മോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് ഗുണം ചെയ്യില്ലെന്ന് ജയറാം രമേഷിന് പിന്നാലെ സിങ്‌വിയും; ‘ഉജ്വല’യ്ക്ക് വാഴ്ത്തല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് കോണ്‍ഗ്രസിന് ഗുണകരമാകില്ലെന്ന നിലപാടുമായി ജയറാം രമേഷിന് പിന്നാലെ മനു അഭിഷേക് സിങ്‌വിയും. വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തേണ്ടതെന്നും വ്യക്തിയെ കേന്ദ്രീകരിച്ചല്ലെന്നും മുതിര്‍ന്ന നേതാവും അഭിഭാഷകനുമായ അഭിഷേക് സിങ്‌വി പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി ജയറാം രമേഷിന്റെ പ്രസ്താവനയെ പിന്‍തുണച്ച അദ്ദേഹം വിഷയത്തിലെ നിലപാട് ട്വീറ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എപ്പോഴും ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണ്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രമല്ല.
ഏകപക്ഷീയമായ ആക്രമണം അദ്ദേഹത്തിന് ഗുണകരമായേ ഭവിക്കൂ. നടപടികള്‍ നല്ലതോ ചീത്തയോ ആകാം. അതെല്ലാം വിഷയങ്ങളെ അധികരിച്ചാണ് വിലയിരുത്തേണ്ടത്. അല്ലാതെ വ്യക്തിയെ കേന്ദ്രീകരിച്ചല്ലെന്നുമായിരുന്നു അഭിഷേക് സിങ്‌വിയുടെ ട്വീറ്റ്. നല്ല പദ്ധതികളില്‍ ഒന്നാണ് ഉജ്വല സ്‌കീമെന്നും സിങ്‌വി ട്വീറ്റില്‍ പ്രകീര്‍ത്തിക്കുന്നുണ്ട്. കപില്‍ സതീഷ് കോമിറെഡ്ഡിയുടെ ‘മാലിവലന്റ് റിപ്പബ്ലിക്’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെ കഴിഞ്ഞദിവസമാണ് ജയറാം രമേഷ് ഇക്കാര്യം പരാമര്‍ശിച്ചത്. ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. മോദിയുടെ ഭരണമാതൃക പൂര്‍ണമായും തെറ്റല്ല.
അദ്ദേഹത്തിന്റെ നേട്ടങ്ങളെ എപ്പോഴും കുറ്റപ്പെടുത്തുന്നതും ദുഷ്ടനായി ചിത്രീകരിക്കുന്നതും കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. മോദി ഭരണത്തില്‍ സാമൂഹികമായും സാമ്പത്തികമായും തിരിച്ചടിയുണ്ടായെന്ന് പറയുന്നത് പൂര്‍ണമായി ശരിയല്ല, പ്രധാന്‍മന്ത്രി ഉജ്വല യോജനയെ രാഷ്ട്രീയമായി എല്ലാവരും കളിയാക്കിയിരുന്നു. എന്നാല്‍ അത് വിജയകരമായത് കോടിക്കണക്കിന് സ്ത്രീകളെ മോദിക്ക് അനുകൂലമാക്കി. ഇതുമൂലം 2014 നേക്കാള്‍ നേട്ടം മോദിക്കുണ്ടായി. 2014 നും 2019 നും ഇടക്കുള്ള പ്രവര്‍ത്തനങ്ങളാണ് വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തുടര്‍ച്ചയ്ക്ക് വഴിവെച്ചത്. താന്‍ പ്രധാനമന്ത്രിയെ പുകഴ്‌ത്താന്‍ പറയുന്നതല്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭരണത്തിലെ പ്രത്യേകതകള്‍ തിരിച്ചറിയേണ്ടതുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.