ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല, ഹോട്ടലുകളില്‍ പാഴ്‌സല്‍ മാത്രം; ഇളവുകള്‍ തിരുത്തി കേരളം
ലോക്ക്ഡൗണ്‍ ഇളവുകള്‍ തിരുത്തി കേരളം. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുമുള്ള അനുമതി പിന്‍വലിച്ചു. സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം രംഗത്ത് വന്നതോടെയാണ് തീരുമാനം. സംസ്ഥാനത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കത്തിലൂടെ ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കേന്ദ്രനിര്‍ദേശം വരുന്നത് വരെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന ഉത്തരവും പിന്‍വലിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണി വരെയായി പുനക്രമീകരിച്ചിട്ടുണ്ട്. ബൈക്കില്‍ രണ്ടു പേരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. കുടുംബാംഗമാണെങ്കില്‍ ബൈക്കില്‍ പിന്നിലിരുന്ന് യാത്ര ചെയ്യാന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ക്കെതിരെ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര സെക്രട്ടറി കത്തയച്ചിരുന്നു. കേന്ദ്രത്തിന്റെ ലോക്ക് ഡൗണ്‍ ഇളവുകളില്‍ കേരളം വെള്ളം ചേര്‍ത്തുവെന്നും കത്തില്‍ ആരോപിച്ചിരുന്നു. വര്‍ക്ക്‌ഷോപ്പ്, ബാര്‍ബര്‍ ഷോപ്പ്, റസ്റ്റോറന്റ്, ബുക്ക്‌സ്‌റ്റോള്‍ എന്നിവ തുറക്കാന്‍ അനുമതി നല്‍കിയതും കാര്‍, ബൈക്ക് യാത്രകളില്‍ കൂടുതല്‍ പേരെ അനുവദിച്ചതും നഗരങ്ങളില്‍ ചെറുകിടവ്യവസാങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതും ചട്ടവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം കത്തില്‍ പറഞ്ഞിരുന്നു. വര്‍ക്ക് ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.