സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്19 രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ നാല് പേര്‍ക്കും കോഴിക്കോട് രണ്ട്‌പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 27 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 147 പേരാണ് ചികിത്സയിലുള്ളത്. ആശുപത്രിയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. കൊവിഡ് രോഗം മാറിയ ഏഴ് വിദേശ പൗരന്‍മാരെ സ്വദേശത്തേക്ക് മടക്കി അയച്ചു. അവര്‍ കേരളത്തിന് നന്ദി അറിയിച്ചു. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലിരിക്കെ വൈറസ് ബാധയേറ്റ രണ്ട് പേര്‍ രോഗമുക്തി നേടി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങള്‍ അംഗീകരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഈ മാസം 20 മുതല്‍ ചില ഇളവുകള്‍ അനുവദിക്കും. സംസ്ഥാനവും ജില്ലയും വിട്ടുള്ള യാത്ര ചെയ്യാന്‍ പറ്റില്ല.കൂടുതല്‍ കേസുകളുള്ള നാല് ജില്ലകളെ പ്രത്യേക മേഖലയാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഈ ജില്ലകളില്‍ ലോക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്. കോഴിക്കോടിനെ റെഡ് സ്‌പോര്‍ട്ടിലേക്ക് മാറ്റാന്‍ പ്രയാസമില്ലെന്നും മറ്റ് ജില്ലകളെ ഒഴിവാക്കാന്‍ കേന്ദ്രത്തിന്റെ അനുമതി വേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ ജില്ലകളിലെ തീവ്ര രോഗ ബാധയുള്ള വില്ലേജുകളുടെ അതിര്‍ത്തി അടയ്ക്കും. ഈ മേഖലകളില്‍ പ്രത്യേകമായി ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ എത്തിക്കും.