'സത്യം പറഞ്ഞവര്‍ നിശബ്ദരാക്കപ്പെട്ടു, ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചു'; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

'സത്യം പറഞ്ഞവര്‍ നിശബ്ദരാക്കപ്പെട്ടു, ചൈന  ലോകത്തെ തെറ്റിദ്ധരിപ്പിച്ചു'; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്
Published on

ചൈനയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെങ് യാന്‍. കൊവിഡ് 19 സംബന്ധിച്ച വിവരങ്ങള്‍ ലോകരാജ്യങ്ങളില്‍ നിന്ന് ചൈനീസ് സര്‍ക്കാര്‍ മനപൂര്‍വ്വം മറച്ചുവെച്ചെന്ന് ലീ മെങ് യാന്‍ പറയുന്നു. ആദ്യ ഘട്ടത്തില്‍ തന്നെ വൈറസിനെ കുറിച്ച് പഠനം നടത്തിയവര്‍ പിന്നീട് നിശബ്ദരാക്കപ്പെട്ടെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ലീ മെങ് യാന്‍ പറഞ്ഞു. ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ലീ ഇപ്പോള്‍ അമേരിക്കയില്‍ അഭയം തേടിയിരിക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകത്തിന് മുന്നില്‍ നോവല്‍കൊറോണ വൈറസിനെ കുറിച്ച് പ്രഖ്യാപനം നടത്തുന്നതിന് കുറേ മുമ്പ് തന്നെ ചൈനീസ് അധികൃതര്‍ക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നു. ആദ്യഘട്ടത്തില്‍ വൈറസിനെ കുറിച്ച് താന്‍ നടത്തിയ പഠനം മേലുദ്യോഗസ്ഥര്‍ ഉള്‍പ്പടെ അവഗണിച്ചുവെന്നും ഡോക്ടര്‍ ലീ മെങ് യാന്‍ പറയുന്നു. അന്ന് ആ പഠനം നടന്നിരുന്നെങ്കില്‍ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു. താന്‍ ജനിച്ച് വളര്‍ന്ന നാട്ടിലെ സര്‍ക്കാര്‍ തന്റെ സല്‍പ്പേര് ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നും, സര്‍ക്കാര്‍ ഗുണ്ടകള്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയെന്നും ലീ ആരോപിക്കുന്നുണ്ട്.

കൊവിഡ് സംബന്ധിച്ച് സത്യങ്ങള്‍ ലോകത്തോട് പറയണമെന്ന് തോന്നിയത് കൊണ്ടാണ് അമേരിക്കയിലേക്ക് വന്നത്. ചൈനയില്‍ ഇരുന്ന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍, ഞാന്‍ കാണാതാകപ്പെട്ടേക്കാം അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം. പഴ്‌സും പാസ്‌പോര്‍ട്ടും മാത്രമെടുത്താണ് താന്‍ ചൈന വിട്ടതെന്നും, പിടിക്കപ്പെട്ടാല്‍ ജീവന്‍ പോലും അപകടപ്പെടുമെന്ന് ഭയന്നാണ് ഇത് ചെയ്തതെന്ന് ലീ പറയുന്നു. സ്വദേശത്തേക്ക് തിരിച്ച് പോകാനോ, തന്റെ കുടുംബത്തെ ഇനി കാണാനാകുമെന്നോ തോന്നുന്നില്ലെന്നും അവര്‍ പറയുന്നു.

കൊറോണ വൈറസിനെ കുറിച്ച് ആദ്യം ഗവേഷണം നടത്തിയ സംഘത്തില്‍ താനുമുണ്ടായിരുന്നുവെന്ന് ലീ അവകാശപ്പെടുന്നു. ചൈന ലോകത്തോട് പറഞ്ഞത് യഥാര്‍ത്ഥ വസ്തുകളല്ലായിരുന്നു, ചെറിയൊരു ഭാഗം മാത്രമായിരുന്നു. സാര്‍സ് സമാനമായ വൈറസാണിതെന്ന് മേലുദ്യോഗസ്ഥനോട് പറഞ്ഞിരുന്നു. എന്നാല്‍ വിദഗ്ധര്‍ക്ക് പോലും ഗവേഷണം നടത്താനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ വഴി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിച്ചു. വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണെന്ന് ചൈനയും ലോകാരോഗ്യസംഘടനയും സമ്മതിക്കുന്നതിന് മുമ്പ് തന്നെ തന്റെ സുഹൃത്തുക്കള്‍ ഇക്കാര്യം കണ്ടെത്തിയിരുന്നുവെന്ന് ലീ പറഞ്ഞു.

ഡിസംബര്‍ 31നായിരുന്നു ഇത്, മേലുദ്യോഗസ്ഥനെ അറിയിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. പിന്നീട് ജനുവരി 9-ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പോലും 'ചൈനയില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ലെന്നായിരുന്നു ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ വൈറസിനെ കുറിച്ച് സംസാരിച്ചിരുന്ന ഡോക്ടര്‍മാരും ഗവേഷകരുമെല്ലാം പിന്നീട് നിശബ്ദരാക്കപ്പെട്ടു. വുഹാനില്‍ വൈറസ് പടര്‍ന്ന് പിടിച്ചപ്പോഴും, കൂടുതല്‍ വിവരങ്ങള്‍ ചോദിക്കരുതെന്ന നിര്‍ദേശമായിരുന്നു ലഭിച്ചത്.

സമയത്ത് വേണ്ട ചികിത്സ കിട്ടാത്തത് മുലം നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്. ഡോക്ടര്‍മാരെല്ലാം ഭയന്നിരുന്നു, പക്ഷെ അവര്‍ക്ക് അതിനെ കുറിച്ച് സംസാരിക്കാന്‍ പേടിയായിരുന്നു. ജനുവരി 16ന് വീണ്ടും മേലുദ്യോഗസ്ഥന് തന്റെ പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി, എന്നാല്‍ നിശബ്ദയായിരിക്കൂ, സൂക്ഷിക്കണം എന്ന മറുപടിയാണ് ലഭിച്ചതെന്നും ലീ അഭിമുഖത്തില്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലാബിലെ കോ-ഡയറക്ടര്‍ മാലിക് പെയ്‌റിസിന് ഇക്കാര്യം അറിയാമായിരുന്നുവെന്നും ഡോ. ലീ അവകാശപ്പെടുന്നു. ലോകാരോഗ്യസംഘടനയും ചൈനീസ് സര്‍ക്കാരും ചേര്‍ന്ന് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ലീ ആരോപിച്ചു.

അതേസമയം ലീ മെയ് യാന്റെ ആരോപണങ്ങള്‍ തള്ളി ചൈനയും ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ലീ മെങ് യാന്‍ ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ജീവനക്കാരിയല്ലെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. മാലിക് പെയ്‌റിസിന് തങ്ങളുമായി ബന്ധമില്ലെന്ന് ഡബ്ല്യുഎച്ച്ഒ പ്രതിനിധിയും അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in