‘അനാസ്ഥയുടെ അങ്ങേയറ്റം’; കൊറോണ വൈറസില്‍ ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചത് ഇങ്ങനെ   

‘അനാസ്ഥയുടെ അങ്ങേയറ്റം’; കൊറോണ വൈറസില്‍ ചൈന ലോകത്തെ തെറ്റിദ്ധരിപ്പിച്ചത് ഇങ്ങനെ   

Published on

ലോകം മുഴുവന്‍ കൊറേണ വൈറസ് ഭീതിയില്‍ നിശ്ചലമായിരിക്കുകയാണ്. ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട നോവല്‍ കൊറോണ വൈറസ് 150ല്‍ അധികം രാജ്യങ്ങളെ ബാധിച്ചു. ആകെ മരണസംഖ്യ 24,000 കടന്നു. ചൈന തുടക്കത്തിലെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ആഘാതം കുറയ്ക്കാനാകുമായിരുന്നു എന്നാണ് വിലയിരുത്തല്‍. ഇങ്ങനെ ചെയ്യാതിരുന്നതാണ് കാര്യങ്ങള്‍ ഇത്രത്തോളം കൈവിട്ട് പോകാന്‍ കാരണമെന്ന് അമേരിക്കന്‍ മാസികയായ 'നാഷണല്‍ റിവ്യൂ' റിപ്പോര്‍ട്ട് ചെയ്യുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചൈനയിലെ വുഹാനില്‍ സ്ഥിതിചെയ്യുന്ന മത്സ്യ-മാംസ മാര്‍ക്കറ്റിലെ മൃഗങ്ങളില്‍ നിന്നാണ് കൊവിഡ് മനുഷ്യരില്‍ എത്തിയതെന്നാണ് നിഗമനം. ഡിസംബര്‍ ഒന്നിനാണ് വുഹാനില്‍ ആദ്യമായി ഒരാളില്‍ ലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. അഞ്ച് ദിവസത്തിന് ശേഷം മാര്‍ക്കറ്റുമായി യാതൊരുതരത്തിലും ബന്ധമില്ലാതിരുന്ന ഇയാളുടെ ഭാര്യയെയും ന്യുമോണിയ ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഇത്തരത്തില്‍ നിരവധി കേസുകള്‍ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡിസംബര്‍ 25ന് വുഹാനിലെ രണ്ട് ആശുപത്രികളിലെ മെഡിക്കല്‍ ജീവനക്കാര്‍ക്ക് വൈറല്‍ ന്യുമോണിയ കണ്ടെത്തി, ഇവരെ ക്വാറന്റീന്‍ ചെയ്തു.

ഡിസംബര്‍ അവസാനത്തോട് കൂടി റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ ഭൂരിഭാഗം പേരും വുഹാനിലെ മാര്‍ക്കറ്റുമായി ബന്ധമില്ലാത്തവരായിരുന്നു. ഇതിനിടെയാണ് രാജ്യത്ത് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത സാര്‍സിന് സമാനമായ പകര്‍ച്ചവ്യാധിയുടെ തുടക്കമാണിതെന്ന് ഡോ ലീ വെന്‍ലിയാങ് മറ്റ് ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. രോഗമുള്ളവരുമായി ഇടപെടുമ്പോള്‍ ജാഗ്രത വേണമെന്നും ലീ പറഞ്ഞിരുന്നു. എന്നാല്‍ ഡിസംബര്‍ 31ന് വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു, 'മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്ന രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും രോഗം ബാധിച്ചിട്ടില്ല.'

ജനുവരി ആദ്യവാരം തെറ്റിദ്ധാരണകള്‍ പരത്തുന്നുവെന്ന് ആരോപിച്ച് ഡോക്ടര്‍ ലീക്ക് വുഹാന്‍ പബ്ലിക് സെക്യൂരിറ്റി ബ്യൂറോ സമന്‍സ് അയച്ചു. ഇതിന് പിന്നാലെ ഡോ ലീക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്ന് സത്യവാങ്മൂലം നല്‍കേണ്ടിയും വന്നു. ഹൂബെ ഹെല്‍ത്ത് കമ്മീഷന്‍, വുഹാനില്‍ നിന്നുള്ള സാംപിളുകളുടെ പരിശോധന നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് 3 മാസത്തിന് ശേഷമാണ് ചൈന ലോകാരോഗ്യ സംഘടനയെ സമീപിക്കുന്നത്.

ന്യുമോണിയക്ക് സമാനമായ അസുഖങ്ങളുമായി വുഹാനില്‍ 59 പേര്‍ ചികിത്സ തേടിയതായുള്ള വാര്‍ത്ത ജനുവരി ആറിന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേദിവസമാണ് ചൈനീസ് ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ സെന്റര്‍ വുഹാനിലേക്ക് യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ജനുവരി 8ന് ചൈനീസ് അധികൃതര്‍ വൈറസ് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ചെങ്കിലും മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിന് തെളിവില്ലെന്നാണ് വ്യക്തമാക്കിയത്.

ജനുവരി 12ന് ഡോക്ടര്‍ ലീയെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 13ന്‍ ചൈനയ്ക്ക് പുറത്ത് ആദ്യമായി വൈറസ് റിപ്പോര്‍ട്ട് ചെയ്തു. തായ്‌ലന്റില്‍ 61കാരിയിലായിരുന്നു രോഗം കണ്ടെത്തിയത്. ഇവര്‍ വുഹാന്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും രോഗത്തിന്റെ പ്രഭവകേന്ദ്രമായ മാര്‍ക്കറ്റ് സന്ദര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായി. ചൈനീസ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണെന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന ജനുവരി 14ന് പറഞ്ഞത്.

ജനുവരി 15ന് ജപ്പാനില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. വുഹാനിലെ മാര്‍ക്കറ്റ് ഇവര്‍ സഞ്ചരിച്ചിരുന്നില്ലെന്ന് ജാപ്പനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അപ്പോള്‍ മാത്രമാണ് രോഗം മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍ പ്രസ്താവന ഇറക്കിയത്. വൈറസ് നിയന്ത്രണ വിധേയമാണെന്നായിരുന്നു ജനുവരി 19ന് ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷന്‍ പ്രഖ്യാപിച്ചത്.

ഒരു ദിവസത്തിന് ശേഷം ജനുവരി 20ന്, ഗുവാങ്ഡോങ് പ്രവിശ്യയില്‍ രണ്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പകരുന്നതാണെന്ന് കമ്മിഷന്‍ സമ്മതിച്ചു. 21ന് അമേരിക്കയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍നിന്ന് ആറു ദിവസം മുമ്പ് എത്തിയയാള്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.

ജനുവരി 22ന് ഡബ്ല്യുഎച്ച്ഒ സംഘം വുഹാന്‍ സന്ദര്‍ശിച്ചു, വൈറസ് മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുന്നതാണെന്ന് സംഘം ഉറപ്പിക്കുകയായിരുന്നു. അപ്പോഴേക്കും ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്ത് രണ്ടു മാസമായിരുന്നു. വുഹാനില്‍ ക്വാറന്റീന്‍ നടപടികള്‍ ആരംഭിച്ചു. പക്ഷ ഇതിനകം നിരവധി ചൈനീസ് പൗരന്മാര്‍ രോഗവാഹകരായി ലോകമെമ്പാടും എത്തിക്കഴിഞ്ഞിരുന്നുവെന്ന് 'നാഷണല്‍ റിവ്യൂ' റിപ്പോര്‍ട്ട് പറയുന്നു.

logo
The Cue
www.thecue.in