സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അല്ല, അരൂരില്‍ കണക്കിന്റെ ആനുകൂല്യത്തില്‍ അദ്ഭുതത്തിന് കോണ്‍ഗ്രസ്
അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവം. ആലപ്പുഴയില്‍ നിന്ന് എ.എം ആരിഫ് എം.എല്‍.എ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ 10474 വോട്ടുകള്‍ക്കാണ് ആരിഫ് പരാജയപ്പെടുത്തിയത്. ആരിഫ് 4,45,970 വോട്ടും ഷാനിമോള്‍ 4,35,496 വോട്ടും നേടി. ആകെയുള്ള 20 ല്‍ ആലപ്പുഴയില്‍ മാത്രമാണ് യുഡിഎഫിന് അടിതെറ്റിയത്. ഇടതിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വരുമ്പോള്‍ കണക്കിലെ കളികളില്‍ യുഡിഎഫിന് പ്രതീക്ഷയേറെയാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 38750 വോട്ടിന്റെ തകര്‍പ്പന്‍ ഭൂരിപക്ഷത്തിലാണ് എ.എം ആരിഫ് ഇവിടെ നിന്ന് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിആര്‍ ജയപ്രകാശിനെയാണ് തറപറ്റിച്ചത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആരിഫിനേക്കാള്‍ 648 വോട്ടിന് ഷാനിമോള്‍ ലീഡ് ചെയ്തു.
തോമസ് ഐസകിന്റെ ആലപ്പുഴയില്‍ 69 വോട്ടിനും ജി സുധാകരന്റെ അമ്പലപ്പുഴയില്‍ 638 വോട്ടിനും ഷാനിമോള്‍ മേല്‍ക്കൈ നേടിയിരുന്നു. ഇടതുമുന്നണിക്ക് 2016 ല്‍ മികച്ച ഭൂരിപക്ഷം സമ്മാനിച്ച മന്ത്രി മണ്ഡലങ്ങളിലായിരുന്നു ഈ കുതിപ്പ്. അനുകൂല രാഷ്ട്രീയ കാലാവസ്ഥയ്‌ക്കൊപ്പം ഷാനിമോളിന്റെ വ്യക്തിപ്രഭാവവുമാണ് ഇതിനാധാരമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് ഒഴികെ മറ്റെല്ലായിടത്തും ഇടത് തരംഗമായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയിലും കായംകുളത്തും മാത്രമാണ് ഇടതിന് ലീഡ്. ഇത്തരം അനുകൂല ഘടകങ്ങള്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം സമ്മാനിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.
അരൂര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം 2016
എ എം ആരിഫ് - 84720
സിആര്‍ ജയപ്രകാശ് - 46201
അനിയപ്പന്‍ (ബിഡിജെഎസ്) - 27753
സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ എത്തുമെന്നാണ് സൂചന. തീരദേശമേഖലയിലെ പ്രവര്‍ത്തനപാരമ്പര്യം ചിത്തരഞ്ജന് കരുത്താണ്. മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ - സിഐടിയു വിന്റെ സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ ഈ രംഗത്ത് സജീവ പ്രവര്‍ത്തന പരിചയമുണ്ട്. സ്ഥാനാര്‍ത്ഥിയായെത്തുകയാണെങ്കില്‍ എസ് എന്‍ ഡി പി യുടെ പിന്‍തുണ ലഭിക്കാനുള്ള സാധ്യതയുമേറെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പിന്‍തുണയിലാണ് എ എം ആരിഫ് വിജയിച്ചതെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അവകാശപ്പെട്ടതും ചേര്‍ത്തുവായിക്കേണ്ടതാണ്. മണ്ഡലം നിലനിര്‍ത്തുകയെന്നത് സിപിഎമ്മിന് അഭിമാനപ്രശ്‌നമാണ്. സര്‍വ്വസന്നാഹങ്ങളും പയറ്റാന്‍ പാര്‍ട്ടി ശ്രമമുണ്ടാകും. കൂടാതെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം സിപിഎമ്മിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ലതാനും. ലോക്‌സഭയിലേക്കുള്ള യുഡിഎഫ് മുന്നേറ്റം താല്‍ക്കാലിക പ്രതിഭാസമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
ലോക്‌സഭയിലേക്ക് മത്സരിച്ച് ഇരുമുന്നണികളെയും ഞെട്ടിച്ച കെ എസ് രാധാകൃഷ്ണനെ തന്നെ ബിജെപി അരൂരില്‍ ഇറക്കും. ഇരുമുന്നണികളില്‍ നിന്നും കെ എസ് രാധാകൃഷ്ണന് വോട്ട് ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നു. യുഡിഎഫ് അനുകൂല വോട്ടുകളില്‍ വലിയ വിഭാഗം ബിജെപി സ്ഥാനാര്‍ത്ഥി കെ എസ് രാധാകൃഷ്ണന്‍ സമാഹരിച്ചത് ഷാനിമോള്‍ക്ക് തിരിച്ചടിയായെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുമുണ്ട്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന എ വി താമരാക്ഷന്‍ 43051 വോട്ടുകളാണ് നേടിയത്. എന്നാല്‍ കെ എസ് രാധാകൃഷ്ണന്‍ ഇക്കുറി ബിജെപി വോട്ട് 1,87729 ആയി ഉയര്‍ത്തി. തീരദേശ മേഖലയില്‍ രാധാകൃഷ്ണന്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്.
സമുദായ പിന്‍തുണയും ശബരിമല പ്രക്ഷോഭത്തിന്റെ മുന്‍നിര സാന്നിധ്യമായിരുന്നുവെന്നതും കെ എസ് രാധാകൃഷ്ണന് അനുകൂലമായി. ഇടത് വലതുമുന്നണികളില്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ വന്നതോടെ ബിജെപിക്ക് അനുകൂലമായി വലിയ വിഭാഗം ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടായതാണ് ഷാനിമോളുടെ പരാജയത്തിന് കാരണമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. മണ്ഡലത്തില്‍ ബിജെപിക്ക് വലിയ കുതിപ്പുണ്ടാക്കാനാകില്ലെന്നായിരുന്നു യുഡിഎഫ് പ്രതീക്ഷിച്ചത്. 2014 ലെ 43051 വോട്ടെന്നത് കൂടിയാല്‍ അറുപതിനായിരം വരെ മാത്രമേ എത്തുള്ളൂവെന്ന് കോണ്‍ഗ്രസ് കരുതി. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി 1,44678 വോട്ടുകള്‍ നേടിയത് യുഡിഎഫിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വ്യക്തിപ്രഭാവവും തീരമേഖലയുടെ പിന്‍തുണയും ശബരിമല വിഷയത്തിന്റെ അനുകൂലാവസ്ഥയും അരൂരില്‍ കെ എസ് രാധാകൃഷ്ണന് മികച്ച പ്രകടനത്തിന് അവസരമാണെന്നാണ് ബിജെപിയുടെ അവകാശവാദം.