ലോക്ക്ഡൗണിന്റെ മൂന്നാംഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഇളവുകളില്‍ ഒന്നായിരുന്നു മദ്യശാലകള്‍ തുറക്കാം എന്നുള്ളത്. പല സംസ്ഥാനങ്ങളും ഈ തീരുമാനം അനുസരിച്ച് മദ്യശാലകള്‍ തുറക്കുകയും ചെയ്തു. മദ്യഷോപ്പുകള്‍ക്ക് മുന്നിലെ നീണ്ട ക്യൂവും, തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് കഷ്ടപ്പെടുന്നതിന്റെ വാര്‍ത്തയുമെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ആന്ധ്രാപ്രദേശ് സ്വീകരിച്ച വിചിത്ര തീരുമാനവും വാര്‍ത്തയായിരിക്കുന്നത്. വിശാഖപട്ടണത്ത് മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ അധ്യാപകരെയാണ് ആന്ധ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
മദ്യം വാങ്ങാനെത്തുന്നവരെ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ക്യൂ നിര്‍ത്താനും, സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പൊലീസുകാര്‍ക്കൊപ്പം അധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലയിലെ 311 മദ്യഷോപ്പുകളില്‍ 272 എണ്ണവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ടോക്കണ്‍ നല്‍കുകയാണ് അധ്യാപകരുടെ ഉത്തരവാദിത്തമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് അധ്യാപകരെ വീതമാണ് ഓരോ ഷോപ്പുകളിലും വിന്യസിച്ചിരിക്കുന്നത്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വഴിയാണ് തങ്ങള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതെന്നാണ് അധ്യാപകര്‍ പറയുന്നത്. ഡിഇഒ വിളിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പറയുകയായിരുന്നു, അവിടുന്നാണ് തിരക്ക് നിയന്ത്രിക്കാന്‍ മദ്യ ഷോപ്പുകളിലേക്ക് പോകാന്‍ നിര്‍ദേശം ലഭിച്ചതെന്നും അധ്യാപകര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ എവിടെയും സേവനം ചെയ്യാന്‍ തങ്ങള്‍ സന്നദ്ധരാണെന്നും, എന്നാല്‍ മദ്യശാലകളില്‍ ജോലി ചെയ്യുന്നതിന് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും അധ്യാപകര്‍ പറഞ്ഞു.
ഇതിനിടെ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ മദ്യത്തിന് 75 ശതമാനം വില വര്‍ധിപ്പിച്ചിട്ടുണ്ട്. മദ്യം വാങ്ങുന്നത് നിരുത്സാഹപ്പെടുത്തുന്നതിനാണ് വിലകൂട്ടിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.