ്ഥിതിയിലെത്തിച്ചത്. അത് പരമാവധി നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. ഇത് ഒരു അനുഭവമായി നമ്മള്‍ കാണുകയാണ്. ഇത്തരത്തില്‍ വരുമ്പോള്‍ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ പാടില്ല. ഇത്തരമാളുകളെ നമ്മള്‍ ബന്ധപ്പെട്ടിട്ടും ചിലര്‍ എവിടെയെല്ലാം പോയി എന്ന് തയ്യാറായില്ല. അത് നമ്മള്‍ വിചാരിക്കാത്തത്ര ദോഷം ചെയ്യും.
വിവരങ്ങള്‍ മറച്ചു വെയ്ക്കുന്നത് കുറ്റകരമാണ്. അതിനെതിരെ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവും
സ്വകാര്യ ആശുപത്രികളുടെ സഹായം തേടും. വിമാനത്താവളത്തിലും മറ്റും കൂടുതല്‍ ശക്തമായ നിരീക്ഷണമുണ്ടാവും. ഇപ്പോഴുള്ളത് കൂടുതല്‍ ശക്തിപ്പെടുത്തും. കൂടുതല്‍ സ്റ്റാഫുകളെ എയര്‍പോര്‍ട്ടുകളില്‍ ലഭ്യമാകും.
രോഗലക്ഷണമുള്ളവര്‍ മറ്റാളുകളുമായി ബന്ധപ്പെടുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നുള്ളതാണ്. നേരിയ അനാസ്ഥയായാല്‍പ്പോലും അത് നാടിനെയാകെ പ്രതിസന്ധിയിലാക്കും. അതില്‍ല്‍ എല്ലാവരുടെയും സഹകരണമുണ്ടാവും. തദ്ദേശഭരണകൂടങ്ങള്‍ വാര്‍ഡ് മെമ്പര്‍മാര്‍,ആശാ വര്‍ക്കര്‍മാര്‍, റസിഡന്‍സ് അസോസിയേഷന്‍ തുടങ്ങിയവരുടെയെല്ലാം സഹായം തേടും.
പരിശോധനാ സംവിധാനങ്ങള്‍ ആലപ്പുഴ മാത്രമല്ലാതെ മറ്റിടങ്ങളില്‍ കൂടെ സാധ്യമാക്കും. തിരുവനന്തപുരം - കോഴിക്കോട് മെഡിക്കല്‍ കോളജുകളല്ലാതെ എയര്‍പോര്‍ട്ടുകള്‍ ഉള്ളിടങ്ങളില്‍ക്കൂടി പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കും
കൊറോണയില്ല എന്ന സര്‍ട്ടിഫിക്കറ്റ് കുവൈറ്റും സൗദി അറേബ്യയും നിഷ്‌കര്‍ഷിക്കുന്നുണ്ട്. അത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
കൊടുക്കുന്ന വാര്‍ത്തകള്‍ കൃത്യതയുള്ളതായിരിക്കണം,സര്‍ക്കാരിന്റെയും ഔദ്യോഗിക സംവിധാനങ്ങളുടെയും നിര്‍ദേശങ്ങളായിട്ട് തന്നെയാണ് ഇക്കാര്യത്തില്‍ വാര്‍ത്തകള്‍ കൊടുക്കേണ്ടത്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്, അത് സമൂഹത്തിന് ദോഷം ചെയ്യും
നിരീക്ഷണത്തിലുള്ള കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാനുളള സംവിധാനം അടക്കം സജ്ജമാക്കാന്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ നടപടികളുണ്ടാവും.
മാസ്‌കും - സാനിറ്റൈസര്‍ എന്നിവ കൂടുതല്‍ ഉത്പാദിപ്പിക്കാമെന്ന കാര്യം ആലോചനയിലുണ്ട്.
വിദേശികളുടെ വിവരങ്ങള്‍ സ്റ്റേറ്റ് ഹെല്‍ത്ത് സെന്ററില്‍ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി.
ശരിയായ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ പി.ആര്‍.ഡി ഔദ്യോഗിക സംവിധാനം ഏര്‍പ്പെടുത്തും.
ഓണ്‍ ലൈന്‍ ഉപയോഗം കൂടുന്ന സാഹചര്യത്തില്‍ ബാന്‍ഡ് വിഡ്ത് കണക്റ്റിവിറ്റി പ്രശ്‌നങ്ങള്‍ ഉറപ്പാക്കാനുള്ള ഏകോപനം നല്ല നിലയ്ക്കുണ്ടാകണം,
മാര്‍ച്ച് 31 വരെ സിനിമാ ശാലകളും നാടകങ്ങളും ഒഴിവാക്കുന്നതാണ് നന്നാവുക.